അനിയന്ത്രിതമായ കുടിയേറ്റം ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നുവെന്ന് പറയുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബെംഗളൂരുവിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് കർണാടക സർക്കാരാണെന്നും അതിന്റെ ഗുണം കിട്ടേണ്ടത് കർണാടകക്കാർക്കാണെന്നും കന്നഡ ഭാഷാ പ്രവർത്തകനായ അരുൺ ജാവ്‍ഗലിന്റെ പോസ്റ്റ് പറയുന്നു. കന്നഡികൾക്ക് നഗരത്തിലെ ജോലികളിൽ സംവരണം വേണമെന്നും വാദിക്കുന്നു. നഗരത്തിലെ രൂക്ഷമായ ട്രാഫിക് ബ്ലോക്കുകൾക്ക് കാരണം അനിയന്ത്രിതമായ കുടിയേറ്റമാണ്. ഹെബ്ബാൾ ഫ്ലൈഓവർ നിർമിക്കുന്ന 2004-05 കാലത്ത് അത് ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ഏറ്റവും ആധുനികവുമായിരുന്നു. എന്നാൽ അനിയന്ത്രിതമായ കുടിയേറ്റം മൂലം ഇപ്പോൾ ഹെബ്ബാൾ ഫ്ലൈഓവർ ഒരു പേടിസ്വപ്നമായി മാറി. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്ക് കാരണം കുടിയേറ്റമാണ്.
“ഒരു അടിസ്ഥാന സൗകര്യങ്ങൾക്കും അനിയന്ത്രിതമായ കുടിയേറ്റത്തെ അതിജീവിക്കാൻ കഴിയില്ല,” പോസ്റ്റിൽ പറയുന്നു. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ യാതൊരു ആസൂത്രണവുമില്ലാതെ ബംഗളൂരുവിലേക്ക് ഒഴുകിയെത്താൻ അനുവദിക്കുകയാണ്. ഇത് റോഡുകൾ, ഡ്രെയിനേജ്, പാർപ്പിടം, ജലവിതരണം തുടങ്ങിയ അവശ്യവിഭവങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നു.
കർണാടക സർക്കാർ വ്യവസായങ്ങളെ ആകർഷിക്കാൻ വലിയ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ അതിന്റെ ഗുണം പ്രാദേശിക ജനതയ്ക്ക് ലഭിക്കുന്നില്ല. “കർണാടക വ്യവസായങ്ങളെ ആകർഷിക്കാൻ വലിയ നിക്ഷേപം നടത്തുന്നു. ഭൂമി, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുന്നു. അപ്പോൾ തിരികെ തൊഴിലവസരങ്ങൾ കന്നഡികൾക്ക് തിരികെ ലഭിക്കണമെന്ന് പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?” അദ്ദേഹം ചോദിച്ചു.
കന്നഡികർക്ക് ജോലി സംവരണം എന്ന ആശയത്തെ എതിർക്കുന്ന ബയോ കോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ, മുൻ ഇൻഫോസിസ് സിഎഫ്ഒ ടിവി മോഹൻദാസ് പൈ എന്നിവരെ അദ്ദേഹം വിമർശിച്ചു. ഇരുവരും കന്നഡ വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു. കന്നഡ നാടിന് മേൽ പുറത്തുനിന്നുള്ളവർ സ്ഥാപിക്കുന്ന ആധിപത്യത്തിന്റെ പ്രതിനിധികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. കന്നഡികളുടെ ജീവിതത്തെക്കാൾ അവരുടെ ശ്രദ്ധ കൂടുതൽ ലാഭത്തിൽ മാത്രമാണെന്നും അരുൺ ആരോപിക്കുന്നു. ‘ഗുജറാത്തി കിരണിന്റെയും കൊങ്കിണി മോഹന്റെയും നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വഴങ്ങുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
സമാനമായ പോസ്റ്റുകൾ വേറെയും പ്രചരിക്കുന്നുണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി. ഒരു കിലോമീറ്ററിന് 860 വാഹനങ്ങൾ എന്നതാണ് ബെംഗളൂരു നഗരത്തിന്റെ സ്ഥിതിയെന്ന് വിക്രം എന്നയാളുടെ പോസ്റ്റ് പറയുന്നു. കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നം പരിഹരിക്കാനാകില്ല. “മറ്റ് സംസ്ഥാനങ്ങൾ സ്വന്തം നഗരങ്ങളിൽ തൊഴിൽ കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുവഴി തൊഴിലാളികൾക്ക് അവരുടെ സ്വന്തം വീടിനടുത്ത് നല്ല അവസരങ്ങൾ കണ്ടെത്താൻ കഴിയും. ഇൻഡോർ, കോയമ്പത്തൂർ, ലഖ്‌നൗ, നാഗ്പൂർ, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ ടയർ-2 നഗരങ്ങൾക്ക് ഐടി, സേവന, നിർമ്മാണ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയുണ്ട്.” രാജ്യത്തെ സർക്കാർ വികസനം സംതുലിതമായ രീതിയിൽ കൊണ്ടു വന്നില്ലെങ്കിൽ ഇത്തരം ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വിക്രം ചൂണ്ടിക്കാട്ടുന്നു.
