രാവണപ്രഭു എന്ന റീ റിലീസ് തിയേറ്ററുകളിൽ ആഘോഷിക്കുകയാണ്. രഞ്ജിത്ത് ഒരുക്കിയ രാവണപ്രഭു 2001ൽ മോഹൻലാലിൻ്റെ കരിയറിലെ മികച്ച വിജയചിത്രങ്ങളിൽ ഒന്നായി മാറി. ആക്ഷൻ രംഗങ്ങൾക്കൊപ്പം ചിത്രത്തിലെ സംഗീതത്തിനും ആരാധകരേറെയുണ്ട്. അറിയാതെ അറിയാതെ എന്ന് തുടങ്ങുന്ന മെലഡി ഗാനത്തിന് പോലും റീ റിലീസ് വേളയിൽ പ്രേക്ഷകർ തിയേറ്ററുകളിൽ നൃത്തം ചെയ്യുകയാണ്. സുരേഷ് പീറ്റേഴ്സ് ആണ് സംഗീത സംവിധായകൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സുരേഷ് പീറ്റേഴ്സ് പെട്ടെന്ന് ചലച്ചിത്ര മേഖലയിൽനിന്ന് അപ്രത്യക്ഷനായി. ഇപ്പോൾ ജനങ്ങൾ തിരയുന്നത് സുരേഷ് പീറ്റേഴ്സിനെയാണ്.
എ.ആർ. റഹ്മാന്റെയും ശിവമണിയുടെയും ബാല്യകാല സുഹൃത്താണ് സുരേഷ് പീറ്റേഴ്‌സ്. ഇരുവരും ചേർന്ന് നെമെസിസ് അവന്യൂ എന്ന പേരിൽ ഒരു ബാൻഡ് ആരംഭിച്ചു. പിന്നീട്, എ.ആർ. റഹ്മാൻ സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ചപ്പോൾ, സുരേഷ് പീറ്റേഴ്‌സ് “ചിക്കു ബുക്കു”, “ഉർവശി”, “പേട്ട റാപ്പ്”, “ചന്ദ്രലേഖ” തുടങ്ങി നിരവധി ഗാനങ്ങൾ ആലപിച്ചു. പിന്നീട് അദ്ദേഹം മിന്നൽ എന്ന പേരിൽ ഒരു ആൽബം പുറത്തിറക്കി, അത് വൻ വിജയമായി. ഈ ആൽബം കേട്ടതിനുശേഷം മലയാളം ചലച്ചിത്ര സംവിധായകൻ റാഫി മെക്കാർട്ടിൻ അദ്ദേഹത്തെ പഞ്ചാബി ഹൗസ് എന്ന മലയാള സിനിമയിലേക്ക് വിളിച്ചു. പിന്നീട് അദ്ദേഹം കുറച്ച് മലയാള സിനിമകൾക്ക് സംഗീതം നൽകി.

സുരേഷ് പീറ്റേഴ്സ് പറയുന്നു….
ഒരു സംഗീതസംവിധായകൻ എന്നുള്ള രീതിയിൽ മലയാളികളും മലയാളി ചലച്ചിത്രപ്രവർത്തകരും എനിക്ക് തന്ന സ്നേഹം വളരെ വലുതാണ്. മറ്റൊരു ഭാഷയിൽ നിന്നും അത്തരം ഒരു പിന്തുണ എനിക്ക് ലഭിച്ചിട്ടില്ല. സംഗീത സംവിധായകനായി വളരെ തിരക്കുള്ള സമയത്ത് എന്നിലേക്ക് എത്തിച്ചേർന്ന പ്രോജക്ട് ആയിരുന്നു രാവണപ്രഭു. അക്കാലത്ത് മലയാള സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കുക. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആണ് പല സൂപ്പർഹിറ്റ് സിനിമകളുടെയും സംഗീതസംവിധാനം എല്ലാ സംഗീത സംവിധായകരും നിർവഹിക്കുന്നത്.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി രാവണപ്രഭു എന്ന സിനിമയുടെ സംഗീതം ചെയ്യാൻ ധാരാളം സമയമെടുത്തു. രാവണപ്രഭു എന്ന സിനിമയും അതിലെ സംഗീതവും ജനങ്ങൾക്കുള്ളിലേക്ക് വളരെ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിനൊരു ഒറ്റ കാരണമേ ഉള്ളൂ മോഹൻലാൽ.. ബാക്കി എല്ലാ ഘടകങ്ങളും അതിനുശേഷം മാത്രമേ വരുന്നുള്ളൂ.
