തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടുതൽ പഞ്ചായത്തുകളിൽ മത്സരിക്കാനൊരുങ്ങി ട്വൻ്റി20. നിലവിൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉൾപ്പടെ നാല് ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്ന ട്വൻ്റി20 പാർട്ടിയാണ് 64 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇത്തവണ മത്സരിക്കാനൊരുങ്ങുന്നത്.
ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കുമെന്നും 1600 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകുമെന്നും ട്വൻ്റി20 പ്രസിഡൻ്റ് സാബു എം ജേക്കബ് അറിയിച്ചു. ‘ഇന്‍ഡി’ മുന്നണിക്കെതിരെയാണ് വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
“മുഖ്യമന്ത്രി സമ്പൂര്‍ണ പരാജയം”
പാര്‍ട്ടിയുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സാബു ജേക്കബ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമായണന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്‌തത്.
ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണിപ്പോള്‍ കേരളത്തിലുള്ളത്. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വൻ്റി20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്. അഴിമതി ഇല്ലാതെ ഭരിച്ചാല്‍ ഓരോ പഞ്ചായത്തിലും ഒരു വര്‍ഷം രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ മിച്ചം വരും.
കിഴക്കമ്പലത്ത് പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ഭരിച്ചുകഴിഞ്ഞപ്പോള്‍ 50 കോടി രൂപ പഞ്ചായത്തുകളില്‍ മിച്ചം വന്നിട്ടുണ്ടന്നും സാബു എം ജേക്കബ് പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വൻ്റി20 വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അധികാരത്തില്‍ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറിലും പ്രവര്‍ത്തിക്കുന്ന സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.
സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കല്‍ സ്‌റ്റോറിൻ്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വൻ്റി20യെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികളിലെ 22 പാര്‍ട്ടികളുടെ കൂട്ടായ്‌മയായ ഇന്‍ഡി മുന്നണി പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
വരു മാസങ്ങളിൽ തെരഞ്ഞെടുപ്പ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കാനാണ് സാധ്യതയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാന്‍റെ ഓഫിസ് അറിയിച്ചു. വോട്ടര്‍ പട്ടിക ഒരുവട്ടം കൂടി പുതുക്കാൻ അവസരമുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതി ഈ മാസം 14 ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.