കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ മുസ്‍ലീംലീഗ് നേതാവ് നൂർബിന റഷീദ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതിന്റെ പ്രതിഫലനം ആദ്യമുണ്ടായത് സൗത്ത് മണ്ഡലത്തിലാണ്. വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് അവർ നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ കടുത്ത ആരോപണങ്ങൾ അക്കമിട്ട് നിരത്തി അവർ ലീഗിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സംസാരിച്ചത്. ഫാത്തിമ തെഹ്‍ലിയയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ അവർ മുമ്പെ രംഗത്ത് എത്തിയിരുന്നു. ഫാത്തിമ തഹ്‍ലിയക്ക് സീറ്റ് നൽകില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയിരുന്നതാണെന്നും നൂർബിന റഷീദ് പറഞ്ഞു. അതിനിടെ കോഴിക്കോട് സൗത്ത് സീറ്റിൽ മുനീറിന് സീറ്റ് നൽകാതിരുന്നതിനെ തുടർന്നുണ്ടായ പൊട്ടലും ചീറ്റലും ശമിപ്പിക്കാൻ ശ്രമം നടത്തുന്ന ലീഗ് നേതൃത്വത്തിന് പുതിയ സംഭവ വികാസങ്ങൾ കൂടുതൽ തലവേദനയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കുന്ന സമയത്തുണ്ടായ വനിത നേതാവിന്റെ രാജിയും തുറന്നടിക്കലുകളും സാരമായി ബാധിച്ചേക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. അതിനിടെ ബി.ജെ.പി, സി.പി.എം, ഐ.എൻ.എൽ കക്ഷികൾ നൂർബിനയെ തങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിച്ചതായി അഭ്യൂഹങ്ങളുണ്ട്.കാൽനൂറ്റാണ്ടിനു ശേഷഠ 2021 ലാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ഒരു വനിതാ സ്ഥാനാർഥിയെ ലഭിക്കുന്നത്. പക്ഷെ അന്ന് അഹമ്മദ് ദേവർകോവിലിനോട് പരാജയപ്പെട്ടു. 1995ൽ ഖമറുനീസ അൻവറായിരുന്നു ലീഗിൽ നിന്നും വന്ന ആദ്യ വനിത സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനോട് അവരും പരാജയപ്പെട്ടു. മുസ്ലീംസ്ത്രീകൾ പൊതുയിടത്തിൽ വരാൻ മടിച്ചു നിന്ന കാലത്ത് ലീഗിന്റെ വനിതാ സംഘടനയായ വനിതാ ലീഗിന് രൂപം നൽകിയത് അഡ്വ. നൂർബിന റഷീദാണ്. 1995 മുതൽ 2005 വരെ കോഴിക്കോട് കോർപറേഷനിൽ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് കൗൺസിലറായിരുന്നു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വനിതാ കമ്മീഷൻ മുൻ അംഗവുമായിരുന്നു അവർ. 2021 ൽ തന്നെ നൂർബിന റഷീദിന്റെ സ്ഥാനാർഥിത്വം പാർട്ടിപ്രവർത്തകരിൽ ഒരു വിഭാഗത്തിന് അത്ര പിടിച്ചില്ല. കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.


