കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുകയാണ്. കൊച്ചി മെട്രോ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്നതോടെ ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകും. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എ ) കൊച്ചിയിൽ പുതിയൊരു ആറു വരി പാത നിർമിക്കാനുള്ള പദ്ധതിയിലാണ്. നിർമാണം പുരോഗമിക്കുന്ന അരൂർ – തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ അരൂർ – ഇടപ്പള്ളി പാതയിലും സമാനമായ ആറുവരി പാത നിർമിക്കാനാണ് എൻഎച്ച്എ ലക്ഷ്യമിടുന്നത്.
വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. വിവിധ കമ്പനികളിൽ നിന്ന് ലഭിച്ച ടെൻഡറുകൾ വിശദമായി പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കുള്ളിൽ കൺസൾട്ടൻ്റിനെ തെരഞ്ഞെടുക്കും. ആറു മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാകും. അതിനുശേഷം മൂന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമാണം തുടരുന്ന അരൂർ – തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായി പുതിയ പാത പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് അറുതിയുണ്ടാകും. എൻഎച്ച് 66ലെ തഗാതഗത പ്രശ്നം അവസാനിക്കുകയും ചെയ്യും.
പുതിയ പാത ഇടപ്പള്ളി ജങ്ഷനിൽ നിന്ന് ആരംഭിച്ച് അരൂർ ജങ്ഷനിൽ അവസാനിക്കും. ഏകദേശം 14.64 കിലോമീറ്ററാണ് നീളം. മുൻപ് ഭോപ്പാലിൽ നിന്നുള്ള ഒരു കൺസൾട്ടൻസി തയ്യാറാക്കിയ ഡിപിആറിൽ പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ കൊച്ചി മെട്രോയുടെ നിർമാണത്തെക്കുറിച്ച് വേണ്ടത്ര പരിഗണിച്ചിരുന്നില്ല. അതിനാൽ കൊച്ചി മെട്രോയുടെ കാക്കനാട് എക്സ്റ്റൻഷൻ കടന്നുപോകുന്ന ഭാഗത്ത് ഉയരം ശരിയായി ക്രമീകരിക്കുന്നതിനായി പുതിയ രൂപരേഖ തയ്യാറാക്കാൻ എൻഎച്ച്എഐ നിർദേശിച്ചിരുന്നു. പുതിയ രൂപരേഖ അനുസരിച്ച് ഈ എലിവേറ്റഡ് ഹൈവേ നിലവിലുള്ള ഫ്ലൈഓവറിൻ്റെയും വരാനിരിക്കുന്ന മെട്രോ വയഡക്ടിൻ്റെയും മുകളിൽ ഏകദേശം 32 മീറ്റർ ഉയരത്തിലായിരിക്കും നിർമിക്കുന്നത്.
