Wednesday, October 22, 2025
Wednesday, October 22, 2025
Homeviewsരസതന്ത്ര നൊബേൽ മൂന്ന് പേർക്ക്: നേട്ടത്തിന് കാരണം പുതിയ തരം തന്മാത്ര ഘടന

രസതന്ത്ര നൊബേൽ മൂന്ന് പേർക്ക്: നേട്ടത്തിന് കാരണം പുതിയ തരം തന്മാത്ര ഘടന

Published on

2025ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് ശാസ്‌ത്രജ്ഞർക്കാണ് ഇത്തവണ നൊബേൽ ലഭിച്ചത്. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, ഒമർ എം യാഗി എന്നീ ശാസ്‌ത്രജ്ഞരാണ് പുരസ്‌കാരത്തിന് അർഹരായത്. മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് അംഗീകാരം.
ഇവരുടെ കണ്ടെത്തൽ മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനും, കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുന്നതിനും, വിഷവാതകങ്ങൾ സംഭരിക്കുന്നതിനും അല്ലെങ്കിൽ രാസപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉപയോഗിക്കാം.
2025 രസതന്ത്ര നൊബേൽ ജേതാക്കളെ പരിചയപ്പെടാം:
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്‌സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം. യാഗി.

കണ്ടെത്തൽ:
പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് മൂന്ന് ശാസ്‌ത്രജ്ഞർ പുരസ്‌കാരത്തിന് അർഹരായത്. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്‌ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്ര ഘടന ഉണ്ടാക്കിയത്. ലോഹ അയോണുകളും തന്മാത്രകളും ഒരുമിച്ച് ക്രമീകരിച്ചിരിക്കുന്നത് ഇടയിൽ സുഷിരങ്ങളുള്ള ക്രിസ്റ്റൽ രൂപപ്പെടുന്നതിനാണ്. ഈ സുഷിരങ്ങളുള്ള വസ്‌തുക്കളെയാണ് ലോഹ-ജൈവ ചട്ടക്കൂടുകൾ അഥവാ മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകൾ(MOF) എന്ന് വിളിക്കുന്നത്.
ഇവയിൽ ഉപയോഗിക്കുന്ന നിർമ്മാണ ബ്ലോക്കുകൾ വ്യത്യാസപ്പെടുത്തുന്നതിലൂടെ, സുഷിരങ്ങളിൽ പ്രത്യേക പദാർത്ഥങ്ങൾ സംഭരിക്കാനാവും. ഇങ്ങനെ മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം ശേഖരിക്കാനും കഴിയും. കൂടാതെ ഇതിന് രാസപ്രവർത്തനങ്ങൾ നടത്താനോ വൈദ്യുതി കടത്തിവിടാനോ കഴിയും.
മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകൾക്ക് വലിയ സാധ്യതകളാണുള്ളതായി നോബൽ കമ്മിറ്റിയുടെ ചെയർമാനായ ഹൈനർ ലിങ്ക് പറഞ്ഞു. ഇതിന്‍റെ പഠനം ആരംഭിക്കുന്നത് 1989ൽ റിച്ചാർഡ് റോബ്‌സൺ ആറ്റങ്ങളുടെ അന്തർലീനമായ ഗുണങ്ങളെ പുതിയ രീതിയിൽ ഉപയോഗിക്കുന്നത് പരീക്ഷിച്ചപ്പോഴാണ്.
അദ്ദേഹം പോസിറ്റീവ് ചാർജുള്ള ചെമ്പ് അയോണുകളെ നാല് കൈകളുള്ള (four armed) ഒരു തന്മാത്രയുമായി സംയോജിപ്പിച്ചു. ഓരോ കൈയുടെയും അറ്റത്ത് ചെമ്പ് അയോണുകളിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു രാസഗ്രൂപ്പ് ഇതിന് ഉണ്ടായിരുന്നു. ഇവ സംയോജിച്ചപ്പോൾ വിശാലവുമായ ഒരു ക്രിസ്റ്റലാണ് രൂപപ്പെട്ടത്. നിറയെ ദ്വാരങ്ങളുള്ള വജ്രം പോലെയാണ് ഇത് കാണപ്പെട്ടത്.
അപ്പോൾ തന്നെ തന്‍റെ തന്മാത്രാ നിർമ്മാണത്തിന്‍റെ സാധ്യതകൾ തിരിച്ചറിയാൻ റോബ്‌സണിന് കഴിഞ്ഞെങ്കിലും ഇത് മുന്നോട്ട് കൊണ്ടുപോകാനായില്ല. കാരണം ക്രിസ്റ്റൽ അസ്ഥിരവും എളുപ്പത്തിൽ തകരുന്നതും ആയിരുന്നു. പിന്നീട് സുസുമു കിറ്റഗാവയും ഒമർ യാഗിയും ആണ് ഈ നിർമാണ രീതിയിൽ മാറ്റങ്ങൾ വരുത്തിയത്.
1992 നും 2003 നും ഇടയിൽ ഇവർ വിവിധ കണ്ടെത്തലുകൾ നടത്തി. നിർമിച്ച ക്രിസ്റ്റലിന് അകത്തേക്കും പുറത്തേക്കും ഒഴുകാൻ വാതകങ്ങൾക്ക് കഴിയുമെന്ന് കിറ്റഗാവ കണ്ടെത്തി. കൂടാതെ മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകൾ വഴക്കമുള്ളതാണെന്ന് തിരിച്ചറിഞ്ഞു.
പിന്നാലെ യാഗി സ്ഥിരതയുള്ള ഒരു മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്ക് സൃഷ്‌ടിക്കുകയും, പുതിയ ഡിസൈൻ ഉപയോഗിച്ച് രൂപകൽപ്പനയിൽ മാറ്റം വരുത്താൻ കഴിയുമെന്നും കാണിക്കുകയും ചെയ്‌തു. ഇത് മുമ്പത്തേക്കാളും ഗുണമുള്ളതായിരുന്നു. മൂന്ന് ശാസ്‌ത്രജ്ഞരുടെയും കണ്ടുപിടുത്തങ്ങൾക്ക് പിന്നാലെ രസതന്ത്രജ്ഞർ പതിനായിരക്കണക്കിന് വ്യത്യസ്‌ത മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകൾ നിർമ്മിച്ചു. ഇവയിൽ ചിലത് മനുഷ്യരാശിയുടെ ഏറ്റവും വലിയ ചില വെല്ലുവിളികൾ പരിഹരിക്കുന്നതിന് വരെ സഹായിച്ചേക്കാം. ഇതിന് ചില ഉദാഹരണങ്ങൾ ചുവടെ നൽകുന്നു.

മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം ശേഖരിക്കുക.
കാർബൺ ഡൈ ഓക്സൈഡിനെ പിടിച്ചെടുക്കുക
മരുന്ന്, ആശുപത്രി അവശിഷ്‌ട്ടങ്ങൾ, രാസവസ്‌തുക്കൾ എന്നിവയെ അന്തരീക്ഷത്തിൽ തന്നെ കിടന്ന് മലിനീകരണമുണ്ടാക്കുന്നത് തടയാൻ വിഘടിപ്പിക്കാൻ മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്ക് സഹായിക്കും.
വെള്ളത്തിലുണ്ടായേക്കാവുന്ന മനുഷ്യ നിർമിത രാസവസ്‌തുക്കളെ (PFAS) വേർതിരിക്കുക.

2024ലെ രസതന്ത്ര നൊബേൽ ജേതാക്കൾ:
കഴിഞ്ഞ വർഷം ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ, ഡേവിഡ് ബേക്കർ എന്നിവരായിരുന്നു രസതന്ത്ര നൊബേൽ പുരസ്‌കാര ജേതാക്കൾ. ജീവന്‍റെ നിർമാണ ഘടകങ്ങളായ പ്രോട്ടീനുകളെക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഇവർ പുരസ്‌കാരത്തിന് അർഹരായത്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് റോയൽ സ്വീഡിഷ് അക്കാദമി പ്രഖ്യാപനം നടത്തിയത്. ഈ മാസം 13ഓടെ എല്ലാ മേഖകളിലെയും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മൂന്ന് വിജയികളും 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (£872,000- ഏകദേശം 10.39 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിടും.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....