ഇന്ത്യയുടെ പുതിയ തേജസ് എംകെ-1എ യുദ്ധവിമാനം പറന്നുയർന്നു. മഹാരാഷ്‌ട്രയിലെ നാസിക്കാണ് യുദ്ധവിമാനത്തിൻ്റെ ആദ്യ പറക്കലിന് സാക്ഷ്യം വഹിച്ചത്. ചടങ്ങിൽ എൽസിഎ, എച്ച്ടിടി-40 പരിശീലന വിമാനങ്ങൾക്കായുള്ള പുതിയ ഉത്‌പാദന ലൈനുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്‌തു.
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി വർധിപ്പിക്കാനും കൂടുതൽ പരിശീലന വിമാനങ്ങൾ നിർമിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെംഗളൂരുവിലെ രണ്ട് ഫാക്‌ടറികളിലാണ് തേജസ് ജെറ്റുകളും മറ്റും ഇതിനകം നിർമ്മിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നാസിക്കിൽ 150 കോടിയിലധികം മുതൽ മുടക്കിൽ പുതിയ ഫാക്‌ടറി സ്ഥാപിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിർമ്മിക്കുന്ന 16 വിമാനങ്ങൾക്ക് പുറമേ, ഓരോ വർഷവും എട്ട് ജെറ്റുകൾ കൂടി നിർമിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എച്ച്എഎല്ലിൻ്റെ മൊത്തം വാർഷിക ഉത്‌പാദനം കൂട്ടുകയും 24 വിമാനങ്ങളായി ഉയർത്തുകയും ചെയ്യും. മുൻകാല തേജസ് ജെറ്റിൻ്റെ നവീകരിച്ച പതിപ്പാണ് പുതിയ തേജസ് എംകെ-1എ. ഇത് ഇന്ത്യൻ വ്യോമസേനയുടെ വിരമിച്ച മിഗ്-21 വിമാനങ്ങൾക്ക് പകരക്കാരനായിരിക്കും.
മൾട്ടി-റോൾ ഫൈറ്റർ ജെറ്റ്, മെച്ചപ്പെട്ട കോംബാറ്റ് ഏവിയോണിക്‌സ്, എയർ-ടു-എയർ ഇന്ധനം നിറയ്ക്കൽ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യോമ പ്രതിരോധം, കര ആക്രമണം, കടൽ ദൗത്യങ്ങൾ എന്നിവ നിർവഹിക്കാൻ കഴിവുള്ള 4.5 തലമുറ മൾട്ടി-റോൾ ഫൈറ്റർ ജെറ്റാണ് ഈ വിമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. തേജസ് എംകെ-1എ 64 ശതമാനത്തിലധികം തദ്ദേശീയമായി നിർമ്മിച്ചതാണ്.
വ്യോമാക്രമണം, കര ആക്രമണം, ചാരവൃത്തി തുടങ്ങിയ വ്യത്യസ്‌ത ദൗത്യങ്ങൾക്കായി നൂതന ആയുധങ്ങൾ വഹിക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇതിന് മണിക്കൂറിൽ 2200 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പറക്കാൻ കഴിയും. മെച്ചപ്പെട്ട പോരാട്ട പ്രകടനത്തിനും പ്രവർത്തന വഴക്കത്തിനും വേണ്ടിയാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ മാസം, പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 62,370 കോടിയുടെ കരാറിൽ ഒപ്പുവച്ചു. 97 തേജസ് എംകെ-1എ ജെറ്റുകൾ വാങ്ങുന്നതിനായാണ് കരാറിൽ ഒപ്പുവച്ചത്. 68 സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളും 29 ഇരട്ട സീറ്റ് ട്രെയിനറുകളും ഇതിൽ ഉൾപ്പെടുന്നു.
ഈ കരാർ ഇന്ത്യൻ വ്യോമസേനയുടെ കഴിവുകളെ വളരെയധികം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. തേജസ് എംകെ-1എയുടെ ഉത്പാദനം വേഗത്തിലാണ് നടക്കുന്നതെന്ന് എച്ച്എഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജഅമേരിക്കൻ നിർമാതാക്കളായ ജനറൽ ഇലക്ട്രിക്കിൽ നിന്ന് കമ്പനിക്ക് അടുത്തിടെ നാല് ജിഇ-404 ജെറ്റ് എഞ്ചിനുകൾ ലഭിച്ചു. വർഷാവസാനത്തോടെ ആദ്യ വിമാനങ്ങൾക്ക് ശക്തി പകരാൻ 12 എഞ്ചിനുകൾ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
