ചരിത്രം തിരുത്തിക്കുറിക്കുകയാണ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ പാർട്ടികളിൽ നിന്ന് പുറത്തായവർ നിരവധിയുണ്ടെങ്കിലും അവരൊന്നും രാഹുലിനെപ്പോലെ സ്വഭാവദൂഷ്യ ആരോപണം പേറിയായിരുന്നില്ല നടപടി നേരിട്ടത്. ഇവരെല്ലാം സംഘടനാ കാര്യങ്ങളുടെ പേരിലാണ് പാര്‍ട്ടിയില്‍ സസ്‌പെന്‍ഷനു വിധേയമായത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിൽ പാര്‍ട്ടിയില്‍ സസ്‌പെന്‍ഷനും തുടര്‍ന്ന് പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താകലും സ്വഭാവ ദൂഷ്യത്തിനും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനുമാണ്. ഇത് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
കേരള നിയമസഭയില്‍ അംഗമായിരിക്കവേ പാര്‍ട്ടി നടപടിയുടെ ഭാഗമായി പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരില്‍ കരുത്തരായ നേതാക്കള്‍ പലരുമുണ്ട്. ബദല്‍ രേഖയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് എം വി രാഘവനെ ആറുമാസത്തോളം നിയമസഭയില്‍ നിശബ്ദനാക്കി സിപിഎം ഇരുത്തിയ ചരിത്രമുണ്ട്. 1986ലായിരുന്നു ഇത്. അദ്ദേഹത്തെ അന്ന് നിയമസഭയിലെ സിപിഎം ബ്ലോക്കിലെ മുന്‍ നിരയില്‍ നിന്ന് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം സഭയുടെ പിന്‍ നിരയിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. ആറുമാസത്തെ സസ്‌പെന്‍ഷനു പിന്നാലെ രാഘവനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതോടെ സിഎംപി എന്ന പാര്‍ട്ടി രൂപീകരിച്ച് 1987 ല്‍ യുഡിഎഫ് പിന്തുണയോടെ അദ്ദേഹം അഴിക്കോട് നിന്ന് മത്സരിച്ച് നിയമസഭയിലെത്തുകയുമായിരുന്നു.
1994ല്‍ ആലപ്പുഴ മക്ഡവല്‍ കമ്പനിയിലെ തൊഴിലാളി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഇടഞ്ഞ കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ അവരും പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്നു പുറത്തായി. സിപിഎം നിര്‍ദേശ പ്രകാരം അന്ന് ഗൗരിയമ്മയെയും മുന്‍ നിരയില്‍ നിന്ന് പിന്‍ നിരയിലേക്ക് സ്പീക്കര്‍ മാറ്റിയിരുത്തിയിരുന്നു. പിന്നീട് സിപിഎം വിട്ട് ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന ഗൗരിയമ്മ, 1996ലും 2001ലും അരൂരില്‍ നിന്ന് മത്സരിച്ച് വീണ്ടും നിയമസഭാംഗമായി. 2001ലെ ആൻ്റണി മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷി മന്ത്രിയുമായിരുന്നു.
അമ്പലപ്പുഴ എംഎല്‍എ ആയിരുന്ന സി കെ സദാശിവന്‍, എടയ്ക്കാട് എംഎല്‍എ ആയിരുന്ന ഒ ഭരതന്‍, വാമനപുരം എംല്‍എ ആയിരുന്ന കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരും സിപിഎമ്മില്‍ സസ്‌പെന്‍ഷന്‍ നേരിട്ട് പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
ഇനി സ്വതന്ത്ര അംഗം
സ്വഭാവ ദൂഷ്യ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ നിന്ന് സ്വാഭാവികമായി പുറത്തായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സാങ്കേതികമായി മാത്രമായിരിക്കും എംഎല്‍എ. അടുത്തമാസം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പങ്കെടുക്കുന്നതിന് തടസമില്ലെങ്കിലും സഭാ നടപടികളില്‍ ഇനി വലിയ പങ്കാളിത്തമുണ്ടാകില്ല.
സഭാനടപടികളുടെ ഭാഗമായ ചോദ്യോത്തര വേള, സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ ബില്ലുകളുടെ ചര്‍ച്ച, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിരേഖപ്പെടുത്തല്‍ എന്നീ നടപടിക്രമങ്ങളില്‍ രാഹുലിന് പങ്കെടുക്കാന്‍ അവസരം ലഭിക്കില്ല. പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായുള്ള പാര്‍ലമെൻ്ററി പാര്‍ട്ടി സെക്രട്ടറിയുടെയോ പാര്‍ലമെൻ്ററി പാര്‍ട്ടി നേതാവിൻ്റെയോ കത്ത് സ്പീക്കര്‍ക്ക് ലഭിക്കുന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്ര അംഗം എന്ന നിലയിലേക്ക് മാറുമെന്ന് മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. ഇതോടെ അദ്ദേഹത്തിൻ്റെ ഇരിപ്പിടം യുഡിഎഫ് ബ്ലോക്കില്‍നിന്ന് സ്പീക്കര്‍ മാറ്റി പ്രത്യേക ബ്ലോക്കാക്കും. പ്രത്യേക ബ്ലോക്കിലേക്കു മാറുന്നതോടെ അദ്ദേഹത്തിന് സഭയില്‍ സ്വതന്ത്ര അംഗം എന്ന പരിഗണന മാത്രമേ ലഭിക്കുകയുള്ളൂ.
സാധാരണയായി ചോദ്യോത്തരങ്ങള്‍ അതാത് പാര്‍ട്ടികളുടെ പാര്‍ലമെൻ്ററി പാര്‍ട്ടി ഓഫീസിലേക്ക് എംഎല്‍എ മാര്‍ സമര്‍പ്പിക്കുകയും അത് പാര്‍ലമെൻ്ററി പാര്‍ട്ടി വഴി സ്പീക്കറുടെ ഓഫീസിനു കൈമാറുകയും അതനുസരിച്ചുള്ള അറിയിപ്പ് പാര്‍ലമെൻ്ററി പാര്‍ട്ടിക്ക് സ്പീക്കറുടെ ഓഫീസ് നല്‍കുകയുമാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ പാര്‍ലമെൻ്ററി പാര്‍ട്ടി വഴി നല്‍കുന്ന ചോദ്യങ്ങളില്‍ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിക്കില്ല. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും പാര്‍ട്ടികള്‍ക്കാണ് സ്പീക്കര്‍ അനുവദിക്കുന്നത്. അവിടെയും രാഹുല്‍ പരിഗണിക്കപ്പടുകയില്ല.
എന്നാല്‍ ചോദ്യോത്തരം സ്വന്തം നിലയില്‍ രാഹുലിന് സ്പീക്കര്‍ക്ക് നല്‍കാമെങ്കിലും സ്പീക്കര്‍ പരിഗണിക്കണമെന്നില്ല. ഇത് സ്പീക്കറുടെ കരുണയെ ആശ്രയിച്ചായിരിക്കും. സ്പീക്കര്‍ കനിഞ്ഞാല്‍ ചിലപ്പോള്‍ രാഹുലിന് ഏതെങ്കിലും ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചേക്കും. സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും അവസരം തേടി രാഹുല്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയാലും ഇതായിരിക്കും സ്പീക്കറുടെ സമീപനം. ഫലത്തില്‍ ഇവിടെയും സ്പീക്കറായിരിക്കും അന്തിമ വിധി തീരുമാനിക്കുക. ചര്‍ച്ചകളില്‍ സ്പീക്കര്‍ കനിഞ്ഞാല്‍ സാധാരണ സ്വതന്ത്ര അംഗങ്ങള്‍ക്ക് നല്‍കുന്ന മാതൃകയില്‍ ഒരു മിനിട്ട് മാത്രം സംസാരിക്കാന്‍ അവസരം ലഭിച്ചേക്കും.
ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാലും സ്പീക്കറുടെ സമീപനം ഇതായിരിക്കും എന്നതാണ് സഭയുടെ കീഴ് വഴക്കം. ഫലത്തില്‍ എംഎല്‍എ ആയി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും എംഎല്‍എ മാര്‍ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്യാമെങ്കിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനകീയ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്താനുള്ള എല്ലാ അവസരങ്ങളും രാഹുലിന് ഇതോടെ നഷ്ടമാകും. തത്വത്തില്‍ ഇതിൻ്റെ നഷ്ടം രാഹുല്‍ മാങ്കൂട്ടത്തിലിനല്ല, പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ക്കാണ്.


