കാത്തിരിപ്പിന് ഒടുവിൽ ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ഋഷഭ് ഷെട്ടി സമ്മാനിച്ചത് പുത്തൻ സിനിമാനുഭവം. മാസ് എന്റർടെയ്ൻമെന്റിന്റെ അവസാനവാക്കാണ് ചിത്രമെന്ന് പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതി. മികച്ച മൗത്ത് പബ്ലിസിറ്റിയും നേടിയ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ വൻ തരംഗം തീർത്തിരിക്കുകയാണ്.
റിലീസ് ചെയ്ത് 11 ദിവസത്തിൽ 600 കോടി ക്ലബ്ബിലും കാന്താര ചാപ്റ്റർ 1 ഇടംപിടിച്ചിരിക്കുകയാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 614.30 കോടിയാണ് പടത്തിന്റെ പതിനൊന്ന് ദിവസത്തെ ആകെ കളക്ഷൻ. ഓവർസീസിൽ നിന്നും 90 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യ നെറ്റ് 438.40 കോടിയും ഗ്രോസ് കളക്ഷൻ 524.30 കോടിയുമാണ്.
കന്നടയ്ക്ക് പുറമെ മറ്റ് ഭാഷകളിലും കാന്താര ചാപ്റ്റർ 1ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കർണാടകയിൽ നിന്നും 171.25 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ശനിയാഴ്ച 16 കോടിയായിരുന്നു ഇവിടെ നിന്നും ചിത്രം നേടിയത്. ആന്ധ്രാപ്രദേശ്- തെലുങ്കാന ഉൾപ്പടെയുള്ളവയിൽ നിന്നും 89.8 കോടി ചിത്രം നേടി. തമിഴ്നാട്ടിൽ നിന്നും 51 കോടി നേടിയപ്പോൾ കേരളത്തിലും മികച്ച കളക്ഷനാണ് കാന്താര 2വിന് ലഭിക്കുന്നത്.
42.75 കോടിയാണ് കേരളത്തിലെ ഇതുവരെയുള്ള കളക്ഷൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കാന്താര കേരളത്തിൽ വിതരണം ചെയ്തത്. 125 കോടി രൂപ മുടക്കി ഹോംബാലെ ഫിലിംസ് ആണ് കാന്താര ചാപ്റ്റർ 1 നിർമിച്ചത്. കർണാടകത്തിൽ നിന്നു തന്നെ നിർമാണ ചെലവ് ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.