2025 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രസ്‌നഹോർകൈകിനാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ. 1985 ലാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ക്രസ്‌നഹോർകൈക്കിൻ്റെ ആദ്യ നോവൽ പുറത്തിറങ്ങിയത്.
71 കാരനായ ക്രസ്‌നഹോർകൈക്ക് 2015 ലെ മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2019-ൽ “ബാരൺ വെൻക്ഹൈംസ് ഹോംകമിംഗ്” എന്ന കൃതിക്ക് യുഎസിൽ വിവർത്തന സാഹിത്യത്തിനുള്ള ദേശീയ അവാർഡും അദ്ദേഹം നേടി.
2002-ൽ ഇമ്രെ കെർട്ടെസിന് ശേഷം ഹംഗറിയിൽ നിന്നുള്ള ആദ്യ നൊബേൽ ജേതാവാണ് അദ്ദേഹം. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിൻ്റേതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം.
ഇതിഹാസ എഴുത്തകാരൻ എന്നാണ് ലാസ്ലോ ക്രാസ്നൊഹോർകായെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. സർവ്വനാശ ഭീതിയുടെ കാലത്ത് കലയുടെ ശക്തിയെ പുനഃപ്രഖ്യാപിച്ച എഴുത്തുകൾക്കാണ് പുരസ്കാരമെന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. 11 മില്യൺ സ്വീഡിഷ് ക്രോണറാണ് (10,38,50,000 രൂപയിലേറെ) പുരസ്കാര തുക.
ഉത്കണ്ഠ, അരക്ഷിതാവസ്ഥ, വിഷാദം തുടങ്ങിയ തീമുകളിലുള്ള സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായ പോസ്റ്റ് മോഡേൺ സാഹിത്യ നോവലുകളാണ് ലാസ്‌ലോയുടെ പ്രത്യേകത.
1954 ജനുവരി 5 ന് ഹംഗറിയിലെ ഗൂല നഗരത്തിൽ ഇടത്തരം ജൂത കുടുംബത്തിൽ ജനിച്ച ക്രാസ്നഹോർകയുടെ പിതാവ് ഒരു അഭിഭാഷകനായിരുന്നു. അമ്മ അധ്യാപികയും. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപര്യമുണ്ടായിരുന്നു. സെഗെഡ് സർവകലാശാലയിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം ബുഡാപെസ്റ്റിലെ ഒറ്റ്‌വോഷ് ലൊറാൻഡ് സർവകലാശാലയിൽനിന്നു ഹംഗേറിയൻ ഭാഷയും സാഹിത്യവും പഠിച്ചു. ഉത്തരാധുനിക സാഹിത്യകാരൻ എന്ന നിലയിൽ അറിയപ്പെട്ട അദ്ദേഹം 1985ൽ ആദ്യ നോവൽ ‘സാത്താൻടാൻഗോ’ മുതൽ തന്നെ ഹംഗറിയിൽ സെൻസേഷനായി മാറിയിരുന്നു. പുസ്തകം 2012ൽ ബ്രിട്ടീഷ് എഴുത്തുകാരൻ ജോർജ് സിയാർറ്റെഷ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഈ വർഷം പുറത്തിറങ്ങിയ ‘ഹെർഷ്റ്റ് 07769’ രാജ്യത്തെ സാമൂഹിക അസ്വസ്ഥതകളുടെ കൃത്യതയാർന്ന വിവരണം കൊണ്ട് സമകാലിക ജർമൻ നോവലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
‘ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ്’, ‘വാർ ആൻഡ് വാർ’, ‘സെയ്ബോ ദേർ ബിലോ’, ‘ദ വേൾഡ് ഗോസ് ഓൺ’, ‘അനിമലിൻസൈഡ്’ തുടങ്ങിയവയാണ് മറ്റ് പ്രമുഖ രചനകൾ. അന്ധതയുടെയും അനശ്വരതയുടെയും ലോകത്ത് സൗന്ദര്യത്തിന്റെയും കലാസൃഷ്ടിയുടെയും പങ്കിനെക്കുറിച്ച് ഫിബൊനാച്ചി ശ്രേണിയിൽ ക്രമീകരിച്ച 17 കഥകളുടെ ഒരു സമാഹാരമാണ് ‘സീയോബോ ദേർ ബിലോ’.
ഇന്ത്യന്‍ എഴുത്തുകാരായ അമിതാവ് ഘോഷ്, സല്‍മാന്‍ റുഷ്ദി എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനാണ് ലഭിച്ചത്.
സ്റ്റോക്ക്ഹോമില്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഒക്‌ടോബര്‍ 10 ഇന്ത്യന്‍ സമയം വൈകിട്ട് 2.30 ന് ജൂറി പ്രഖ്യാപിക്കും. ഒസ്‌ലോയില്‍ നോര്‍വീജിയന്‍ നൊബേല്‍ പുരസ്‌കാര സമിതിയാണ് പ്രഖ്യാപനം നടത്തുക.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഒക്‌ടോബര്‍ 13 തിങ്കളാഴ്‌ച പ്രഖ്യാപിക്കും. ആല്‍ഫ്രെഡ് നൊബേലിന്‍റെ സ്‌മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം പ്രഖ്യാപിക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.15നാണ് പ്രഖ്യാപനം. സ്റ്റോക്ക്ഹോമിലെ റോയല്‍ സ്വീഡീഷ് അക്കാഡമി ഓഫ് സയന്‍സാണ് ഇത് പ്രഖ്യാപിക്കുക.
