ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ഏകദിന, ടി-20 സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ട് ടീമിലും ഹർഷിത് റാണ ഇടം നേടിയിരുന്നു. താരത്തിനെ ഉള്‍പ്പെടുത്തിയതിനെതിരെ ആരാധകരും ഒരുപാട് മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ടീം സെലക്ഷൻ നയങ്ങൾ വീണ്ടും രൂക്ഷമായ വിമർശനത്തിനാണ് വിധേയമായത്. എന്നാൽ ഹർഷിത് റാണ ഗംഭീറിന്‍റെ ഇഷ്ടക്കാരൻ ആയതുകൊണ്ട് മാത്രമാണ് ടീമിൽ കളിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. കൂടാതെ സെലക്ടർമാരുടെ നിരന്തരമായ വെട്ടിച്ചുരുക്കലും മാറ്റലും കളിക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നതും അവരുടെ ആത്മവിശ്വാസത്തിന് കോട്ടം വരുത്തുന്നതുമാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും ഉറപ്പുള്ള ഒരേയൊരു താരം ഹർഷിത് റാണയാണ്. അടുത്തിടെ ഇന്ത്യ ഏഷ്യാ കപ്പ് നേടിയ ടീമിലും അംഗമായ റാണ, ഏകദിന ടീമിൽ തുടരുന്നതിനുള്ള യാതൊരു കാരണങ്ങൾ ഇല്ലാതിരുന്നിട്ടും, ടീമിലെ ഒരേയൊരു സ്ഥിരസാന്നിധ്യമായെന്ന് ശ്രീകാന്ത് പറഞ്ഞു. ചില കളിക്കാർ നന്നായി കളിച്ചാലും അവരെ തിരഞ്ഞെടുക്കാറില്ല. 2027 ലോകകപ്പ് ലക്ഷ്യമാക്കി നിങ്ങൾ മുന്നോട്ട് പോകണം. എന്നാൽ ഇന്ത്യ അതാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയൊക്കെ സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾ ട്രോഫിയോട് വിട പറയണം,’ അദ്ദേഹം പറഞ്ഞു.
2027 ലോകകപ്പിനുള്ള ഇന്ത്യയുടെ പദ്ധതികളിൽ റാണ, നിതീഷ് കുമാർ തുടങ്ങിയ കളിക്കാർ തുടർന്നാൽ ടീമിന്‍റെ വിജയസാധ്യത മങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏഷ്യാ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 79 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വഴങ്ങിയ റാണയുടെ മോശം പ്രകടനത്തെയും മുൻ ഓപ്പണർ വിമർശിച്ചു. റാണയുടെ “സിനിമ ഗിമ്മിക്കുകളും” ഫീൽഡിലെ ഷോബോട്ടിംഗും ടീമിന്‍റെ മനോവീര്യം കെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമില്‍ മുഹമ്മദ് ഷമി, സഞ്ജു സാംസൺ തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരെ ഒഴിവാക്കിയെങ്കിലും, പ്രമുഖ പേരുകൾക്കൊപ്പം നാല് സ്പെഷ്യലിസ്റ്റ് പേസർമാരിൽ ഒരാളായാണ് ഹർഷിത് റാണയെ തിരഞ്ഞെടുത്തത്. ധ്രുവ് ജുറെൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതിലും ശ്രീകാന്ത് ചോദ്യം ചെയ്‌തു.
ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകൻ ശുഭ്‌മന്‍ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും ഇനി നയിക്കുക. ഏകദിനത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് നറുക്ക് വീണത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീം: ശുഭ്‌മന്‍ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വിസി), അക്സർ പട്ടേൽ, കെഎൽ രാഹുൽ (ഡബ്ല്യുകെ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്‌സ്വാൾ.
ടി20 ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ (വിസി), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (ഡബ്ല്യുകെ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ. സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ.