Monday, March 2, 2026
Monday, March 2, 2026
Homeviewsകേരളത്തിൽ ചൂട് വർധിക്കുന്നു

കേരളത്തിൽ ചൂട് വർധിക്കുന്നു

Published on

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കഴിഞ്ഞ ശനിയാഴ്ചയാണ് കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവൻ എരിക്കുളം പറഞ്ഞു. 38.4 ഡിഗ്രി സെൽഷ്യസ് കണ്ണൂർ വിമാനത്താവളത്തിലാണ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അത് 34 ഡിഗ്രിയിലേക്ക് കുറഞ്ഞു. മഴയില്ലാത്ത മാസമായതിനാൽ ചൂട് വർദ്ധിക്കും. ഇത് പ്രധാനമായും മധ്യമേഖലകളിലാണ് കൂടുതൽ അനുഭവപ്പെടുക. മലയോരത്തും കടലോരത്തും ചൂട് വർദ്ധിക്കാൻ സമയമായിട്ടില്ല. എന്നാൽ രണ്ടിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് ജാഗ്രത വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷ താപനിലയുടെ കണക്ക് ശരാശരിയിലാണെങ്കിലും സൂര്യപ്രകാശത്തെ നേരിട്ട് അഭിമുഖീകരിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. വായുവിന്‍റെ താപനില ശരാശരിയിലാണെങ്കിലും ചില ദിവസങ്ങളിൽ അത് കുത്തനെ ഉയരുന്നുമുണ്ട്. അൾട്രാ വയലറ്റ് കണക്കും ശരാശരിയിലാണെങ്കിലും സൂര്യകിരണങ്ങൾ നേരിട്ട് പതിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരള മേധാവി നീത കെ. ഗോപാൽ പറഞ്ഞു.

പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്:

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർദ്ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മണി മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റ് വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...