ഇത് കണ്ണൂർ മാതമംഗലം സ്വദേശിനി സരോജിനിയും സുഹൃത്തായ പത്മാവതിയും. രണ്ടു പേരുടെയും പ്രായം 72. തൻ്റെ വീട്ടുമുറ്റത്ത് ഇരുന്ന് യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെ അവർ മനസിൽ നിന്ന് വിടാതെ പറയുന്ന രണ്ട് പേരുകൾ മലേഷ്യയുടെയും ഹൈദരാബാദ് ഫിലിം സിറ്റിയുടേതുമാണ്.
ഇരുവരും ഇതുവരെ കണ്ടു തീർത്തത് വിദേശരാജ്യങ്ങൾ ഉൾപ്പടെ 13 ഓളം സ്ഥലങ്ങളാണ്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് നാരായണൻ 37 കൊല്ലം മുമ്പാണ് ഒരു അപകടത്തിൽ പെട്ട് സരോജിനിയെ തനിച്ചാക്കി യാത്രയായത്. രണ്ട് ആൺമക്കളും ഒരു പെണ്ണും ഉൾപ്പെടുന്ന തൻ്റെ കുടുംബത്തോട് ഒപ്പമായി സരോജിനിയുടെ പിന്നീടുള്ള ജീവിതം.
പേരക്കുട്ടികൾ വളർന്നു വലുതായതോടെ യാത്രകൾ എന്ന സ്വപ്‌നത്തിലേക്ക് പതിയെ കാലെടുത്തു വച്ചു. കൃത്യമായി പറഞ്ഞാൽ 2010 ലാണ് സരോജിനി യാത്രകൾക്ക് പിറകെ പോയത്. അതിനായി കൂടെ കൂട്ടിയത് ഉറ്റ സുഹൃത്തായ പത്മാവതിയേയും.
തൻ്റെ പെൻഷൻ കാശും മക്കൾ തരുന്ന സഹായവുമാണ് യാത്ര പോകാൻ കരുത്തായത് എന്നാണ് സരോജിനി പറയുന്നത്. മലേഷ്യ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളും കാശ്‌മീർ ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവർ ഇതിനകം കണ്ടുതീർത്തു. “ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ യാത്രകളിൽ ഒന്നാണ് മലേഷ്യ യാത്രയും ഹൈദരാബാദ് ഫിലിം സിറ്റി യാത്രയും” സരോജിനി പറഞ്ഞു.
പ്രായത്തിലും മക്കളുടെ എണ്ണത്തിലും സരോജിനിയും പത്മാവാതിയും ഏതാണ്ട് ഒരുപോലെയാണ്. സരോജിനിയെ പോലെ പത്മാവതിക്കും വയസ് 72 ആണ്. രണ്ട് ആണ്‍കുട്ടികളും ഒരു മകളുമാണ് ഉള്ളത്. മക്കളുടെ കൂടെ ഗൾഫ് നാടുകൾ ഉൾപ്പെടെ പോവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഏറെ സന്തോഷം നൽകിയത് സരോജിനിയുടെ കൂടെ പോയപ്പോഴാണെന്ന് പത്മാവതി പറയുന്നു.
9 വർഷം മുമ്പാണ് ഭർത്താവ് കരുണാകരൻ പത്മാവതിയെ വിട്ടുപിരിയുന്നത്. പിന്നീട് മക്കൾക്ക് ഒപ്പം വിദേശ രാജ്യങ്ങൾ കണ്ടു. പിന്നീട് നാട്ടിൽ എത്തിയ ശേഷമാണ് ഒറ്റയ്ക്ക് ഇരിക്കാൻ തയ്യാറാവാതെ യാത്രയെ കൂട്ട് പിടിച്ചത്. യാത്രക്കായി നാലോളം യാത്ര ഏജൻസികളേയും ഇവർ കണ്ടെത്തി.
സദാശിവം, കാർത്തിക, സവാരി, അമ്പാടി തുടങ്ങിയ ടൂറിസം ട്രാവൽ ഏജൻസികളെ കൂട്ടുപിടിച്ചാണ് ഇരുവരുടെയും യാത്രകൾ അത്രയും. യാത്രയ്ക്കുള്ള എല്ലാ നിർദേശങ്ങളും ഇവരിലൂടെയാണ് ഇരുവരും അറിയുന്നത്. അടുത്ത യാത്ര എവിടേയ്‌ക്കാണ് എന്നത് പോലും തീരുമാനിച്ചിട്ടില്ല. എങ്കിലും ഏജൻസികൾ പുതിയ യാത്ര ചാർട്ട് പ്രഖ്യാപിക്കുമ്പോൾ തങ്ങളുടെ പേര് കൊടുക്കാൻ ഇവർ മുൻപിൽ തന്നെ ഉണ്ടാകും.
രണ്ടു പേരുടെയും പ്രായം 72; കണ്ടു തീർത്തത് വിദേശരാജ്യങ്ങൾ ഉൾപ്പടെ 13 ഓളം സ്ഥലങ്ങൾ
Published on
