വയനാട്ടിലേക്കുള്ള പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാതയുടെ ഫീൽഡ് സർവേ പൂർത്തിയായതോടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിൽ കർമ സമിതിയും നാട്ടുകാരും. കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് സർവേ പൂർത്തിയാക്കിയത്.
ഏറ്റവും അനുയോജ്യമായ പുതിയ അലൈൻമെൻ്റ് പ്രകാരം നേരത്തെയുള്ള പാതകളിലെ ബുദ്ധിമുട്ടുള്ള വളവുകളും കുത്തനെയുള്ള കയറ്റങ്ങളും ഒഴിവാക്കുകയും മൊത്തം ദൂരം കുറയ്ക്കുകയും ചെയ്യും. നിർദിഷ്ട അലൈൻമെൻ്റുകൾ വിശദമായി പരിശോധിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) പ്രതീക്ഷിക്കുന്നുണ്ട്. അന്തിമ വിലയിരുത്തലിനായി രണ്ട് പ്രായോഗിക അലൈൻമെൻ്റുകളുടെ വിവരങ്ങൾ ഉടൻ സമർപ്പിക്കും. ഈ പദ്ധതി പരിസ്ഥിതിക്കോ വന്യജീവികൾക്കോ ഒരു ദോഷവും ഉണ്ടാക്കില്ലെന്ന് പ്രോജക്ടുമായി ബന്ധപ്പെട്ട എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലെ സർവേ നേരത്തെ പൂർത്തിയാക്കിയിരുന്നു. കോഴിക്കോടു നിന്ന് വയനാട്ടിലേക്ക് ചുരമില്ലാതെ എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന പാതയാണിത്.
പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് നിർമാണ ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ഒക്ടോബർ 25നകം പ്രാഥമിക ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഏകോപനത്തിനായി എക്സിക്യൂട്ടീവ് എൻജിനിയർ ഹാഷിം ബി കെയെയും മറ്റു വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു എ ഐഎഎസിനെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനകം തന്നെ ഹാഷിം സ്ഥലം സന്ദർശിച്ച് ഡിപിആറിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
1994-ൽ തറക്കല്ലിട്ട പദ്ധതിയാണിത്. വനഭൂമി ലഭിക്കാത്തതുൾപ്പെടെയുള്ള സാങ്കേതിക തടസങ്ങൾ കാരണം നിർമാണം നിലച്ചിരുന്നു. പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ദീർഘകാലമായി പ്രക്ഷോഭം നടത്തിവരികയാണ്.
സർവേ പൂർത്തിയാക്കിയതോടെ, പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ഈ ബദൽ പാത യാഥാർഥ്യമാകുന്നതിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പാണ് നടന്നിരിക്കുന്നതെന്ന് കർമ്മ സമിതി അംഗം ബോബൻ വെട്ടിക്കൽ പറത്തു.
പൂഴിത്തോട് നിന്ന് തരിയോടേക്കാണ് ആദ്യം ബദൽ പാത ആലോചിച്ചത്. ഇതിന് 27 കിലോമീറ്ററോളം ദൂരം ഉണ്ടായിരുന്നു. എന്നാൽ ബാണാസുര ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തട്ടി വഴി പടിഞ്ഞാറത്തറയിലേക്ക് മാറ്റി. റൂട്ട് മാറ്റിയപ്പോൾ 6 കിലോമീറ്റർ ദൂരം കുറഞ്ഞ് അത് 21 കിലോമീറ്റർ ആയി ചുരുങ്ങി. പുതിയ വഴിയിലെ പാറയിൽ തുരങ്കം കൂടി വന്നാൽ രണ്ട് കിലോമീറ്റർ കൂടി ദൂരം കുറയും.
പൂഴിത്തോട്– പടിഞ്ഞാറത്തറ ബദൽ റോഡിനായി ജനങ്ങളുടെ കാത്തിരിപ്പ് 30 വർഷം പിന്നിട്ടിരിക്കുകയാണ്. 1994 സെപ്റ്റംബർ 23ന് മുൻ മുഖ്യമന്ത്രി കെ കരുണാകരൻ തറക്കല്ലിട്ട അനുബന്ധ റോഡിൻ്റെ 14.285 കിലോമീറ്റർ പൂർത്തീകരിച്ചിരുന്നു. 9.60 കോടി രൂപ ചെലവഴിച്ച് റോഡ് കോഴിക്കോട് ജില്ലയിൽ പൂഴിത്തോട് പനയ്ക്കംകടവ് വരെയും വയനാട് ജില്ലയിൽ കുറ്റിയാംവയൽ വരെയും ടാറിങ് പൂർത്തീകരിച്ചതാണ്. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദൂരവും ചെലവും കുറഞ്ഞ ബദൽ പാതയെന്നതും ഈ റൂട്ടിൻ്റെ പ്രധാന സവിശേഷതയാണ്. ഇനി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിയാണ് നിർണായകം.
