അഹമ്മദ് ദേവർകോവിൽ എന്ന വ്യക്തിയെ അഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയാളികൾ കേട്ടിരുന്നില്ല. എന്തിന് കോഴിക്കോട്ടുകാർപോലും. എന്നാൽ 2021 ൽ ഇടതുമുന്നണിയിൽ ഐ.എൻ.എൽ സ്ഥാനാർത്ഥിയായി വിജയിച്ച് മന്ത്രിയായതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. സൗമ്യനും സാധാരണക്കാരനുമായ ദേവർകോവിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി എന്ന നിലയിൽ അധികാരമേറ്റ സമയം! വിഴിഞ്ഞം പദ്ധതി എന്നത് ഒരിക്കലും നടക്കില്ല എന്ന് കരുതി അദാനിയും സംഘവും മടങ്ങാനുള്ള സന്ദർഭമായിരുന്നു. അപ്പോഴാണ് ദേവർകോവിൽ വിഴിഞ്ഞം പദ്ധതിയെ പുനരുജ്ജീവിക്കാനുള്ള കഠിന ശ്രമവുമായി മുഖ്യമന്ത്രിയുടെ സഹായത്തോടെ രംഗത്തിറങ്ങിയത്. അത് വിജയിപ്പിച്ച് വിഴിഞ്ഞത്ത് കപ്പൽ എത്തിച്ചാണ് അദ്ദേഹം രണ്ടര വർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞത്.
തുടർന്ന് തന്റെ മണ്ഡലമായ കോഴിക്കോട് സൗത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ഇലക്ഷൻ കാലത്ത് സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾ പുതിയ കഥകളല്ല. പാലം ഒന്ന് കടക്കാനായി തേനും പാലും ഒഴുക്കാമെന്ന് പറഞ്ഞ് വിജയിച്ച് കഴിഞ്ഞാൽ മരണവീട്ടിലും വിവാഹവീട്ടിലും മാത്രംവന്ന് ജനകീയത ചമയുന്ന ചില ജനപ്രതിനിധികളുണ്ട്. അക്കൂട്ടത്തിൽ താൻ പെടരുതെന്ന് ദേവർകോവിലിന് നിർബന്ധമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾ പറഞ്ഞ ഓരോ കാര്യവും അദ്ദേഹം യാഥാർത്ഥ്യമാക്കാൻ ഓടിപ്പാച്ചിലായി. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം കേരളത്തിന്റെ പൊതുമണ്ഡലത്തിലും കോഴിക്കോട് സൗത്ത് മണ്ഡലത്തിലും നടപ്പാക്കിയ വികസനം ആരെയും അമ്പരപ്പിക്കുന്നതാണ്. സൗത്ത് എം.എൽ.എ എന്ന നിലയിലുള്ള വികസനപദ്ധതികൾ ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്. ജനങ്ങൾ ഒരിക്കലും നടക്കില്ല എന്ന് കരുതിയ കല്ലായി പുലിമുട്ട് നിർമ്മാണം എട്ട് കോടി ചെലവിട്ടാണ് അഹമ്മദ് ദേവർകോവിൽ പൂർത്തിയാക്കിയത്. അഴിമതിയുടെ കറപുരളാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
അതിനൊപ്പം ഇടത് രാഷ്ട്രീയത്തിന്റെയും മതനിരപേക്ഷതയുടെയും ബാനറിൽനിന്ന് അദ്ദേഹം സംസാരിച്ചു. ജനം ദേവർകോവിലിനെ ഇത്രയും കാലം നിരീക്ഷിക്കുക കൂടിയായിരുന്നു. ഫോൺ വിളിച്ചാൽ ഏത് സമയത്തായലും കോൾ എടുക്കുന്ന ജനപ്രതിനിധി. അല്ലെങ്കിൽ തിരിച്ചുവിളിച്ച് കാര്യം തിരക്കും. ചെയ്യാൻ കഴിയുന്നതേ പറയൂ. അത് ചെയ്യുകയും ചെയ്യും. ആരോടും വിവേചനമില്ല. രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾവരെ യാഥാർത്ഥ്യമാക്കി. മാത്രമല്ല മണ്ഡലത്തിൽ സാധാരണക്കാരായ ജനങ്ങളുമായി ഹൃദയബന്ധം ഉണ്ടാക്കുകയും അത് മെച്ചപ്പെടുത്തി കൊണ്ടുപോകുകയും ചെയ്തു. പൊതുവേ കോഴിക്കോട്ടുകാർ പുതുതായി വരുന്ന ആളെ പെട്ടെന്ന് ഹൃദയത്തിൽ ഏറ്റില്ല. ഹൃദയത്തിലേറ്റിയാൽ പിന്നെ അതിന് ഇളക്കവുമുണ്ടാകില്ല. അതാണ് ദേവർകോവിലിന്റെ കാര്യത്തിൽ സംഭവിച്ചത്. എതിരാളികൾ എത്ര പ്രചരണ കോലാഹലം സൃഷ്ടിച്ചാലും ജനത്തിന്റെ ഉറച്ച പിന്തുണയുടെ പിൻബലത്തിൽ ദേവർകോവിൽ മുന്നിൽതന്നെയാണ്. ഇക്കാരണങ്ങൾകൊണ്ടാണ് ദേവർകോവിൽ സാധാരണക്കാരനായ അസാധാരണക്കാരനായത്.


