ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് വലിയ മാറ്റം കാത്തിരിക്കുന്നു. ടോൾ പിരിവ് സംവിധാനം കൂടുതൽ ഡിജിറ്റൽ ആക്കി, യാത്രക്കാരുടെ കാത്തിരിപ്പും തടസങ്ങളും കുറയ്ക്കുന്ന പുതിയ നിയമങ്ങളാണ് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചത്. 2025 നവംബർ 15 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. ഡിജിറ്റൽ പേയ്‌മെന്‍റുകളെ പ്രോത്സാഹിപ്പിക്കുകയും കാഷ് ട്രാൻസാക്ഷനുകൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം.
ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം, ഒരു വാഹനത്തിന് ഫാസ്ടാഗ് ഇല്ലെങ്കിൽ, അല്ലെങ്കിൽ ബാലൻസ് കുറവോ സാങ്കേതിക പ്രശ്നമോ മൂലം ഫാസ്ടാഗ് പ്രവർത്തനരഹിതമായാൽ, പണമായി ടോൾ അടയ്ക്കുന്നവർക്ക് സാധാരണ നിരക്കിന്റെ ഇരട്ടി (2 മടങ്ങ്) നൽകേണ്ടി വരും. എന്നാൽ നവംബർ 15 മുതൽ മാറ്റം വരുന്നത് ഇങ്ങനെ: —
ഫാസ്ടാഗ് ഇല്ലാത്തവർ പണമായി ടോൾ അടച്ചാൽ: നിലവിലെ പോലെ ഇരട്ടി നിരക്ക് (2 മടങ്ങ്) നൽകണം.
ഫാസ്ടാഗ് ഇല്ലാത്തവർ ഡിജിറ്റൽ മാർഗം (യുപിഐ, ഡെബിറ്റ് കാർഡ്, മുതലായവ) ഉപയോഗിച്ചാൽ: സാധാരണ നിരക്കിന്റെ 1.25 മടങ്ങ് മാത്രം അടച്ചാൽ മതിയാകും.
ഉദാഹരണത്തിന്, ഒരു വാഹനത്തിന്‍റെ ഫാസ്ടാഗ് ടോൾ ചാർജ് ₹100 ആണെങ്കിൽ,
യുപിഐ അല്ലെങ്കിൽ ഡിജിറ്റൽ പേയ്‌മെന്‍റ് വഴി അടച്ചാൽ: ₹125,
പണമായി അടച്ചാൽ: ₹200 അടയ്‌ക്കേണ്ടി വരും.
ഇതിലൂടെ ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് പ്രോത്സാഹനം ലഭിക്കുമെന്നും, ടോൾ ബൂത്തുകളിൽ സുതാര്യതയും വേഗതയും വർദ്ധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതുവഴി കാത്തിരിപ്പ് സമയം കുറയുകയും ദേശീയപാതയിലൂടെ യാത്ര കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്യും.
2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR) 1989 പ്രകാരം, ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന എല്ലാ ക്ലാസ് എം, എൻ വാഹനങ്ങൾക്കും (നാലുചക്ര പാസഞ്ചർ, ചരക്ക് വാഹനങ്ങൾ) ഫാസ്ടാഗ് നിർബന്ധമാണ്.
ഫാസ്ടാഗ് സംവിധാനം ആരംഭിച്ചതിലൂടെ ടോൾ ബൂത്തുകളിൽ ക്യൂ നീളങ്ങൾ കുറയുകയും, പണ കൈമാറ്റവുമായി ബന്ധപ്പെട്ട അസൗകര്യങ്ങൾ ഇല്ലാതാവുകയും ചെയ്തുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ഓഗസ്റ്റ് 15ന്, മന്ത്രാലയം ഫാസ്ടാഗ് ആന്വൽ പാസ് എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരുന്നു. സ്വകാര്യ വാഹന ഉടമകൾക്ക് ₹3,000 അടച്ച് ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ ക്രോസിംഗുകൾക്കായി (ഇതിൽ ഏതാണ് ആദ്യം സംഭവിക്കുന്നത്) പരിധിയില്ലാത്ത യാത്ര നടത്താൻ ഇതുവഴി കഴിയും.
രാജ്യത്തെ പ്രധാന എക്സ്പ്രസ്‌വേകളും ദേശീയപാതകളും ഉൾപ്പെടെ ഈ സംവിധാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്രകൾ കൂടുതലായി നടത്തുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ഈ ആന്വൽ പാസ് സാമ്പത്തികമായും സൗകര്യപരമായും വലിയ ആശ്വാസമായി.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ ടോൾ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ അധിഷ്ഠിതമാകും.
ടോൾ ഗേറ്റുകളിലെ ക്യാമറകൾ, ഓട്ടോമാറ്റിക് ഡിജിറ്റൽ സ്കാനിംഗ് സംവിധാനങ്ങൾ എന്നിവയും നവംബർ മുതൽ കൂടുതൽ ശക്തിപ്പെടുത്തും. അതുവഴി ഡിജിറ്റൽ പേയ്‌മെന്‍റ് ചെയ്യുന്നവർക്ക് തടസ്സരഹിതമായ യാത്രാനുഭവം ഉറപ്പാക്കും.
ഫാസ്ടാഗ് ഇല്ലാത്തവർ ഉടൻ ഫാസ്ടാഗ് എടുക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്താൽ അധിക ചെലവ് ഒഴിവാക്കാം.