അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. 100 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
കോർപറേഷൻ്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെൻ്റ് കമ്പനി (കാഡ്കോ) ആണ്. 2009 ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. ആറ് ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിൻ്റെ മുകൾ ഭാഗത്തുൾപ്പെടെ അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
മൂന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം – പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത – അരയിടത്തുപാലം ബൈപാസിൽ നിന്നു നേരിട്ടു വാഹനങ്ങൾക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്സ് വാഹനങ്ങൾക്ക് കയറാൻ മൂന്ന് റാംപുകൾ ഉണ്ട്. പാളയത്ത് കച്ചവടം നടത്താൻ ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.
നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പറ്റുമെന്ന ചിന്ത-മുഖ്യമന്ത്രി
പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധം നടത്തുന്ന കച്ചവടക്കാരുമായും തൊഴിലാളികളുമായും വീണ്ടും ചർച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയർ പ്രതികരിച്ചു. പാളയം മാർക്കറ്റ് നിന്നും ഇവിടേക്ക് വരുമ്പോൾ പ്രശ്നങ്ങൾ തീരും. എന്തിനാണ് പ്രതിഷേധമെന്ന് അറിയില്ല. നഗരം വികസിക്കണം അതിനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസനലക്ഷ്യങ്ങള്‍ നേടുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവും ഫലപ്രദമായി അത് നടപ്പാക്കിയതിന് ഉദാഹരണമാണ് കോഴിക്കോട് കോര്‍പറേഷന്‍ ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വികസനം നടപ്പാക്കുന്നത് ആരെയും കുടിയൊഴിപ്പിച്ചുകൊണ്ടല്ല, മറിച്ച് ഏവരെയും പുരനധിവസിപ്പിച്ചുകൊണ്ടാണ് എന്ന സര്‍ക്കാര്‍ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നതുകൂടിയാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ പങ്കാളിത്തം നടപ്പാക്കുന്നത്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ പങ്കാളിത്തത്തിലേക്ക് എത്തുന്നത്. ന്യു പാളയം മാര്‍ക്കറ്റിൻ്റെ കാര്യത്തില്‍ സ്ഥലം കോര്‍പറേഷന്‍ നല്‍കുകയും നിര്‍മാണത്തിനാവശ്യമായ തുക സ്വകാര്യ പങ്കാളിത്തത്തിലൂടെ സമാഹരിക്കുകയുമാണുണ്ടായത്. ന്യായമായ രീതിയല്‍ പണം സമ്പാദിച്ചവര്‍ പൊതുതാത്പര്യത്തിനായി ചെലവിടുന്നതും അതിലേക്കായി നിക്ഷേപിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, സമൂഹത്തിൻ്റെ നാനാ തുറയിലുള്ളവര്‍ക്കാണ് അതിൻ്റെറെ ഗുണം അനുഭവിക്കാനാകുന്നത്.
അതേസമയം പ്രതിഷേധങ്ങൾക്കെതിരെ മുഖ്യമന്ത്രിയും രംഗത്ത് വന്നു. നല്ല കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പറ്റുമെന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ചിലർ മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല കാര്യത്തിന് എല്ലാവരും ഒരുമിക്കുകയാണ് വേണ്ടത്. എന്നാൽ ഞങ്ങളില്ലെന്ന് ഒരു കൂട്ടർ ആദ്യമേ പറയുകയാണ്. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസിലായി. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? മത്സരം തെരഞ്ഞെടുപ്പിൽ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നു.
കോൺഗ്രസ് -ലീഗ് അംഗങ്ങൾ ആരുമില്ല. സ്ഥലം എംപിയും പരിപാടിയിൽ ഇല്ല. എല്ലാകാര്യത്തെയും എതിർക്കുന്നത് ആണോ പ്രതിപക്ഷം?. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണം. കണ്‍മുന്നിലുള്ള നേട്ടങ്ങൾ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മാര്‍ക്കറ്റിലെ തൊഴിലാളികള്‍, കടയുടമകള്‍, മാര്‍ക്കറ്റ് സംവിധാനത്തിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍, ചരക്കുവാഹനങ്ങള്‍, അവിടെ എത്തുന്ന ജനങ്ങള്‍ ഇവരെല്ലാം ഗുണഭോക്താക്കളാണ്. കൈയ്യിലുള്ള പണം സമൂഹത്തിന്റെ നന്മയ്ക്കും നാടിൻ്റെ വികസനത്തിനും സാമൂഹിക മാറ്റത്തിനുമായി വിനിയോഗിക്കുന്നത് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ക്കറ്റ് നിലകൊള്ളുന്ന സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങള്‍ ആരും കുടിയില്ലാത്തവരായി മാറിയിട്ടില്ല. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി അവരെയെല്ലാം ഫ്‌ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാനായി എന്നത് തികച്ചും മാതൃകാപരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ തീര്‍ത്ത മാതൃക മറ്റ് സ്ഥാപങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും
അതേസമയം, പാളയം മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടിന്റെ പൈതൃകമായ മാർക്കറ്റ് മാറ്റാൻ അനുവദിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കരിദിനം ആചരിച്ചുള്ള പ്രതിഷേധമാണ് നടത്തിയത്. പാളയം മാർക്കറ്റ് കല്ലുംത്താം കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് വ്യാപാരിവ്യവസായി സമിതിയുടെ പ്രകടനം കടന്നുപോയിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായത്. യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുംത്താംകടവിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഒരു കാരണവശാലും അങ്ങോട്ട് പോകുന്ന പ്രശ്നമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അത് കോർപ്പറേഷൻ കെട്ടിടമല്ല. കുത്തക ഭീമന് 35 വർഷത്തെ കാലാവധിക്കാണ് കൊടുത്തിരിക്കുന്നത്. വാടകയും കച്ചവടക്കാരേയും നിശ്ചയിക്കുന്നത് കുത്തക ഭീമന്മാരണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.