Wednesday, October 22, 2025
Wednesday, October 22, 2025
Homeviralകെ.സി വേണുഗോപാലിനെതി​രെ പടയൊരുക്കം: എ, ​ഐ വീണ്ടും കരുത്താർജിക്കുന്നു

കെ.സി വേണുഗോപാലിനെതി​രെ പടയൊരുക്കം: എ, ​ഐ വീണ്ടും കരുത്താർജിക്കുന്നു

Published on

കോൺഗ്രസ് ഭാരവാഹി പട്ടികയെ ചൊല്ലിയും പാർട്ടിയിൽ പ്രതിഷേധം കടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കെ.സി. വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവായ ഒ.ജെ. ജനീഷിനെ തെരഞ്ഞെടുത്തതും അതൃപ്തി കൂട്ടിയിരുന്നു. ഇപ്പോൾ സ്ഥിരം മുഖങ്ങൾക്ക് വീണ്ടും സ്ഥാനമാനങ്ങൾ നൽകിയതല്ലാതെ പുതുമുഖങ്ങളേയും പാർട്ടിക്കായി കഠിനപ്രയത്‌നം നടത്തിയവരേയും അവഗണിച്ചുവെന്നാണ് പരാതി.
ഇന്നലെ വരെ കോൺഗ്രസിന്റെ ശക്തനായ വിമർശകനായിരുന്ന സന്ദീപ്‌വാര്യരെ പോലെയുള്ളവർക്ക് അനർഹമായി സ്ഥാനം നൽകിയെന്ന വിമർശനവും ഉയരുന്നുണ്ട്.
മാത്രമല്ല, ജംബോപട്ടികയെചൊല്ലി എ, ഐ ഗ്രൂപ്പുകൾക്കും കടുത്ത പ്രതിഷേധമുണ്ട്. ഒന്നിച്ചുനിന്ന് ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. അതിന്റെ ഭാഗമാണ് ചാണ്ടി ഉമ്മൻ പരസ്യമായി തന്നെ രംഗത്ത് എത്തിയതും.
പട്ടികയിൽ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും തൃപ്തിയില്ലാത്തതിനാൽ ഇപ്പോൾ ഈ രണ്ടു ഗ്രൂപ്പുകളും ചേർന്ന് നിലപാടെടുക്കാനാണ് നീക്കം. പാർട്ടി നിലനിൽപ്പിനും സ്വാധീനത്തിനുമുള്ള പോരാട്ടത്തിലാണ് ഇരുവരും ഒരുമിച്ച് ചേരുന്നത്. ചാണ്ടി ഉമ്മൻ രംഗത്തെത്തിയതും ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കാണുന്നത്.
ഇപ്പോൾ പുറത്തിറക്കിയ പട്ടികയിൽ കെ.പി.സി.സി സെക്രട്ടറിമാരില്ലെങ്കിലും 77 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പഴയ ഭാരവാഹികളാണ്. ചില എം.എൽ.എമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വനിതാ, പിന്നോക്ക പ്രാതിനിധ്യത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ച് വനിതാ നേതാക്കൾ അടക്കം നിരവധി വിഭാഗങ്ങൾ അസംതൃപ്തരായി.
പുതുതായി ആറ് പേരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. എന്നാൽ പാർട്ടിയുടെ ഭരണഘടനയിൽ ഈ സമിതിക്ക് സ്ഥാനം ഇല്ലെന്നതാണ് വിമർശനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
ആദ്യകാലത്ത് നയരൂപീകരണ സമിതിയായി പ്രവർത്തിച്ചിരുന്ന ഇത് പിന്നീട് ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്ന് വലുതാവുകയും, ഇപ്പോൾ ജംബോ കമ്മിറ്റിയായി മാറുകയും ചെയ്തുവെന്നാണ് വിമർശനം.
ഇതോടൊപ്പം 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചു. മുമ്പ് ഒരു വൈസ് പ്രസിഡന്റുമാത്രമുണ്ടായിരുന്ന പാർട്ടിയിൽ 13 പേരെ നിയമിച്ചതും വലിയ ചർച്ചയാവുകയാണ്.
എല്ലാ നിലയിലും പഴയ മുഖങ്ങൾക്കാണ് മുൻഗണന ലഭിച്ചതെന്നും ഇതിൽ ഗ്രൂപ്പുകളുടെ താൽപര്യം വ്യക്തമായി പ്രതിഫലിക്കുന്നുവെന്നുമാണ് ആരോപണം.
