കൊച്ചി: സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. സഞ്ജു സാംസണെപ്പോലെ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു താരം ഉണ്ടായിട്ടും ആ താരത്തിന്റെ കരിയര്‍ നശിപ്പിക്കുന്ന രീതിയിലാണ് കെസിഎ ഇടപെടുന്നത്. സഞ്ജു ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറെന്ന നിലയില്‍ കസറുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായും സഞ്ജു ശോഭിക്കുന്നു.
കേരളത്തിന് അഭിമാനം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കേരളത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാവുന്ന ഏക പേരാണ് സഞ്ജു സാംസണ്‍. എന്നിട്ടും കെസിഎ സഞ്ജുവിന്റെ കരിയറിനെ പിന്നോട്ടടിക്കുന്ന നിലപാടാണെടുക്കുന്നത്. സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറയുമ്പോഴും വസ്തുത അങ്ങനെയാണെന്ന് പറയാനാവില്ല. സഞ്ജുവിനോട് കെസിഎ നേതൃത്വത്തിനുള്ള ഈഗോ പ്രശ്‌നമാണ് ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായിരിക്കുന്നത്.
സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ കെസിഎയുടെ അനാവശ്യ വാശിയാണ് സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങളെ തകര്‍ത്തിരിക്കുന്നത്.
കെസിഎയുടെ വാദങ്ങളെല്ലാം ബാലിശം
കെസിഎ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് തഴയാനുള്ള കാരണം സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാത്തതാണെന്നാണ് കെസിഎ പറയുന്നത്. സെലക്ഷന്‍ ക്യാംപ് നടത്തി ടീമിലിടം നേടേണ്ട താരമല്ല സഞ്ജുവെന്ന വസ്തുത കെസിഎക്ക് നന്നായി അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു മികച്ച ഫിറ്റ്‌നസ് നിലവാരവും കാത്തുസൂക്ഷിക്കുന്നു. അവസാന പരമ്പരകളിലൂടെ മൂന്ന് ടി20 സെഞ്ച്വറിയാണ് സഞ്ജു നേടിയത്.
ഇത്രയും ഫോമില്‍ നില്‍ക്കുന്ന സഞ്ജുവിനെ കളിപ്പിക്കാന്‍ സെലക്ഷന്‍ ക്യാംപിന്റെ ആവശ്യം എന്തെന്നത് വ്യക്തമല്ല. കെസിഎ ഭാരവാഹികളുടെ പിടിവാശിയാണ് ഇത്. രോഹിത് ശര്‍മയോട് മുംബൈയും വിരാട് കോലിയോടും റിഷഭ് പന്തിനോടും ഡല്‍ഹിയും സെലക്ഷന്‍ ക്യാംപില്‍ പങ്കെടുത്താലെ ടീമിലെടുക്കൂ എന്ന് പറയാറില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കേരളത്തിന്റെ അഭിമാനമായി നിന്നിട്ടും സഞ്ജുവിനെ കെസിഎ പരിഗണിക്കുന്നത് ശത്രുതാ മനോഭാവത്തോടെയാണ്.
മുമ്പും സഞ്ജുവിനെ തകര്‍ക്കാന്‍ ശ്രമിച്ചു
കെസിഎ ഇതാദ്യമായല്ല സഞ്ജു സാംസണെ ഒതുക്കാന്‍ നോക്കുന്നത്. സഞ്ജു സാംസണിന്റെ കരിയറിന്റെ തുടക്ക സമയത്ത് പറയാതെ ടീം വിട്ടതിന് സഞ്ജുവിനെ കെസിഎ സസ്‌പെന്‍ഡ് ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തു. കേരള ടീമിന് ഇടവേളയുള്ള സമയത്ത് സഞ്ജു അനുവാദത്തോടെയാണ് യാത്ര പോയത്. എന്നാല്‍ ഇത് അനാവശ്യ വിവാദമാക്കി സഞ്ജുവിന്റെ കരിയറില്‍ ബ്ലാക്ക് മാര്‍ക്ക് സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചു.
സഞ്ജുവിന്റെ പിതാവ് സാംസണെ കെസിഎയുടെ സ്റ്റേഡിയത്തില്‍ നിന്ന് വിലക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തില്‍ പല തരത്തില്‍ സഞ്ജുവിനെ തളര്‍ത്താന്‍ കെസിഎ ശ്രമിച്ചിട്ടുണ്ട്. സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ വളര്‍ച്ചക്ക് കാരണം കെസിഎ ആണെന്ന് പറയാനാവില്ല. സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ കാരണം രാജസ്ഥാന്‍ റോയല്‍സിലെ പ്രകടനമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ ഉയര്‍ച്ചയില്‍ കെസിഎക്ക് വലിയ അവകാശ വാദങ്ങള്‍ ഉന്നയിക്കാനാവില്ല.
കേരളം വിട്ടാൽ വലിയ നഷ്ടം
സഞ്ജു സാംസണെപ്പോലെ വലിയ ആരാധക പിന്തുണയുള്ള ഐപിഎല്ലില്‍ നായകസ്ഥാനമുള്ള താരം കേരളം വിടാന്‍ തീരുമാനിച്ചാല്‍ അത് നികത്താനാവാത്ത വിടവായി മാറും. സന്ദീപ് വാര്യരെപ്പോലെയുള്ള താരങ്ങള്‍ ഇതിനോടകം കേരള ക്രിക്കറ്റില്‍ നിന്ന് കൂടുമാറിക്കഴിഞ്ഞു. സഞ്ജു സാംസണ ടീമിലെത്തിക്കാന്‍ താല്‍പര്യം അറിയിച്ച് രാജസ്ഥാനും തമിഴ്‌നാടും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. സഞ്ജുവിന് കൂടുമാറ്റം വലിയ പ്രയാസമുള്ള കാര്യമാകില്ല.
എന്നാല്‍ സഞ്ജു കേരള ടീം വിട്ടാല്‍ കെസിഎക്ക് എടുത്തു പറയാന്‍ ഒരു അന്താരാഷ്ട്ര താരം പോലുമില്ലാത്ത അവസ്ഥ വരും. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണുമായുള്ള അനാവശ്യ ഈഗോ പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതാണ് കെസിഎക്ക് നല്ലത്. അല്ലാത്ത പക്ഷം സഞ്ജുവിനെക്കാള്‍ തിരിച്ചടി നേരിടേണ്ടി വരിക കെസിഎക്കാവുമെന്ന് ഉറപ്പാണ്.


