Wednesday, April 22, 2026
Wednesday, April 22, 2026
Homeeventsആരാധകർക്ക് ആഘോഷം, റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ

ആരാധകർക്ക് ആഘോഷം, റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ

Published on

ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങളുടെ പിറന്നാളാണ് ഇന്ന്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന്റെയും. വിശ്വകിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഫുട്‌ബോളില്‍ പകരം വെയ്ക്കാൻ കഴിയാത്ത പ്രതിഭകളാണ് റൊണാൾഡോയും നെയ്മറും. പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 40ാം വയസ്സിലേക്ക് കടന്നിരിക്കുന്നു. കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ നെയ്മര്‍ ജൂനിയര്‍ ഇന്ന് 33ലേക്കും കടന്നു.

മികച്ച ഫോമിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
വയസ് നാൽപ്പതിൽ എത്തി നിൽക്കുകയാണെങ്കിലും ഇപ്പോളും മികച്ച ഫോമിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുതട്ടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഇനിയും വർഷങ്ങളോളം കളിക്കാനുള്ള ഫിറ്റ്നസും ഫോമും റോണോക്കുണ്ട്. ഗോളിനായി ഏതടവും പയറ്റുന്ന പോരാളി. 2003ല്‍ സ്പോര്‍ട്ടിങ് ലിസ്ബണില്‍ തുടങ്ങിയ കരിയര്‍. ആദ്യം റൈറ്റ് വിങ്ങറായിരുന്നു. പന്ത് സാവധാനം തട്ടിനീക്കാനും എതിരാളിയെ വെട്ടിയൊഴിയാനും വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള കഴിവ് അവനെ വലതുവിങ്ങില്‍ നിന്ന് മുന്നേറ്റനിരയിലേക്ക് എത്തിച്ചു.

മൈതാനത്ത് അയാളുടെ നീക്കങ്ങള്‍ പലപ്പോഴും അമാനുഷികം എന്നുതോന്നിപ്പിക്കും. അതിലൊന്നാണ് കുതിച്ചുയര്‍ന്നുള്ള ഹെഡറുകള്‍. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ ചാട്ടത്തിന് പിന്നില്‍ ശാരീരികമായ പ്രത്യേകതകൾ മുതൽ കഠിന പരിശീലനം വരെയുണ്ട്.
നിലത്ത് ചെലുത്തുന്ന ബലം, ടേക്ക്ഓഫ്, കാലുകള്‍ പിന്‍ഭാഗത്തേക്ക് മടക്കല്‍ തുടങ്ങിയവ ആ ചാട്ടത്തിന് ശാസ്ത്രീയതയും അഴകും നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്നതുപോലെ… നിന്ന നില്‍പ്പിലെ ചാട്ടമെങ്കില്‍ 43 സെന്‍റീമീറ്ററും ഓട്ടത്തിന് ശേഷമെങ്കില്‍ അത് 78 സെന്‍റീമീറ്റര്‍ വരെയും ഉയരത്തിലാവുന്നു. ആറടി ഒരിഞ്ച് പൊക്കത്തില്‍ അയാള്‍ നില്‍ക്കുമ്പോള്‍ ഏരിയല്‍ ഷോട്ടുകളില്‍ കീഴടക്കുക ദുഷ്കരം.
ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് റൊണാള്‍ഡോ കളത്തില്‍ തീര്‍ക്കുന്നത്. സാങ്കേതികത്തികവുള്ള ഫുട്ബോള്‍ കരുത്തിന്‍റെ മൂര്‍ത്തഭാവം. എതിര്‍ ഗോള്‍മുഖത്ത് എത്തുമ്പോള്‍ കടുവയുടെ ക്രൗര്യം. ഹെഡര്‍ ഗോളുകളിലും ഫ്രീകിക്ക്, പെനല്‍റ്റി ഗോളുകളിലും റൊണാള്‍‍ഡോയുടെ കണക്കിലെ കൃത്യത കാണാം.