രാവണപ്രഭു എന്ന സിനിമ മികച്ച ടീം വർക്ക് ആയിരുന്നു. ആ സിനിമയുടെ സംഗീതത്തെ പറ്റി പറയുമ്പോൾ എടുത്തുപറയേണ്ട ഒരു പേര് ഗിരീഷ് പുത്തഞ്ചേരിയുടെ തന്നെ. അദ്ദേഹത്തിൻ്റെ വരികളാണ് അതുവരെയുള്ള മലയാള സിനിമ ഗാനങ്ങളിൽ നിന്നും രാവണപ്രഭു എന്ന സിനിമയുടെ പാട്ടുകളെ വേറൊരു തലത്തിൽ നിർത്തുന്നത്. ഈ സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കാൻ ധാരാളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. എത്രയോ ട്യൂണുകൾ ചെയ്ത ശേഷമാണ് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന ട്യൂൺ സംവിധായകൻ രഞ്ജിത്ത് തിരഞ്ഞെടുത്തത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംഗീതജ്ഞരാണ് ഓർക്കസ്ട്രേഷനിലും മറ്റുമായി ഈ സിനിമയ്ക്ക് വേണ്ടി സഹകരിച്ചത്.
ഓരോ പാട്ടിൻ്റെയും സിറ്റുവേഷൻ സംവിധായകൻ രഞ്ജിത്ത് എന്നോട് പറയുമ്പോൾ തന്നെ ആ പാട്ടിൻ്റെ പുതുമയുള്ള സ്വഭാവവും ആ പാട്ടിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും കൃത്യമായ ധാരണ എന്നിൽ സൃഷ്ടിക്കപ്പെട്ടു. ഓരോ പാട്ട് ചെയ്യുമ്പോഴും രഞ്ജിത്തിൻ്റെ മാർഗ നിർദേശങ്ങൾ വളരെ വലുതായിരുന്നു. ഒരുപാട് കഠിനാധ്വാനം രാവണപ്രഭു എന്ന സിനിമയുടെ പാട്ടുകൾക്ക് പിന്നിലുണ്ട്. സ്വയം മറന്ന് പരിസരം മറന്ന് വർക്ക് ചെയ്യുക എന്നൊക്കെ പറയാറുണ്ടല്ലോ അക്ഷരാർത്ഥത്തിൽ രാവണപ്രഭു എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് അപ്രകാരമാണ്.
അറിയാതെ എന്ന ഗാനത്തിൻ്റെ സിറ്റുവേഷൻ സംസാരിക്കുമ്പോഴാണ് ഫ്യൂഷൻ മാതൃക സ്വീകരിക്കാമെന്നാണ് തോന്നിയത്. ആകാശദീപങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഇതൊരു റെട്രോ സ്റ്റൈലിൽ ചെയ്യാമെന്ന് തോന്നുകയായിരുന്നു. പൊട്ടുകുത്തടി ആണെങ്കിലും തകില് പുകില് ആണെങ്കിലും വളരെ പരീക്ഷണാടിസ്ഥാനത്തിൽ സമീപിച്ച സൃഷ്ടികളാണ്. നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും രാവണപ്രഭു എന്ന സിനിമയുടെ ഗാനങ്ങൾക്ക് മുൻപ് മലയാളത്തിലുണ്ടായ ഗാനങ്ങളുമായി യാതൊരു സാമ്യവും തോന്നുകയില്ല. ഇത്രയും വർഷമായിട്ടും രാവണപ്രഭു സിനിമയിലെ പാട്ടുകൾ വേറൊരു തട്ടിൽ നിൽക്കുന്നതായി അനുഭവപ്പെടും.
ഇങ്ങനെയൊക്കെ വ്യത്യസ്തമായി പാട്ടുകൾ ചെയ്യാൻ സാധിച്ചതിന് പ്രധാന കാരണം ആ സിനിമയിലെ കഥയും അനുബന്ധ സാഹചര്യങ്ങളും തന്നെയാണ്. സമീപിച്ച പരീക്ഷണങ്ങൾ ഒക്കെ തന്നെ കൃത്യമായി ഇഴുകിച്ചേരുന്ന തരത്തിലാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി കഥാസന്ദർഭങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഈ സിനിമയിൽ എന്നോടൊപ്പം പ്രവർത്തിച്ച സൗണ്ട് എൻജിനീയർമാരുടെ കഠിനാധ്വാനം എടുത്തുപറയണം. എല്ലാത്തിലും ഉപരി ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത ഘടകം അത് ഗായകരാണ്. ജയചന്ദ്രൻ, എംജി ശ്രീകുമാർ, സ്വർണലത, കെഎസ് ചിത്ര എന്നിവരുടെ ശബ്ദ മാധുര്യം കൊണ്ട് കൂടിയാണ് എൻ്റെ ട്യൂണുകൾ പ്രേക്ഷകർ ഏറ്റെടുത്തത്. അവരാണ് എൻ്റെ പാട്ടുകളുടെ ജീവൻ.