പട്ടിക പുറത്തുവന്നതിനെ തുടർന്ന് എ ഗ്രൂപ്പും ഐ ഗ്രൂപ്പും കടുത്ത അസംതൃപ്തിയിലാണ്. ഇരുവരും ചേർന്ന് അഭിപ്രായമൊരുക്കാനും മുന്നോട്ടു നീങ്ങാനും തീരുമാനിച്ചിരിക്കുന്നു. ഇപ്പോഴുള്ള സാഹചര്യത്തിൽ തങ്ങളില്ലാതാകുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് വൃത്തങ്ങൾ പറയുന്നു.
ഐ ഗ്രൂപ്പിന്റെ നിലനിൽപ്പുതന്നെ ഇപ്പോൾ അപകടത്തിലാണെന്ന വിലയിരുത്തലും ഉയരുന്നു. കെ.സി. വേണുഗോപാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായതും വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതും ഗ്രൂപ്പിന്റെ ശക്തി ചോർത്തി.
കരുണാകരന്റെ മരണത്തോടെ ഗ്രൂപ്പിന്റെ ഉറച്ച അടിത്തറ തന്നെ നഷ്ടമായി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന കൂട്ടുകെട്ട് പോലും ഇപ്പോൾ നിലനിൽക്കുന്നില്ല.
എ ഗ്രൂപ്പും ഉമ്മൻചാണ്ടിയുടെ മരണത്തോടെ ദുർബലമായി. ഒരിക്കൽ കാസർകോഡ് മുതൽ പാറശാലവരെ പ്രവർത്തനമികവ് പുലർത്തിയ എ ഗ്രൂപ്പ് ഇപ്പോൾ ചിതറിപോകുകയാണ്. ഉമ്മൻചാണ്ടിയുടെ നിർദ്ദേശം അവഗണിച്ച് നേതാക്കൾ ചിലർ വേണുഗോപാലിനൊപ്പം ചേർന്നതോടെ അതിന്റെ ഏകതയും തകർന്നു.
ഈ സാഹചര്യത്തിൽ തന്നെ ഇരു ഗ്രൂപ്പുകളും ഒരുമിച്ച് നിലപാട് എടുക്കാൻ ശ്രമിക്കുന്നു. ഗ്രൂപ്പുകളുടെ നിലനിൽപ്പിനും പാർട്ടിക്കകത്തെ സ്വാധീനത്തിനും വേണ്ടിയുള്ളതാണ് ഈ കൂട്ടുകെട്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശക്തമായ നിലയിലേക്ക് മടങ്ങിയെത്താനായില്ലെങ്കിൽ ഇരു ഗ്രൂപ്പുകൾക്കും പാർട്ടിക്കകത്ത് സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കെ.പി.സി.സി പുനഃസംഘടന കോൺഗ്രസിലെ പഴയ ഗ്രൂപ്പ് രാഷ്ട്രീയത്തെയും അധികാര പോരാട്ടങ്ങളെയും വീണ്ടും മുന്നിലെത്തിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കേരളത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ കെ.സി വേണുഗോപാലിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്. ഇത്തവണ ഭരണം നേടാനാകുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് മൂന്നേറുമ്പോള്‍ ഡെല്‍ഹിയില്‍ നിന്നുമെത്തി കേരളത്തില്‍ കെ.സി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെയാണ് വിവിധ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍െ്റത് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ കെ.സിയുടെ അഭിപ്രായമാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. എ ഗ്രൂപ്പ് കെ.എം.അഭിജിത്തിനു വേണ്ടിയും ഐ ഗ്രൂപ്പ് അബിന്‍ വര്‍ക്കിക്കു വേണ്ടിയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും വെട്ടി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് കെ.സി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയാണെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നു. പോഷക സംഘടനകളെ കെ.സി അനുകൂലമാക്കുകയാണെന്നും എ, ഐ ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കളം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സിയുടെ നീക്കങ്ങള്‍. ലോക്‌സഭാ എംപിയായ വേണുഗോപാലിനു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഐസിസി നേതൃത്വം അനുമതി നല്‍കിയതായും വിവരമുണ്ട്. കെ.സിയും ഐ ഗ്രൂപ്പിന്‍െ്റ തന്നെ ഭാഗമാണെങ്കിലും ദേശീയതലത്തില്‍ പിടിമുറുക്കിയശേഷം കേരളത്തില്‍ ഒപ്പം നില്‍ക്കുന്ന നേതാക്കളുടെ എണ്ണം കൂട്ടാന്‍ ശ്രമിച്ചിരുന്നില്ല. എ.പി അനില്‍കുമാര്‍ മാത്രമാണ് കെ.സിയോടൊപ്പം വര്‍ഷങ്ങളായി നില്‍ക്കുന്ന നേതാവ്. ഇപ്പോള്‍ യുവ നേതാക്കളെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ സജീവമായി കെ.സി നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും കെ.സി ഇതിനായി വിനിയോഗിക്കുന്നു. യൂത്ത് കോണ്‍ഗ്രസിനെ കൂടെ കൂട്ടി ശക്തി വര്‍ധിപ്പിക്കാനും കെ.സി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പു പോരുകള്‍ അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡിനെ കൊണ്ട് നിര്‍ദ്ദേശം നല്‍കാനാണ് കെ.സി ശ്രമിക്കുന്നത്.
