Thursday, April 16, 2026
Thursday, April 16, 2026
Homestraight angleമൂന്നാമൂഴം നോക്കുന്ന ബജറ്റിൽ കയ്പോ മധുരമോ?

മൂന്നാമൂഴം നോക്കുന്ന ബജറ്റിൽ കയ്പോ മധുരമോ?

Published on

രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ്. പക്ഷെ മൂന്നാമൂഴം ലക്ഷ്യമിടുന്നതിനാൽ മേമ്പൊടിയായി മധുരമേറെയുണ്ടാവുമെന്നാണ് അടക്കംപറച്ചിൽ. വിഴിഞ്ഞം തുറമുഖത്തിൻ്റെ അനുബന്ധ വികസനം, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, ക്ഷേമ പെന്‍ഷന്‍ വര്‍ധന, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനു പകരം ഉറപ്പുള്ള പെന്‍ഷന്‍ അഥവാ അഷ്വേര്‍ഡ് പെന്‍ഷന്‍ ഇവ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോടു തുടരുന്ന സാമ്പത്തിക വിവേചനം മുറിച്ചു കടക്കാനുള്ള ബദല്‍ പ്രഖ്യാപനങ്ങളും സ്വാഭാവികമായി പ്രതീക്ഷിക്കാം. 2021 ലെ എല്‍ഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പ്രതിമാസം 2500 രൂപ ക്ഷേമ പെന്‍ഷന്‍ എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു പക്ഷേ ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കിയേക്കുമെന്നാണ് പ്രതീക്ഷ.
തുറമുഖം വഴിയുള്ള ചരക്കു നീക്കത്തിൻ്റെ ആഗോള ഹബ്ബാകാന്‍ അതിവേഗം ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ അവശേഷിക്കുന്ന രണ്ടു മൂന്നും നാലും ഘട്ടങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഏകദേശം 10,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പ് രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിൻ്റെ സാമ്പത്തിക രംഗത്തുണ്ടാകാന്‍ പോകുന്നത് വന്‍ കുതിച്ചു ചാട്ടമായിരിക്കുമെന്നാണ് കരുതുന്നത്. ഇതു മുന്‍ കൂട്ടികണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ തിരുനേല്‍വേലിയില്‍ 2000 ഏക്കര്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പ്രധാനമായും വഴിഞ്ഞം തുറമുഖ വികസനത്തിൻ്റെ ഭാഗമായെത്തുന്ന വ്യവസായങ്ങള്‍ക്കുള്ള സ്ഥലം എന്ന നിലയിലാണിത്.
എന്നാല്‍ കേരളത്തിനാകട്ടെ ആ നിലയില്‍ ഇതുവരെ വന്‍ മുന്നേറ്റത്തിനു തുടക്കമിടാനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യവസായ വികസന വകുപ്പിനു കീഴിലുള്ള കിന്‍ഫ്ര 150 ഏക്കര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിനു പുറമേ കേരള മാരിടൈം ബോര്‍ഡ് നടത്താനുദ്ദേശിക്കുന്ന കണ്ടയ്നര്‍ യാര്‍ഡ്, ഫ്രൈറ്റ് സ്റ്റേഷന്‍, എണ്ണ സംഭരണശാല എന്നിവയൊക്കെ കടലാസിലാണ്. ഇത് യാഥാര്‍ഥ്യമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ സ്വാഭാവികമായി പ്രതീക്ഷിക്കാം.
വിഴിഞ്ഞം തുറമുഖ കണ്ടെയ്നര്‍ നീക്ക ഭാഗമായി സര്‍ക്കാര്‍ വിഭാവനം ചെയ്ത 63 കിലോമീറ്റര്‍ വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തില്‍ നിന്ന് പിന്‍മാറിയതോടെ നടപടികള്‍ ഒന്നാകെ ഇപ്പോള്‍ സ്തംഭനത്തിലാണ്. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ബദല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. സിംഗപ്പൂര്‍, ഡോട്ടര്‍ ഡാം ദുബായ് എന്നിവയുടെ മാതൃകയില്‍ വിഴിഞ്ഞത്തെ കയറ്റിറക്കുമതി തുറമുഖമാക്കി മാറ്റുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം ഇപ്പോഴും കടലാസിലാണ്. അതിലേക്ക് പുതിയചുവടുവയ്പ് ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഗ്രോത്ത് ട്രയാങ്കിള്‍ പ്രഖ്യാപനവും കഴിഞ്ഞ ബജറ്റിലുണ്ടായതാണ്. അതിലും മറ്റു പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ മുന്നോട്ടു പോക്കിനുള്ള പ്രഖ്യാപനത്തിനു സാധ്യതയുണ്ട്.
ഇടതു സര്‍ക്കാരിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം ഉറപ്പുള്ള പെന്‍ഷന്‍ പദ്ധതി. ഇതോടൊപ്പം ഡിഎ കുടിശിക കൊടുത്തു തീര്‍ക്കുമെന്നൊരു പ്രഖ്യാപനവുമുണ്ടാകും. കൊച്ചി മെട്രോക്കു പകരമായി തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രഖ്യാപിച്ച ലൈറ്റ് മെട്രോ പദ്ധതിയില്‍ നിര്‍ണായക ചുവടുവയ്പാകുന്ന പ്രഖ്യാപനത്തിനും സാധ്യതയേറെയാണ്.
കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ സാമ്പത്തിക വിവേചനത്തിനതിരെ ജനുവരി 12 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നടത്തിയിരുന്നു. ഇക്കൊല്ലം മാര്‍ച്ച് മുതല്‍ മൂന്ന് മാസക്കാലയളവില്‍ സംസ്ഥാനത്തിനു വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം കേന്ദ്രം വെട്ടിക്കുറച്ചു എന്നാണ് സംസ്ഥാനത്തിൻ്റെ പരാതി. ഈ സാമ്പത്തിക വര്‍ഷത്തിൻ്റെ അവസാനം ലഭിക്കേണ്ടിയിരുന്ന 12000 കോടി രൂപയുടെ വായ്പയില്‍ നിന്ന് 5900 കോടി രൂപ വെട്ടിക്കുറച്ചതായി സംസ്ഥാനം പറയുന്നു. പദ്ധതികളുടെ പേരില്‍ കേന്ദ്രം മേനി നടിക്കുകയും എന്നാല്‍ ആ ഇനത്തില്‍ സംസ്ഥാനത്തിനു നല്‍കേണ്ട വിഹിതം തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നാണ് കേരളത്തിൻ്റെ ആരോപണം. 5783.69 രൂപയാണ് ഈ ഇനത്തില്‍ മാത്രം സംസ്ഥാനത്തിനു കുടിശികയുള്ളതെന്നാണ് സംസ്ഥാനം പറയുന്നത്. ഇതു മറികടക്കാന്‍ സംസ്ഥാനത്തിനെന്തു വഴിയെന്നുള്ളത് ഒരു പക്ഷേ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. എന്തായാലും ജനുവരി 29 ന് രാവിലെ 9ന് നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കാത്തിരിക്കാം.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...