സാധാരണ ഒരു പാട്ടിൻ്റെ സ്വഭാവത്തിനും ട്യൂണിനും അനുസരിച്ചിട്ടാണ് ഗായകരെ തീരുമാനിക്കുക. എന്നാൽ മോഹൻലാൽ എം ജി ശ്രീകുമാർ കെമിസ്ട്രി ഉറപ്പായും ഈ സിനിമയിൽ ഉണ്ടായിരിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എംജി ശ്രീകുമാറിൻ്റെ ശബ്ദം മോഹൻലാലിന് വളരെയധികം യോജിക്കുന്നതാണ്. അങ്ങനെ ഒരു മാജിക്കൽ കോമ്പൊ ഒരു കാരണവശാലും ഈ സിനിമയിൽ നഷ്ടപ്പെട്ടു പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നു.
നേരത്തെ എംജി ശ്രീകുമാറിൻ്റെ കാര്യം പറഞ്ഞതുപോലെ തന്നെ ഈ പാട്ട് മനസ്സിൽ ജനിക്കുമ്പോൾ തന്നെ ജയചന്ദ്രൻ സാറായിരിക്കണം ഈ പാട്ട് പാടേണ്ടതെന്ന് ഞങ്ങളെല്ലാവരും ചേർന്ന് തീരുമാനിച്ചു. അറിയാതെ അറിയാതെ എന്ന ഗാനം ഒരു ഫ്യൂഷൻ രീതിയിലാണ് ചെയ്തിരിക്കുന്നത്. വെസ്റ്റേൺ ക്ലാസിക്കൽ സംഗീതങ്ങളുടെ ഒരു കൂടിച്ചേരലാണ് ആ ഗാനം. രണ്ട് സ്വഭാവത്തിലുള്ള ഗാനങ്ങളും കേൾക്കാൻ മനോഹരമാണ്. എന്നാൽ രണ്ടിനെയും കൂട്ടിച്ചേർക്കുമ്പോൾ ഒരു കാരണവശാലും വൈകൃതമായി പോകാൻ പാടില്ല. അറിയാതെ ഫ്യൂഷൻ രീതിയിൽ ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും വെസ്റ്റേണും ക്ലാസിക്കും ചേർത്ത് ഒരു നല്ല ട്യൂൺ ഉണ്ടാക്കുന്നതിന് ഒരുപാട് സമയമെടുത്തു. ഒരുപാട് ട്യൂണുകൾ സൃഷ്ടിച്ചതിനുശേഷം ആണ് ഇപ്പോഴത്തെ ട്യൂണിലേക്ക് ലാൻഡ് ചെയ്യുന്നത്. പക്ഷേ അത് പ്രേക്ഷകർക്കിടയിൽ വർക്കൗട്ട് ആയി.
ഇതൊക്കെ കേൾക്കുമ്പോൾ വളരെ നിസ്സാരം പോലെ തോന്നാം. പക്ഷേ രാവണപ്രഭു എന്ന സിനിമയിലെ പാട്ടുകൾക്ക് പിന്നിൽ വളരെയധികം കഠിനാധ്വാനവും കഷ്ടപ്പാടും ഉണ്ട്. അതിനെക്കുറിച്ചൊന്നും കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരാൻ ആകില്ല. 2025ലും രാവണപ്രഭു എന്ന സിനിമയിലെ പാട്ടുകൾ കേൾക്കാൻ ഫ്രഷ് ആണ്. എന്നാൽ പറഞ്ഞുകൊള്ളട്ടെ യാതൊരു കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ തികച്ചും അനലോഗിലാണ് ആ സിനിമയിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴുള്ള പാട്ടുകളിൽ ഉപയോഗിക്കുന്ന മ്യൂസിക് പ്ലഗിനുകൾ ഒന്നും അന്ന് ലഭ്യമല്ല. മൈക്ക്, കമ്പോസേഴ്സ്, ലിമിറ്റേഴ്സ് എല്ലാം തന്നെ അനലോഗ് ആയിരുന്നു. ഇന്ന് എല്ലാം കമ്പ്യൂട്ടർ ഉപയോഗിച്ച് നമുക്ക് ചെയ്യാം.
