Monday, March 2, 2026
Monday, March 2, 2026
Homecommunityആരോപണമുനകൾ ആയിരം, രാജിയില്ല, സംരക്ഷണ കവചത്തിൽ രാഹുൽ

ആരോപണമുനകൾ ആയിരം, രാജിയില്ല, സംരക്ഷണ കവചത്തിൽ രാഹുൽ

Published on

ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണ ശരങ്ങൾ അവസാനിക്കുന്നില്ല. പിന്നെയും പിന്നെയും പരാതികളും പരിഭവങ്ങളും ഫോൺ റെക്കോർഡുകളും പുറത്തുവരികയാണ്. പാർട്ടിയും വടകര എം.പി ഷാഫി പറമ്പിലും രാഹുലിന് സംരക്ഷണ കവചമൊരുക്കുകയാണ്. പാർട്ടി നിലപാട് പോലെ തന്നെ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.

ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിക്ക് ഭീഷണി
ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. എത്ര നിര്‍ബന്ധിച്ചിട്ടും യുവതി ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഭീഷണി. രാഹുല്‍ യുവതിയെ അസഭ്യം പറയുന്നതും ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാകുന്നുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് ഇന്ന് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.
‘എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല’ എന്ന് രാഹുല്‍ പറയുമ്പോള്‍ തന്നോടുള്ള സ്‌നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് അറിയാമെന്ന് യുവതി തിരിച്ചുപറയുന്നു. ‘എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ’ എന്ന് യുവതി ചോദിക്കുമ്പോഴാണ് രാഹുലിന്‍റെ മറുപടി.

‘എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്?’ എന്ന ചോദ്യമായിരുന്നു രാഹുല്‍ തിരിച്ചു ചോദിച്ചത്. എന്നാല്‍ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യമെന്നും കൊന്നിട്ട് തനിക്ക് മിടുക്കനായി പോകാന്‍ സാധിക്കുമോയെന്ന് യുവതി ചോദിക്കുമ്പോള്‍ രാഹുല്‍ ചിരിക്കുന്നതും ഫോണ്‍ സന്ദേശത്തില്‍ കേള്‍ക്കാം.
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് അയച്ച വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി പറയുമ്പോള്‍ ഡോക്ടര്‍ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. ഈ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ രാജി.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. ‘ഹു കെയര്‍’ എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

ട്രാൻസ്‌ജെൻഡർ യുവതിക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്. രാഹുലിനെതിരെ ഗുരുതര ആരോപണമുന്നയിച്ച അവന്തികക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ് രക്ഷാധികാരി അരുണിമ എം കുറുപ്പ് പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ന്യായീകരിക്കില്ല. പാർട്ടി നിലപാടും അതാണ്. രാഹുൽ തെറ്റുകാരൻ എന്ന് തെളിഞ്ഞിട്ടില്ല. പരാതികളിൽ വാസ്തവമുണ്ടെങ്കിൽ പരാതി ഉന്നയിച്ചവരെ പിന്തുണയ്ക്കും. രാഹുൽ കുറ്റക്കാരനാണെങ്കിൽ പാർട്ടി ഒരിക്കലും രാഹുലിനെ പിന്തുണക്കില്ല, അവന്തികയ്ക്ക് പൂർണ്ണപിന്തുണയുണ്ടാകുമെന്നും അരുണിമ എം കുറുപ്പ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണമാണ് ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക ഉന്നയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞതായും അവന്തിക വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നുമായിരുന്നു അവന്തികയുടെ വെളിപ്പെടുത്തല്‍.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലുമായി പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തില്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നില്ല അയാള്‍ വിളിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. കോണ്‍ഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും അവന്തിക പറഞ്ഞിരുന്നു.

എംഎല്‍എ സ്ഥാനം രാജിവെക്കില്ല
എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ പത്തനംതിട്ടയിലെ വീട്ടിലാണ് രാഹുലുള്ളത്. വീട്ടില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ടിട്ടില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നതല്ലാതെ പാര്‍ട്ടിയിലും പൊലീസിലും ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം. മാത്രവുമല്ല, സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ ആരോപണമുണ്ടായപ്പോള്‍ രാജിവെച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തന്നെ നേരത്തെ സമാന ആരോപണം വന്നപ്പോള്‍ രാജിവെച്ചില്ലല്ലോയെന്നാണ് രാഹുല്‍പക്ഷത്തിന്റെയും വാദം. അതുകൊണ്ട് കീഴ്‌വഴക്കമല്ലാത്തതിനാല്‍ രാഹുല്‍ രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും വന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുലെന്നും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞിരുന്നു.

