2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ അഹമ്മദാബാദ് ഒരുങ്ങുന്നു. കോമൺവെൽത്ത് സ്‌പോർട്ട് എക്‌സിക്യൂട്ടീവ് ബോർഡ് അഹമ്മദാബാദിന്‍റെ പേര് ശുപാർശ ചെയ്‌തു. 2025 നവംബർ 26 ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന ഗെയിംസ് ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം എടുക്കും. 20 വര്‍ഷത്തിനുശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.
2010 ലാണ് ഇന്ത്യ അവസാനമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. നൈജീരിയയിലെ അബുജയെ പിന്തള്ളിയാണ് കോമൺവെൽത്ത് സ്പോർട്ട് ഇന്ത്യൻ നഗരത്തെ ആതിഥേയത്വം വഹിക്കാൻ ശുപാർശ ചെയ്‌തത്. നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മത്സര നഗരങ്ങളെ വിലയിരുത്തിയാണ് കമ്മിറ്റിയുടെ തീരുമാനം. അഹമ്മദാബാദിൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഗെയിംസ് നടക്കുക. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായി അറിയപ്പെടുന്ന ഇവിടെ 1,32,000 പേർക്ക് ഇരിപ്പിടമുണ്ട്.
1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന ആദ്യ ഗെയിംസിന്‍റെ നൂറാം വാർഷികമാണ് 2030ല്‍ നടക്കാനിരിക്കുന്ന ഗെയിംസ്. കോമൺവെൽത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയ്ക്ക് അഭിമാനകരമായ കായിക ചരിത്രവും കോമൺവെൽത്ത് ഗെയിംസിൽ വിജയത്തിന്‍റെ ശക്തമായ റെക്കോർഡുമുണ്ട്, വേദി അന്തിമമായി അംഗീകരിക്കപ്പെട്ടാൽ, ന്യൂഡൽഹിക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമായി അഹമ്മദാബാദ് മാറും. 2010-ൽ, 1998-ൽ ക്വാലാലംപൂരിന് ശേഷം കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഏഷ്യൻ നഗരമായിരുന്നു ന്യൂഡൽഹി.
2036 ഒളിമ്പിക്‌സ് വേദിക്കായി അഹമ്മദാബാദും മല്‍സര രംഗത്തുണ്ട് എന്നതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്-2030 അതിന് കൂടി തയ്യാറെടുക്കാനുള്ള സുവര്‍ണാവസരമായിരിക്കും. ഇന്ത്യ ഇതുവരെ ഒളിമ്പിക്‌സിന് വേദിയായിട്ടില്ല. ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് ഒരു അസാധാരണ ബഹുമതിയായിരിക്കുമെന്ന് കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് ഡോ. പിടി ഉഷ പറഞ്ഞു. നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഗെയിംസ് 2026ൽ ഗ്ലാസ്‌ഗോയിലാണ് നടക്കുന്നത്. 2022ൽ ബർമിങ്‌ഹാമിൽ നടന്ന ഗെയിംസിൽ ഓസ്‌ട്രേലിയ 67 സ്വർണവുമായി ഒന്നാമതെത്തി. ഇംഗ്ലണ്ടിനും കനഡക്കും പിറകിൽ 22 സ്വർണമടക്കം 61 മെഡൽ നേടി ഇന്ത്യ നാലാമതായിരുന്നു.
‘എക്സിക്യൂട്ടീവ് ബോർഡ് ഇവാലുവേഷൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും അഹമ്മദാബാദിനെ അംഗങ്ങൾ ശുപാർശ ചെയ്യുന്നുവെന്ന് കോമൺവെൽത്ത് സ്‌പോർട്‌സിന്‍റെ ഇടക്കാല പ്രസിഡന്‍റ് ഡോ. ഡൊണാൾഡ് റുക്കരെ പറഞ്ഞു. ശതാബ്‌ദി ഗെയിംസിലേക്ക് നോക്കുമ്പോൾ പ്രസ്ഥാനത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാണ്, ഇപ്പോൾ ഗ്ലാസ്‌ഗോയിൽ നടക്കുന്ന പൊതുസമ്മേളനത്തിനായി കാത്തിരിക്കുന്നു, അവിടെ അംഗങ്ങൾ അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
