ലൈംഗിക വിദ്യാഭ്യാസ വിഷയത്തിൽ ശ്രദ്ധേയ വിധിയുമായി സുപ്രീംകോടതി. ചെറുപ്പം മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും ഒൻപതാം ക്ലാസ് മുതലുള്ള കുട്ടികളിലായി ലൈംഗിക വിദ്യാഭ്യാസം പരിമിതപ്പെടുത്തരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ്‌കുമാർ, അലോക് ആധെ എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്‌ച (ഒക്‌ടോബർ 8) ഉത്തരവിറക്കിയത്.
പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളെക്കുറിച്ച് കൗമാരക്കാരെ ബോധവാന്മാരാക്കണം. അതിന് ലൈംഗിക വിദ്യാഭ്യാസം ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
“ഒൻപതാം ക്ലാസ് മുതലുള്ള കുട്ടികൾക്കല്ല ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത്. ചെറുപ്പം മുതലെ നൽകണമെന്നാണ് കോടതിയുടെ അഭിപ്രായം. പ്രായപൂർത്തിയായതിന് ശേഷം സംഭവിക്കുന്ന മാറ്റങ്ങളും അതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളും കുട്ടികളെ അറിയിക്കണം. ബന്ധപ്പെട്ട അധികാരികൾ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും” കോടതി ഉത്തരവിൽ പറഞ്ഞു.
2025 സെപ്‌റ്റംബറിലെ ഉത്തരവ് പ്രകാരം, കീഴ്‌കോടതി ശിക്ഷ വിധിച്ച കുട്ടിയെ ഉപാധികളോടെ വിട്ടയ്ക്കാൻ സുപ്രീംകോടതി ഉത്തരവ് ഇറക്കിയിരുന്നു. പതിനഞ്ച് വയസുള്ള ആൺകുട്ടിയാണെന്ന വസ്‌തുത കണക്കിലെടുത്താണ് കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം നൽകുന്നുവെന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
“ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കുട്ടിയെ വിട്ടയക്കാൻ കോടതി അനുവദിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ 10ന് അപ്പീൽ നൽകിയ കുട്ടിക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വിചാരണ തീർപ്പാക്കുന്നത് വരെ പ്രാബല്യത്തിൽ തുടരുകയും ചെയ്യുമെന്നും” കോടതി പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 66 (ഐപിസി 376 -ബലാത്സംഗം), 351 (ഐപിസി 506), പോക്സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം) എന്നിവ പ്രകാരമായിരുന്നു കേസ്. കീഴ്‌കോടതി ശിക്ഷ വിധിച്ച കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ ചൂണ്ടിക്കാട്ടി ജുവനൈൽ ജസ്റ്റിസ് ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ജാമ്യത്തിൽ വിടാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പ്രൊജക്‌ട് എക്‌സ്: 2025 ഏപ്രിൽ മുതൽ സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസത്തിൽ നൽകിയ പരിശീലനമാണ് ‘പ്രൊജക്‌ട് എക്‌സ്’. സംസ്ഥാനത്തെ പോക്‌സോ കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു പരിശീലനം. കുട്ടികൾക്കെതിരായ അക്രമങ്ങളെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.