ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ചാകും ഇടനാഴി. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകളും ആരംഭിക്കുമെന്ന് പ്രഖ്യാപനം. വരും മണിക്കൂറുകളിൽ കൂടുതൽ പ്രഖ്യാപനങ്ങളും വിവരങ്ങളുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആദ്യമായി മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയായി കേന്ദ്ര ബജറ്റ് 2026 വർധിപ്പിച്ചു. അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഈ നഗരങ്ങളെ പുതിയ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. റോഡുകൾ, റെയിൽവേ, പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
2025-26ലെ കേന്ദ്ര ബജറ്റ് ഗതാഗത മേഖലയിൽ റോഡ്, റെയിൽവേ, നഗരഗതാഗതം എന്നിവയിൽ ആധുനികവൽക്കരണവും സുസ്ഥിരമായ വളർച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനായി വൻ തുക നീക്കിവക്കുന്നതിലൂടെ ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാനും ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
റോഡ് വികസനത്തിൻ്റെ ഭാഗമായി ദേശീയപാതകളുടെ വികസനവും നവീകരണവും വേഗത്തിലാക്കാനുള്ള ഫണ്ട് അനുവദിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും, റെയിൽവേ ട്രാക്കുകൾ നവീകരിക്കാനും കൂടുതൽ പുതിയ പാതകൾ നിർമ്മിക്കാനും തുക നീക്കിവെച്ചു.
മെട്രോ റെയിൽ പദ്ധതികൾക്കും ഇലക്ട്രിക് ബസുകൾക്കും പിന്തുണ നൽകി. പിഎം ഗതിശക്തി പദ്ധതിയിലൂടെ 2025-ലെ ബജറ്റ് ഗതാഗത മേഖലയിൽ ദീർഘകാല സുസ്ഥിര വികസനവും സാങ്കേതികവിദ്യ അധിഷ്‌ഠിത പുരോഗതിയും ലക്ഷ്യമിടുന്നുവെന്നും പ്രഖ്യാപിച്ചിരുന്നു. പുതിയ പാതയുണ്ടാക്കുന്നതിനായി 32235.24 കോടി രൂപയാണ് വകയിരുത്തിയത്. പാത ഇരട്ടിപ്പിക്കലിന് 32000 കോടി, പാത ദീര്‍ഘിപ്പിക്കല്‍ 22800 കോടി, ഇലക്‌ട്രിക്കല്‍ പ്രൊജക്‌ട് 6150 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്.
ഇതിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ മുൻഗണന നൽകിക്കൊണ്ട് ഗ്രാമീണ റോഡുകൾക്കായി പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) വഴി ₹19,000 കോടി അനുവദിക്കുകയും ചെയ്‌തു. ഗ്രാമ സഡക് യോജനയിലുടെ കണക്റ്റിവിറ്റി ഇല്ലാത്ത 25,000 ഗ്രാമങ്ങളെ ബന്ധിപ്പിക്കുമെന്നുമെന്നും പ്രഖ്യാപിച്ചിരുന്നു. റോഡ്, ഹൈവേ മന്ത്രാലയങ്ങളുടെ മൂലധനച്ചെലവിൽ 10% വർധനവാണ് ബജറ്റിൽ പ്രതീക്ഷിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനായി സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് (CRIF) ഫലപ്രദമായി ഉപയോഗിക്കുമെന്നും തിരക്ക് കുറയ്ക്കുന്നതിനായി നഗരങ്ങളിൽ എലവേറ്റഡ് കോറിഡോറുകളും ഹൈവേകളും വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
റോഡ് നിർമ്മാണത്തിന് പുറമെ, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാഫിക് മാനേജ്‌മെൻ്റും റോഡ് സുരക്ഷയും ഈ വർഷത്തെ വികസന നയത്തിന്റെ ഭാഗമാണെന്നായിരുന്നു വിലയിരുത്തിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി റോഡ്- അടിസ്ഥാന സൗകര്യങ്ങൾ മാറിയിരിക്കുന്നു. സാമ്പത്തിക വളർച്ചയിലും രാജ്യത്തിൻ്റെ വികസനത്തിലും വളരെ നിർണായകമായ പങ്കാണ് റോഡ്- അടിസ്ഥാന സൗകര്യങ്ങൾക്ക്.
ദേശീയപാതാ വികസനത്തിലെ സുസ്ഥിര നിക്ഷേപങ്ങൾ രാജ്യത്തിന് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നുവെന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും ദീർഘകാല സാമ്പത്തിക വളർച്ചയെ സഹായിക്കുന്നുവെന്നുമാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ രംഗത്ത് മൂലധന നിക്ഷേപം വർധിപ്പിക്കാനും ഹൈവേ, ഗതാഗത പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും സാമ്പത്തിക വിദഗ്‌ധരും വ്യവസായികളും ആവശ്യപ്പെട്ടിരുന്നത്.
