Thursday, April 16, 2026
Thursday, April 16, 2026
Homeviewsഅപകടങ്ങൾക്ക് വഴിയൊരുക്കുന്ന അശാസ്ത്രീയ റോഡുകൾ

അപകടങ്ങൾക്ക് വഴിയൊരുക്കുന്ന അശാസ്ത്രീയ റോഡുകൾ

Published on

അപകടവാർത്തകൾ എന്നും നമ്മൾ കേൾക്കുന്നവയാണ്. എന്നാൽ ഒരിക്കലും കേൾക്കാൻ താൽപര്യമില്ലാത്ത വാർത്തകളുമാണ് അവ. ഓരോ അപകടവാർത്തയും നമ്മളിൽ അതിശയവും വേദനയും പ്രാർത്ഥനയും ഒരുപോലെ ഉണർത്തുന്നു. നമ്മുടെ ബന്ധുക്കളോ പരിചയക്കാരോ ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുമ്പോൾ ആശ്വാസം തോന്നുമെങ്കിലും, ഓരോ അപകടവും മനുഷ്യ മനസാക്ഷിയെ ആഴത്തിൽ വേദനിപ്പിക്കുന്നു.


ഇന്നത്തെ സമൂഹത്തിൽ റോഡപകടങ്ങൾ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു. ഡ്രൈവറുടെ അനാസ്ഥ, അമിതവേഗം, മദ്യപാനം, പരിചയക്കുറവ് തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നിയമനടപടികളും പിഴകളും ഏർപ്പെടുത്തി സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതായി കാണിക്കുന്നു.
എന്നാൽ, വാഹന ഫിറ്റ്നസ്, ഇൻഷുറൻസ്, റോഡ് നികുതി തുടങ്ങിയവ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന് പകരം, ഖജനാവിലേക്ക് പണം ഒഴുക്കാനുള്ള മാർഗങ്ങളായി മാത്രം മാറുന്നതായി പലപ്പോഴും അനുഭവപ്പെടുന്നു. കർശന നിയമങ്ങൾ നിലനിൽക്കുമ്പോഴും അപകടങ്ങൾ കുറയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
റോഡ് നികുതി ഈടാക്കുന്ന സർക്കാരിന് സഞ്ചാരയോഗ്യവും സുരക്ഷിതവുമായ റോഡുകൾ ഒരുക്കേണ്ടത് കടമയാണ്. എന്നാൽ, പല റോഡുകളും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കപ്പെടുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. പ്രഗത്ഭരായ സിവിൽ എഞ്ചിനീയർമാർ ഉണ്ടായിട്ടും, അവരുടെ അറിവ് പലപ്പോഴും പ്രായോഗിക നിർമാണത്തിൽ പ്രതിഫലിക്കുന്നില്ല.
കോൺട്രാക്ടർമാർക്ക് അനുകൂലമായ വഴിവിട്ട തീരുമാനങ്ങളും അഴിമതിയും ബിനാമി ഇടപാടുകളും ഇത്തരം അനീതികൾക്ക് വഴിയൊരുക്കുന്നു. വർഷങ്ങൾക്കുശേഷം അന്വേഷണ ഏജൻസികൾ ഇടപെടുമ്പോഴാണ് ഇതിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്.
കോട്ടയം ജില്ലയിലെ പയപ്പാറയും ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയും സ്ഥിരം അപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളായി മാറിയിരിക്കുന്നു. വളവുകളിൽ ആവശ്യമായ ചരിവും സുരക്ഷാസൗകര്യങ്ങളും ഇല്ലായ്മയാണ് പ്രധാന പ്രശ്നം. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും, വകുപ്പുകൾ തമ്മിലുള്ള ഉത്തരവാദിത്തമില്ലായ്മയാണ് പലപ്പോഴും മറുപടിയായി ലഭിക്കുന്നത്.
സൈൻബോർഡുകളുടെ അഭാവം, പ്രവർത്തനരഹിതമായ മുന്നറിയിപ്പുകൾ, നിലവാരമില്ലാത്ത സ്പീഡ് ബ്രേക്കറുകൾ, അപര്യാപ്തമായ ലൈറ്റിംഗ് സംവിധാനം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് ഭാരവാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്നത് ആശങ്കാജനകമാണ്.
ഇറക്കം തുടങ്ങുന്നതിന് മുമ്പ് തന്നെ അപകടസാധ്യതകൾ യാത്രക്കാർക്ക് വ്യക്തമാക്കണം. അപകടമേഖലകളിൽ കർശന വേഗനിയന്ത്രണവും പോലീസ് നിരീക്ഷണവും ഉറപ്പാക്കണം. റോഡുകളിൽ മതിയായ വെളിച്ചവും പരിപാലനവും അനിവാര്യമാണ്.
വികസനം വെറും ഫണ്ടുകൾ ചെലവഴിക്കാനോ ഫോട്ടോകൾ സ്ഥാപിക്കാനോ വേണ്ടിയാകരുത്. മനുഷ്യജീവിതത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് യഥാർത്ഥ വികസനത്തിന്റെ അളവുകോൽ.
മനുഷ്യജീവിതത്തിൽ മൂന്നു തരത്തിലുള്ള ദുരന്തങ്ങൾ പറയപ്പെടുന്നു: സ്വയംകൃതം, വിധികൃതം, പരകൃതം. റോഡപകടങ്ങൾ പ്രധാനമായും പരകൃത ദുരന്തങ്ങളാണ്. മറ്റുള്ളവരുടെ അനാസ്ഥയും ഭരണസംവിധാനങ്ങളുടെ വീഴ്ചകളും നിരപരാധികളുടെ ജീവൻ പൊലിക്കുന്നു.
റോഡപകടങ്ങൾ ഒരു വ്യക്തിയുടെ പ്രശ്നമല്ല; അത് ഒരു സമൂഹത്തിന്റെ പരാജയത്തിന്റെ പ്രതീകമാണ്. ശാസ്ത്രീയമായ റോഡ് നിർമാണം, സുതാര്യമായ ഭരണകൂടം, ശക്തമായ നിയമപ്രവർത്തനം, പൊതുജന ബോധവൽക്കരണം എന്നിവ ഒരുമിച്ച് നടപ്പിലാക്കിയാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയൂ.
മനുഷ്യജീവിതത്തിന്റെ വില തിരിച്ചറിഞ്ഞ്, ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്ന ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാം. അപകടങ്ങൾ വാർത്തകളായി മാത്രം മാറുന്ന ഒരു നാളെയ്ക്കായി, ഇന്നുതന്നെ നമുക്ക് മുന്നോട്ട് പോകാം.

എഴുത്ത് : സിജു മൈക്കിൾ കല്ലൂർ

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...