വായുവില്‍ ഉയര്‍ന്നുചാടുമ്പോള്‍ ശരീരം ബാലന്‍സ് ചെയ്യുന്നതിന് റൊണാള്‍ഡ‍ോ കാട്ടുന്ന മിടുക്കിന് പകരം വയ്ക്കാനൊന്നുമില്ല. കളി മെല്ലെെമെല്ലെ പടുത്തുയര്‍ത്താനും വേഗം കൂട്ടാനും പ്രതിരോധനിരയിലേക്ക് ഇറങ്ങിച്ചെന്ന് പന്ത് സ്വീകരിക്കാനും അസാമാന്യ വൈഭവം. എതിരാളിയുടെ നീക്കങ്ങള്‍ അതിവേഗം മനസിലാക്കാനും അത് മുന്‍കൂട്ടിക്കണ്ട് പാസ് നല്‍കാനും മിടുക്കന്‍.
മല്‍സരം ജയിക്കണമെന്ന ഒടുങ്ങാത്ത വാശിയും തോല്‍ക്കാന്‍ മനസില്ലാത്ത പോരാട്ടവും ടീം അംഗങ്ങളുടെ ചെറിയ പിഴവുകളില്‍ അവരെ ശാസിക്കുന്ന രീതിയുമെല്ലാം റൊണാള്‍ഡോയ്ക്ക് എതിരാളികള്‍ ധിക്കാരി,അഹങ്കാരി തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി. ചിട്ടയായ പരിശീലനവും ഭക്ഷണക്രമവും റൊണാള്‍ഡ‍ോയെ മറ്റ് ഫുട്ബോള്‍ താരങ്ങളില്‍ നിന്ന് ഊര്‍ജമുള്ളവനും ശാരീരികക്ഷമതയുള്ളവനുമാക്കുന്നു.

പോര്‍ച്ചുഗലില്‍ നിന്ന് പ്രീമിയര്‍ ലീഗിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യ മുന്ന് സീസണിലും റൈറ്റ് വിങ്ങറായിരുന്നു. പതിയെ സ്ട്രൈക്കറുടെ പൂര്‍ണതയിലേക്കെത്തി. 2007–2008 സീസണില്‍ ചുവന്ന കുപ്പായത്തില്‍ ജ്വലിച്ചു. 2009ല്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് സ്പാനിഷ് ലീഗിലേക്ക്. റയല്‍ മഡ്രിഡിന്റെ ജഴ്സിയില്‍ കരിയര്‍ ഉത്തുംഗശൃംഖത്തിലെത്തി. ലാ ലിഗയില്‍ നിന്നാണ് മെസി–റൊണാള്‍ഡോ പോര് തുടങ്ങുന്നതും ഫുട്ബോള്‍ പ്രേമികള്‍ക്ക് അത് വിരുന്നാകുന്നതും. 2018ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലെത്തി. പിന്നാലെ യൂറോപ് വിട്ട് സൗദി പ്രോ ലീഗിലേക്ക്. അവിടെയും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു.

അഞ്ച് ബലോന്‍ ദ് ഓര്‍, യൂറോകപ്പ്, യുവേഫ നേഷന്‍സ് കപ്പ്, അഞ്ച് വ്യത്യസ്ത ലീഗുകള്‍, ആ ലീഗുകളിലെ വിവിധ കിരീടങ്ങള്‍, ആറ് ചാംപ്യന്‍സ് ലീഗ് കീരീടങ്ങള്‍, കൂടുതല്‍ രാജ്യാന്തര ഗോളുകള്‍, കൂടുതല്‍ ഗോളുകള്‍, 700 ക്ലബ്ബ് ജയങ്ങള്‍ ഇതെല്ലാം റൊണാള്‍ഡോ തീര്‍ത്ത റെക്കോര്‍ഡുകളില്‍ ചിലതുമാത്രം. ലോകകപ്പ് കിരീടമില്ല. എങ്കിലും ഫുട്ബോളിന്റെ ഉയരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ ജ്വലിച്ചുനില്‍ക്കുന്നു.

ബ്രസീലിയന്‍ തെരുവുകളില്‍ ലോക ഫുട്‌ബോളിൽ
ഫുട്‌ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച ആളാണ് നെയ്‌മർ ജൂനിയർ. ബ്രസീലിയന്‍ തെരുവുകളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് ഓടിക്കയറിയ ആളാണ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍. 2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലന്റെ വരവ് ലോക ഫുട്‌ബോളില്‍ തരംഗം സൃഷ്ടിച്ചു. കാത്തിരിപ്പിന് ഒടുവില്‍ 2013ല്‍ നെയ്മര്‍ ക്യാംപ് നൗവിലെത്തി.
മെസ്സിക്കും സുവാരസിനും ഒപ്പം ലാലിഗയില്‍ പന്ത് തട്ടിയ നെയ്മര്‍ ഫുട്ബോളിൽ മായാജാലം തീര്‍ത്തു. പിന്നീട് പാരിസിലേക്കും, ശേഷം സൗദിയിലേക്കും നെയ്മര്‍ ചേക്കേറി. തുടര്‍ച്ചയായ പരിക്കുകള്‍ നെയ്മറിനെ അലട്ടിക്കൊണ്ടിരുന്നു. പരിക്ക് കാരണം ദിവസങ്ങളും മാസങ്ങളും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സൗദി ക്ലബ് അല്‍ ഹിലാലിനായി വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ ബൂട്ട് കെട്ടിയത്. ഒടുവില്‍ ഫുട്‍ബോളിൽ അരങ്ങേറ്റം കുറിച്ച തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തന്നെ നെയ്മര്‍ മടങ്ങിയെത്തി.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...