രാഹുലിനെ സംരക്ഷിച്ച് ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളില്‍ രാഹുലിനെ സംരക്ഷിച്ചും തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി നല്‍കാതെയും വടകര എംപി ഷാഫി പറമ്പിൽ. താൻ എങ്ങോട്ടും മുങ്ങിയിട്ടില്ലെന്നും ഒളിച്ചോടിയതല്ലെന്നും ഷാഫി. കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബീഹാറിലേക്ക് പോയത്. ആരോപണം ഉയർന്ന ഉടൻതന്നെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. അത് ധീരമായ ഒരു നടപടിയാണ്. എന്നാൽ സിപിഎമ്മിൽ നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണമുയർന്നപ്പോൾ എന്തു നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു.
കോൺഗ്രസ് പാർട്ടി എന്നും ധീരമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. രാഹുൽ മങ്കൂട്ടത്തിൽ രാജിസന്നദ്ധത അറിയിച്ചപ്പോൾ അതിന് അനുകൂലമായ പ്രതികരണം തന്നെയാണ് കോൺഗ്രസ് നേതാക്കളും നൽകിയത്. വിവാദം ഉണ്ടായിട്ടും ഒരു സ്ഥാനത്ത് കടിച്ചു തൂങ്ങി നിൽക്കാൻ രാഹുൽ തയ്യാറായിട്ടില്ല. സിപിഎമ്മും മാധ്യമങ്ങളും ഒരു പ്രത്യേക അജണ്ടയുമായി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഷാഫി പറഞ്ഞു.
നേരത്തെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷാഫി പറമ്പിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട അപാകതകളിൽ വടകരയിൽ നടക്കുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എന്നാൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ പരിപാടി സ്ഥലത്തേക്ക് പ്രതിഷേധമായി എത്തി. പൊലീസ് എത്തിയാണ് പ്രവർത്തകരെ തടഞ്ഞു നിർത്തിയത്. പൊലീസുമായി ഉന്തും തള്ളും വരെ ഉണ്ടായി അതിനുശേഷമാണ് ഷാഫി പറമ്പിൽ മാധ്യമങ്ങളെ കണ്ടത്. ഷാഫിക്കെതിരായി ഉയർന്ന ആരോപണങ്ങളോടും പ്രതികരിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിനെ വെള്ളപൂശാനാണ് ഷാഫി ശ്രമിച്ചത്. നിയമപരമായി ഒരു പരാതിയും വന്നിട്ടില്ലെന്നും ഷാഫി പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ മാധ്യമങ്ങള്‍ ഷാഫിയുടെ പ്രതികരണത്തിന് ശ്രമിച്ചിരുന്നു. അതിനായി ഡല്‍ഹിയിലെ ഫ്‌ളാറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബിഹാറിലേക്ക് പോകുകയായിരുന്നു. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനാണ് തിരക്കിട്ട യാത്ര എന്നായിരുന്നു വിശദീകരണം. വിവാദ വിഷയങ്ങളില്‍ രാഹുലിനെ ഷാഫി സംരക്ഷിച്ചു എന്ന തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ സംസാരമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ ഷാഫി പറമ്പിൽ പങ്കെടുക്കുന്ന പരിപാടിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷനേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയുമാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നാണ് പ്രവർത്തകരുടെ ആരോപണം. സംസ്ഥാനവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇടത് സംഘടനകള്‍.

ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി-വി ഡി സതീശന്‍
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വി കെ ശ്രീകണ്ഠൻ എംപി നടത്തിയത് രാഷ്ട്രീയമായി തെറ്റായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹത്തെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ കോൺഗ്രസിനകത്ത് പറ്റില്ല. വിളിച്ചതിന് പിന്നാലെ പ്രസ്താവന ശ്രീകണ്ഠന്‍ എം പി തിരുത്തിയെന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ആരോപണം ഗൗരവമായി അന്വേഷിക്കുമെന്നും സതീശന്‍ ആവർത്തിച്ചു. പരിശോധന ആദ്യഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവെച്ചു. രാജിവെച്ചതായാലും വെപ്പിച്ചതായാലും ഫലം ഒന്നാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഒരു പ്രചാരണവും ആരും നടത്തരുതെന്നും നടത്തിയെന്ന് അറിഞ്ഞാൽ കോൺഗ്രസ് പ്രവർത്തകരെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. സ്ത്രീകളെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്നതും വേട്ടയാടുന്നതും കോൺഗ്രസിന്റെ സംസ്‌കാരമല്ല. അത് തെറ്റാണ്. അത് അംഗീകരിക്കാനാവില്ലെന്നും സതീശൻ വ്യക്തമാക്കി.
ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോട്, മറ്റ് പാർട്ടികളിൽ എത്രപേരുണ്ട് ആരോപണ വിധേയരെല്ലാം രാജിവെച്ചിട്ടുണ്ടോ എന്നായിരുന്നു സതീശന്റെ പ്രതികരണം. സിപിഐഎമ്മോ ബിജെപിയോ പറയുന്നത് കേട്ടല്ല ഞങ്ങൾ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയാണെങ്കിൽ തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപണവിധേയനുണ്ട്. അദ്ദേഹത്തിന്റെ ഭാഗം കൂടി ഞങ്ങൾ കേൾക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. സിപിഐഎമ്മിനോ ബിജെപിക്കോ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല. സിപിഐഎം നേതാക്കൾ കോഴിഫാം നടത്തുകയാണ്. ബിജെപിയുടെ ഒരു മുൻ മുഖ്യമന്ത്രി പോക്‌സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ട്. എന്നിട്ടാണ് അവർ സമരം നടത്തുന്നത്. ഒരു വിരൽ ഞങ്ങൾക്കെതിരെ ചൂണ്ടുമ്പോൾ മറ്റു വിരലുകൾ അവർക്കെതിരെയാണെന്ന് മനസിലാക്കണമെന്നും സതീശന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവർ-ടി എന്‍ പ്രതാപന്‍
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...