വൈദ്യുതി തടസ്സത്തെ തുടർന്ന് കെഎസ്ഇബി ഓഫീസുകളിലേക്ക് മണിക്കൂറുകളോളം വിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ ജനം പ്രകോപിതരാകുന്ന സംഭവങ്ങൾക്ക് ഇനി പരിഹാരമാകും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായം തേടാനൊരുങ്ങുകയാണ് കെഎസ്ഇബി. മലയാളത്തിൽ സംസാരിക്കുന്ന എഐ വോയിസ് ബോട്ട് (റോബോട്ട്) സംവിധാനമാണ് ഇതിനായി കെഎസ്ഇബി രംഗത്തിറക്കുന്നത്.
ഫോൺ കോൾ എത്തിയാലുടൻ പരാതികൾ തരംതിരിച്ച് രജിസ്റ്റർ ചെയ്യാൻ ശേഷിയുള്ള വോയിസ് ബോട്ടിൻ്റെ മൂന്നു മാസത്തെ ട്രയൽ റൺ ആരംഭിച്ചതായി കെഎസ്ഇബിക്ക് വേണ്ടി വോയ്സ് ബോട്ട് തയ്യാറാക്കുന്ന ‘ലാറസ് എഐ’ (Larus AI) എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ പവിൻ കൃഷ്ണ ഇടിവി ഭാരതിനോട് പറഞ്ഞു. അടിയന്തര സേവനങ്ങളും അല്ലാത്തവയും തിരിച്ചറിഞ്ഞു തരം തിരിക്കാൻ ശേഷിയുള്ള ഈ സംവിധാനം ഉപഭോക്താക്കളുമായി മലയാളത്തിൽ സംസാരിച്ചു പ്രശ്നങ്ങൾ മനസിലാക്കും.
എ ഐ യെ പൊതു സൗഹൃദമാക്കാൻ വിവിധ ശൈലികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ കോൾ പൂർത്തിയാകുമ്പോഴേക്കും പരാതി രജിസ്റ്റർ ചെയ്തു കഴിയും. ഇതിന് ശേഷം കെഎസ്ഇബിയുടെ ചുമതലപ്പെട്ട വിഭാഗത്തിലേക്ക് പരാതി പരിഹാരത്തിനായി കൈമാറും. കെഎസ്ഇബിയുടെ ഫയൽ കൈമാറ്റ നെറ്റ്‌വർക്കിലാകും മൂന്ന് മാസത്തെ ട്രയൽ റൺ നടത്തുക. ഇതിന് ശേഷം കെഎസ്ഇബി ആവശ്യപ്പെടുന്ന മാറ്റങ്ങളോടെ പൊതു ജനങ്ങൾക്കായി പ്രത്യേക ഫോൺ നമ്പർ ഉൾപ്പെടെ പദ്ധതി നടപ്പിലാക്കാനാണ് ഒരുങ്ങുന്നത്.
മഴക്കാലത്ത് കെഎസ്ഇബി ഓഫീസുകളിലേക്ക് ഫോൺ കൊളുകളുടെ പെരുമഴയാണ്. തിരക്കിനിടയിൽ പലപ്പോഴും സ്റ്റാഫുകൾക്ക് ഫോൺ കോളുകൾ സ്വീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിരവധി തവണ ഓഫീസിലേക്ക് വിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായും ജനങ്ങൾ വൈകാരികമായി പ്രതികരിക്കും. പരാതി രജിസ്ട്രേഷൻ വൈകുന്നത് കൊണ്ടു തന്നെ അറ്റകുറ്റ പണിയും വൈകും. ഇതാണ് പല പ്രശ്നങ്ങളുടെയും തുടക്കം.
മഴക്കാലം പോലെ പരാതി പ്രളയമുണ്ടാകുന്ന സമയങ്ങളിൽ വൈദ്യുതി ബോർഡ് മുൻ കൂട്ടി തയ്യാറെടുപ്പുകൾ നടത്താറുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറവ് പലപ്പോഴും പ്രതിസന്ധിയാകും. പുതിയ എ ഐ വോയ്സ് ബോട്ടിൻ്റെ പിന്തുണയോടെ ഉദ്യോഗസ്ഥർക്ക് വലിയൊരു ജോലി ഭാരം ഒഴിവാകുമെന്നും പവിൻ കൃഷ്ണ വിശദീകരിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മുഹമ്മദ് ഫയാസ്, മനു കൃഷ്ണ, മുഹമ്മദ് ഷക്കീർ, കൃഷ്ണ എന്നിവർക്കൊപ്പമാണ് എ ഐ വോയ്സ് ബോട്ട് പവിൻ കൃഷ്ണ വികസിപ്പിച്ചത്.
