കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. ബെംഗളൂരു ബിഡദിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. ഹരിതമേഖലയിൽ പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. മാലിന്യനിർമാർജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇവിടെനിന്നുള്ള മാലിന്യങ്ങൾ പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി. കന്നഡ കളേഴ്‌സ് ചാനലിൽ സംപ്രേക്ഷണംചെയ്യുന്ന ബിഗ് ബോസ് ഷോയുടെ 12-ാം സീസൺ രണ്ടാഴ്ച പിന്നിടുമ്പോഴാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്.
സ്റ്റുഡിയോ പൂട്ടാൻ ഉത്തരവിട്ടതിനാൽ ഷോയുടെ ചിത്രീകരണം പ്രതിസന്ധിയിലായെങ്കിലും പിഴയടയ്ക്കാനും പുതുതായി അനുമതിനേടി സ്റ്റുഡിയോ ഇവിടെത്തന്നെ തുടരാനും ശ്രമംനടക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേസമയം, ഇനി പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകർ സ്റ്റുഡിയോക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. കന്നഡസിനിമയിലെ സൂപ്പർതാരമായ കിച്ചാ സുദീപ് അവതാരകനായ ബിഗ് ബോസ് കർണാടകത്തിൽ ഏറെ ജനപ്രീതിയുള്ള റിയാലിറ്റിഷോയാണ്.