തന്നെയും കുടുംബത്തെയും ചേർത്തെഴുതി വരുന്ന ഗോസിപ്പുകൾക്ക് മറുപടി നൽകി വൈഷ്ണവി സായി കുമാർ. ഒരു എ ഐ ഇമേജിനൊപ്പം സായി കുമാറിനെ ചേർത്തുവച്ചുള്ള ക്യാപ്‌ഷൻ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.
മുത്തച്ഛനേയും അച്ഛനേയും അച്ഛന്റെ പെങ്ങന്മാരെയും പോലെ അഭിനയത്തിൽ സജീവമാണ് വൈഷ്ണവി. കുട്ടിക്കാലത്ത് ‘ഏഴുവർണ്ണങ്ങൾ’ എന്ന ടെലിഫിലിമിൽ ഒന്നോ രണ്ടോ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. സായ്കുമാറിന്റെയും ആദ്യ ഭാര്യയായ പ്രസന്നകുമാരിയുടെയും മകളായി 1995ലാണ് ജനനം. പ്രസന്നകുമാരിയും സായ്കുമാറും 2007ൽ വിവാഹ മോചിതരായി. പിന്നീട് 2009ൽ നടി ബിന്ദു പണിക്കരെ കല്യാണം കഴിച്ചു. 2020ൽ സീ കേരളത്തിലെ കൈയ്യെത്തും ദൂരത്ത് പരമ്പരയിലെ വില്ലത്തിയായ കനകദുർഗയിലൂടെയാണ് വൈഷ്ണവി ശ്രദ്ധിക്കപ്പെട്ടത്. ആദ്യ പരമ്പരയിലൂടെ തന്നെ ആരാധകരെ കൈയിലെടുത്തു. ഏഷ്യാനെറ്റിലെ കുടുംബവിളക്കിലും ഫ്ലവേഴ്സിലെ പഞ്ചാഗ്നിയിലും സുഖമോ ദേവിയിലും തിളങ്ങി. കൈനിറയെ ഹിറ്റ് പരമ്പരകൾ ലഭിച്ചു. ഇപ്പോൾ ഏഷ്യാനെറ്റിലെ സീരിയലായ ‘മഴ തോരും മുൻപെയിൽ’ വൈജയന്തിയായി തകർത്ത് അഭിനയിക്കുകയാണ്. അച്ഛൻ സായ്കുമാറിന്റെയും മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും പേരുകള്‍ ചേര്‍ത്തുവെച്ചായിരുന്നു വൈഷ്ണവിയുടെ പരമ്പരയുടെ പ്രമോ ഒരിക്കൽ വൈറൽ ആയത്. ഇത് കണ്ടപ്പോഴാണ് പലരും തന്നെ തിരിച്ചറിഞ്ഞതെന്ന് ഒരിക്കൽ വൈഷ്ണവി പറഞ്ഞിരുന്നു. കണ്ണുകള്‍ കണ്ടിട്ട് സായ്കുമാറിനെപ്പോലെയുണ്ടല്ലോ എന്ന് ചിലരൊക്കെ സ്ഥിരമായി പറയാറുണ്ട്. 2018 ജൂൺ 17ന് സുജിത് കുമാറിനെ വിവാഹംകഴിച്ചു. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്.

പോസ്റ്റ് ഇങ്ങനെ:
എന്റെ ഫാൻ പേജ് സൃഷ്‌ടിച്ച ഒരു എ ഐ ഇമേജിന്റെ പേരിൽ കുറച്ചു ദിവസമായി എന്റെ കുടുംബത്തെ കുറിച്ചും എന്റെ അച്ഛനെയും അമ്മയേയും കുറിച്ചും, എന്നെയും എന്റെ ജീവിതത്തെക്കുറിച്ചും ഒക്കെ ചില പോസ്റ്റുകൾ കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ള ആളുകൾ അല്ല. എന്റെ ഇൻസ്റ്റാഗ്രാം അക്ക്റൗണ്ടിൽ അല്ല ഈ പോസ്റ്റ് വന്നിട്ടുള്ളത്. എനിക്ക് ഒരു ഐഡി മാത്രം ആണുള്ളത്. ദയവ് ചെയ്തു എന്റെ പേഴ്സണൽ ലൈഫ് വിഷയങ്ങൾ പബ്‌ളിക്കിന്റെ മുന്പിലേക്ക് വലിച്ചിടരുത്. എന്റെ അച്ഛന് എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഇങ്ങനെ എ ഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്ക് ഇല്ല. ഞങ്ങളെ ദയവായി വെറുതെ വിടൂ; എന്നായിരുന്നു വൈഷ്ണവിയുടെ പോസ്റ്റ്.