കെ.സിക്കെതിരെ ഒന്നിച്ചു നീങ്ങാനുള്ള ശ്രമവും എ, ഐ ഗ്രൂപ്പുകള്‍ പരിശോധിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് വിശാലമായി പുനരുജ്ജീവിപ്പിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഐയില്‍ തന്നെ അഞ്ചിലധികം ഗ്രൂപ്പുകളാണ് നിലവിലുള്ളത്. കെ.സിയുടെ ഗ്രൂപ്പിനു പുറമേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍െ്റ നേതൃത്വത്തിലാണ് രണ്ടാം ഗ്രൂപ്പ് ഉള്ളത്. എറണാകുളത്ത് അപ്രമാദിത്യമുള്ള ഈ ഗ്രൂപ്പിന് മറ്റ് ജില്ലകളിലും സ്വാധീനമുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഗ്രൂപ്പായതിനാല്‍ ആളൊഴുക്കുണ്ട്. കെ. സുധാകരന്റെ നേതൃത്വത്തിലാണ് മറ്റൊരു ഗ്രൂപ്പുള്ളത്. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായശേഷം ഉയര്‍ന്നുവന്ന ഗ്രൂപ്പാണിത്.
എം. ലിജുവാണ് ഈ ഗ്രൂപ്പിലെ പ്രമുഖന്‍. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഇല്ലെന്ന് എപ്പോഴും പറയുന്നുണ്ടെങ്കിലും കെ. മുരളീധരന്‍െ്റ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സ്വാധീനമുള്ള ഒരു ഗ്രൂപ്പുണ്ട്. കെ. കരുണാകരനോട് അടുപ്പമുണ്ടായിരുന്ന നിരവധി നേതാക്കള്‍ ഈ ഗ്രൂപ്പിലുണ്ട്. ഇതിനെല്ലാം പുറമേയാണ് കെ. കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ വിശാല ഐ ഗ്രൂപ്പുണ്ടാക്കി ശക്തി തെളിയിച്ച രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ഉള്ളത്. അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങി നിരവധി നേതാക്കള്‍ എന്തുവില കൊടുത്തും ചെന്നിത്തലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുന്നവരാണ്.
എ.കെ.ആന്റണിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി പോറ്റിവളര്‍ത്തിയ എ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടിയുടെ അവസാനകാലത്ത് ശിഥിലമായി. കേഡര്‍ സ്വഭാവമുള്ള ഗ്രൂപ്പ് പല നേതൃതട്ടുകളിലാണ്. എം.എം.ഹസന്‍, കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി ഇപ്പോള്‍ ചാണ്ടി ഉമ്മനില്‍ വരെ എത്തിനില്‍ക്കുന്ന ഗ്രൂപ്പാണത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െ്റയും ടി.സിദ്ദിഖിന്‍െ്റയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് ശശി തരൂരിനൊപ്പം നില്‍ക്കുന്ന ചില നേതാക്കള്‍ അടങ്ങിയ ഒരു വിഭാഗമുള്ളത്. ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്നു മാത്രം സ്വപനം കാണുന്ന ഫാന്‍സ് അസോസിയേഷന്‍ മാതൃകയിലുള്ള ഒരു വിഭാഗം മാത്രമാണിതെന്നും ആക്ഷേപമുണ്ട്. കെ.സിയുടെയും വി.ഡി സതീശന്‍െ്റയും ശശി തരൂരിന്‍െ്റയും ഗ്രൂപ്പുകള്‍ ഒഴിവാക്കി മറ്റുള്ളവരെ ഒരുമിപ്പിക്കാനാണ് രമേശ് ചെന്നിത്തല ഇപ്പോള്‍ ശ്രമിക്കുന്നത്.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം വോട്ടുകൾ നേടി രണ്ടാമതെത്തിയ അബിൻ വർക്കിയെ അധ്യക്ഷ പദവിയിൽ നിന്ന് തഴഞ്ഞതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെട്ടതായാണ് ഐ ഗ്രൂപ്പിന്റെ വിമർശനം. ഇടത് സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ രണ്ടു വർഷത്തിനിടെ 72 കേസുകൾ അബിന്റെ പേരിൽ നിലവിലുണ്ടെന്നും ഐ ഗ്രൂപ്പ് വാദിക്കുന്നു. സാമുദായിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി അബിൻ വർക്കിയുടെ സാധ്യത ഇല്ലാതാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ബിനു ചുള്ളിയിലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത് സംബന്ധിച്ചും അഭ്യൂഹങ്ങൾ ഏറുകയാണ്.
വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച അധ്യക്ഷ പദവിയിലേക്ക് ഒ ജെ ജനീഷിനെ എത്തിക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ഷാഫി പക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് 51 ദിവസം പിന്നിടുമ്പോഴാണ് പുതിയ അധ്യക്ഷനായി വേണുഗോപാലിന്റെ വിശ്വസ്തനായ ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് ജനീഷ്. തൃശ്ശൂര്‍ ജില്ലയില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മഹിപാല്‍ ഗധാവി, സദഫ് ഖാന്‍, ലില്ലി ശ്രിവാസ് എന്നിവരും ദേശീയ സെക്രട്ടറിമാരാണ്. കരണ്‍ ചൗരസ്യയാണ് ജോയിന്റ് സെക്രട്ടറി.
അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍പ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദവി തെറിച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷന്‍ ആരാവുമെന്നതില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. അബിന്‍ വര്‍ക്കി, അരിതാ ബാബു, വിഷ്ണു സുനില്‍, അനുതാജ്, എസ്. വൈശാഖ്, ദര്‍ശന്‍, ഒ.ജെ. ജനീഷ്, ഷിബിന എന്നിവരെല്ലാം വൈസ് പ്രസിഡന്റുമാരായിരുന്നു. അബിന്‍ വര്‍ക്കിയുടെ പേരാണ് കൂടുതല്‍ ഉയര്‍ന്നുകേട്ടിരുന്നതെങ്കിലും സാമുദായിക സന്തുലനം തടസ്സമായി. കെപിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കെഎസ്‌യു അധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണെന്നതാണ് അബിന്റെ സാധ്യത കുറച്ചത്. ഇതോടെയാണ് ഒ.ജെ. ജനീഷിന് നറുക്കുവീണത്.
കോൺഗ്രസിൽ ചില നേതാക്കളുടെ പെട്ടി എടുപ്പുകാർക്ക് മാത്രം സ്ഥിരമായി സ്ഥാനമാനങ്ങൾ ലഭിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി വൈ ഷാജഹാൻ കുറ്റപ്പെടുത്തി. സ്ഥാനങ്ങൾ ഉണ്ടായിരുന്നവർ തന്നെ വീണ്ടും പരിഗണിക്കപ്പെടുമ്പോൾ കേസുകളുമായി കോടതികളും പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങുന്നവർ അവഗണിക്കപ്പെടുകയാണ്.
നേതാക്കളുടെ ഗുഡ് ബുക്കിൽ കയറിയാൽ മാത്രമേ പാർട്ടിയിൽ പരിഗണിക്കപ്പെടൂ എന്നത് പാർട്ടിയെ തകർക്കും. നേതാക്കൾ കുറച്ച് കൂടി പക്വത കാണിക്കണം. പാർട്ടി വെട്ടി പിടിക്കാൻ നടക്കുന്ന നേതാക്കൾ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നില്ലന്നും ഷാജഹാൻ പറഞ്ഞു. പരസ്പര വിശ്വാസമില്ലാത്തവരുടെ കൂട്ടായ്മയായി കോൺഗ്രസിനെ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്നും പറയാനുള്ളത് ഒരു ദിവസം പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്.
‘കഴിഞ്ഞ വർഷം പിതാവിൻറെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിൻറെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു’- ചാണ്ടി പറഞ്ഞു.
അബിൻ അർഹതയുള്ള വ്യക്തിയാണെന്നും വിഷമമുണ്ടായി എന്നതിൽ സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അബിൻ വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണ്. പരി​ഗണിക്കേണ്ട ആളാണ് എന്നതിൽ സംശയമില്ല. വേദനയുണ്ടാവുക സ്വാഭാവികമാണ്. പാർടിയുടെ തീരുമാനം ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അബിൻ വർക്കിയെ ഒതുക്കി എന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ചെന്നിത്തല ഒഴിഞ്ഞുമാറിയിരുന്നു. അതൊക്കെ ചാണ്ടി പറയുമെന്ന് പറഞ്ഞ് ചാണ്ടി ഉമ്മനെ ഉത്തരം പറയാൻ ഏൽപ്പിച്ചാണ് ചെന്നിത്തല രക്ഷപ്പെട്ടത്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....