‘മഹാത്മാഗാന്ധി ഗ്രാമസ്വരാജ്’ പദ്ധതി
ഇന്ത്യയുടെ പൈതൃകമായ ഖാദി, കൈത്തറി, കരകൗശല മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ‘മഹാത്മാഗാന്ധി ഗ്രാമസ്വരാജ്’ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2026-ലെ കേന്ദ്ര ബജറ്റിലാണ് വസ്ത്രനിര്‍മ്മാണ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ മന്ത്രി അവതരിപ്പിച്ചത്.
വസ്ത്രനിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്കായി അഞ്ച് പ്രധാന ഉപപദ്ധതികള്‍ ഉള്‍പ്പെടുന്ന ഒരു ബൃഹദ് പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു.
നാഷണല്‍ ഫൈബര്‍ സ്‌കീം: സില്‍ക്ക്, കമ്പിളി, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകളിലും പുതിയ കാലത്തെ സിന്തറ്റിക് നാരുകളിലും സ്വയംപര്യാപ്തത കൈവരിക്കുക.
ടെക്‌സ്‌റ്റൈല്‍ എക്‌സ്പാന്‍ഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സ്‌കീം: പരമ്പരാഗത ക്ലസ്റ്ററുകളുടെ നവീകരണത്തിനായി മൂലധന സഹായം നല്‍കും. യന്ത്രസാമഗ്രികള്‍ക്കും സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന.
നാഷണല്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് പ്രോഗ്രാം: നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും നേരിട്ടുള്ള പിന്തുണ ഉറപ്പാക്കും.
ടെക്സ്റ്റ്-ഇക്കോണ്‍: ആഗോള വിപണിയില്‍ മത്സരിക്കാന്‍ ശേഷിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വസ്ത്രനിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കും.
സമര്‍ത്ഥ് 2.0: വ്യവസായ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നൈപുണ്യ വികസനം ഉറപ്പാക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ‘ചലഞ്ച് മോഡ്’ വഴിയായിരിക്കും ഇവയ്ക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് വസ്ത്രനിര്‍മ്മാണ രംഗത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.
‘മഹാത്മാഗാന്ധി ഗ്രാമസ്വരാജ്’ പദ്ധതിയിലൂടെ ഖാദി ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും ആഗോള വിപണിയും മെച്ചപ്പെടുത്തും. ഇത് ഗ്രാമീണ യുവാക്കള്‍ക്കും നെയ്ത്തുകാര്‍ക്കും ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിക്കും വലിയ ഗുണം ചെയ്യും.
‘ഓറഞ്ച് ഇക്കോണമി’ക്ക് കരുത്തുപകരാൻ വൻ പദ്ധതികൾ
കല, ഡിസൈൻ, സാങ്കേതികവിദ്യ എന്നിവ കോർത്തിണക്കിയുള്ള ‘ഓറഞ്ച് ഇക്കോണമി’ക്ക് കരുത്തുപകരാൻ വൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി.
അനിമേഷൻ, ഗെയിമിംഗ് മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (എവിജിസി) മേഖലയ്ക്ക് 2030-ഓടെ 20 ലക്ഷം പ്രൊഫഷണലുകളെ ആവശ്യമായി വരും.
ഇത് മുന്നിൽക്കണ്ട് രാജ്യത്തെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ’ സ്ഥാപിക്കും.
മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്റെ സഹായത്തോടെയാകും ഇത് നടപ്പിലാക്കുക.
പ്രമുഖ വ്യവസായ-ലോജിസ്റ്റിക് ഇടനാഴികൾക്ക് സമീപം അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ വികസിപ്പിക്കും.
കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, താമസസൗകര്യങ്ങൾ എന്നിവയടങ്ങുന്ന ആധുനിക അക്കാദമിക് മേഖലകളായിരിക്കും ഇവ.
സർവീസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഇന്ത്യയുടെ സേവന മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ചെലുത്തുന്ന സ്വാധീനം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലാണ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന ഈ സുപ്രധാന നീക്കം മന്ത്രി അറിയിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവന മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പഠിക്കുകയും ഈ രംഗത്തെ വളര്‍ച്ചാ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മുന്‍ഗണനാ മേഖലകള്‍ നിശ്ചയിക്കുകയും ചെയ്യും. എഐ ഒരു ആഡംബര സാങ്കേതിക വിദ്യയല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക തന്ത്രമാണെന്നാണ് സാമ്പത്തിക സര്‍വേയും വ്യക്തമാക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചെലവ് 9 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി 12.2 ലക്ഷം കോടി രൂപ അനുവദിച്ചു.
വാചകക്കസര്‍ത്തിന് പകരം പ്രായോഗിക പരിഷ്‌കാരങ്ങളുടെ പാതയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്നും 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്. ഇതോടെ 10 ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡിന് തൊട്ടടുത്തെത്താന്‍ അവര്‍ക്ക് സാധിച്ചു.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വ്യവസായ മേഖലയില്‍ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ സാങ്കേതിക മേഖലയിലെ പ്രമുഖ കമ്പനികള്‍ സ്വാഗതം ചെയ്തു. വിവിധ മേഖലകളില്‍ എഐ നടപ്പിലാക്കുന്നതിലൂടെ തൊഴില്‍ രംഗത്തും ഉല്‍പ്പാദനക്ഷമതയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