“അറിയാതെ”പൂർണമായും ലൈവിൽ റെക്കോർഡ് ചെയ്യപ്പെട്ട ഗാനമാണ്. അതായത് എല്ലാ വാദ്യോപകരണങ്ങളും ലൈവ് ആയി വായിച്ചാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടർ സാങ്കേതികവിദ്യയോ സോഫ്റ്റ്‌വെയറോ ആ പാട്ടിനുവേണ്ടി ഉപയോഗിച്ചിട്ടില്ല. വീണയാണെങ്കിലും മറ്റ് വാദ്യോപകരണങ്ങൾ ആണെങ്കിലും നിങ്ങൾ കേൾക്കുന്നതൊക്കെ അനലോഗിൽ റെക്കോർഡ് ചെയ്തതാണ്. ഇങ്ങനെയൊക്കെ ഒരു പാട്ട് ലൈവ് ചെയ്യണമെങ്കിൽ അന്നത്തെ സമയത്ത് ഒരു മലയാള സിനിമയ്ക്ക് സംഗീതസംവിധാനം നിർവഹിക്കുന്ന അത്രയും സമയം വേണം. പക്ഷേ ഇങ്ങനെയൊക്കെ ചെയ്യാൻ എനിക്ക് ആശിർവാദ് സിനിമാസ് അവസരം ഒരുക്കി തന്നു. ഞാൻ പറയുന്ന കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാൻ അന്ന് അവർക്കായി. അതുകൊണ്ടാണ് 25 വർഷം മുമ്പത്തെ ആ സിനിമയിലെ പാട്ടുകൾ ഇന്നും പുതിയതുപോലെ ആസ്വദിക്കാൻ സാധിക്കുന്നത്.
രാവണപ്രഭു എന്ന സിനിമയിലെ പാട്ടുകൾ ചെയ്യുമ്പോൾ ലൂപ്പ്, കട്ട് പേസ്റ്റ് തുടങ്ങിയ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഒരു താളം തന്നെ നിരവധി പ്രാവശ്യം ഒരു പാട്ടിൽ ആവർത്തിക്കും. ഇപ്പോഴത്തെ കാലത്ത് ഒരു പ്രാവശ്യം വായിച്ചിട്ട് വീണ്ടും വീണ്ടും വരുന്ന സ്ഥലങ്ങളിൽ കോപ്പിയെടുത്ത് പകർത്തി വച്ചാൽ മതിയാകും. അന്ന് അങ്ങനെ ഒരു സംവിധാനം ഇല്ല. ഒരു പാട്ടിൽ എന്ത് കേൾക്കുന്നു അത് അതുപോലെ തന്നെ ചെയ്തെടുക്കണം.
അന്നത്തെ കാലത്ത് ഡിജിറ്റൽ ഓഡിയോ ടേപ്പുകൾ ഉണ്ടായിരുന്നു. ഡാറ്റ് എന്നാണ് അതിനെ അറിയപ്പെടുക. ഡാറ്റ് പുറത്തിറക്കാൻ വേണ്ടിയാണ് പാട്ടുകളെ ഏറ്റവും അവസാനം ഡിജിറ്റൽ ആയിട്ട് കൺവേർട്ട് ചെയ്യുന്നത്. ഒരിക്കൽക്കൂടി പറയട്ടെ രാവണപ്രഭു എന്ന സിനിമ ഇപ്പോഴും ആഘോഷം ആകുന്നുണ്ടെങ്കിൽ അതിലെ പാട്ടുകൾ ജനങ്ങൾ ഇപ്പോഴും കേൾക്കുന്നുണ്ടെങ്കിൽ അതിന് ഒറ്റ കാരണമേ ഉള്ളൂ ആ കാരണമാണ് മോഹൻലാൽ. മോഹൻലാൽ എന്ന നടൻ്റെ ഓറ ആ സിനിമയുടെ എല്ലാ ഘടകങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ സിനിമയ്ക്ക് സംഗീതസംവിധാനം നിർവഹിക്കാൻ അവസരം ലഭിച്ചത് ദൈവാനുഗ്രഹം.