ദേശീയ പാതയിലൂടെ കടന്നു പോകുമ്പോൾ ഓരോ മലയാളിക്കും അഭിമാനിക്കാം. കാരണം രാജ്യത്തെ ഏറ്റവും വീതിയുള്ള ഒറ്റത്തൂൺ മേൽപ്പാലത്തിനു മുകളിലൂടെയാണ് നാം ഓരോരുത്തരും കേരള അതിർത്തി കടക്കുന്നത്. കാസർകോട് ജില്ലയിലാണ് ദേശീയ പാതയുടെ ഭാഗമായി ഒറ്റത്തൂൺ മേൽപ്പാലം പൂർത്തിയായത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലും കോയമ്പത്തൂർ അവിനാശിയിലും ഒറ്റത്തൂൺ പാലമുണ്ടെങ്കിലും 24 മീറ്ററാണ് വീതി. എന്നാൽ കാസർകോട് കറന്തക്കാട് മുതൽ നുള്ളിപ്പാടി വരെ നീണ്ടു നിൽക്കുന്ന പാലത്തിന്‍റെ വീതി 27 മീറ്റർ ആണ്. അഞ്ചര മീറ്ററിൽ കൂടുതൽ ഉയരവും ഉണ്ട്.
30 ഭീമൻ തൂണുകൾ ആണ് ദേശീയ പാതയെ താങ്ങി നിർത്തുന്നത്. 1.16 കിലോ മീറ്ററാണ് പാലത്തിന്‍റെ നീളം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ആണ് പാലം നിർമിച്ചത്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ആദ്യ റീച്ചിന് പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റും ലഭിച്ചു. സംസ്ഥാനത്ത് ദേശീയ പാത നിർമാണം പൂർത്തിയാക്കിയതും ആദ്യ റീച്ചായ തലപ്പാടി–ചെങ്കളയാണ്.
ദേശീയ പാത ആദ്യ റീച്ചിന്‍റെ നിർമാണത്തെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും ഊരാളുങ്കൽ സോസൈറ്റി എഞ്ചിനീയർ സി ജിഷ്‌ണു പറയുന്നത് ഇങ്ങനെയാണ്. “തലപ്പാടി മുതൽ ചെങ്കള വരെയുള്ള പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അനുമതി ലഭിച്ചപ്പോൾ വലിയൊരു ആശങ്ക ഉണ്ടായിരുന്നു. കാരണം നാഷണൽ ഹൈവെയുടെ പ്രൊജക്‌ട് ആദ്യമായാണ് ഏറ്റെടുക്കുന്നത്. എങ്ങനെ കൈകാര്യം ചെയ്യണം ഏതു രീതിയിൽ പ്രവർത്തിക്കണം എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ നമ്മൾ ട്രാക്കിലേക്ക് മാറി.
ജനങ്ങളും സഹകരിച്ചതോടെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു. ആദ്യമായുള്ള കമ്പനി ആയതുകൊണ്ട് തന്നെ ദേശീയപാത അതോറിറ്റിക്കും ഇവർ എങ്ങനെ ചെയ്യും എന്ത് ചെയ്യും എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാൽ ക്വാളിറ്റിയിൽ നമ്മൾ ഒരു വിട്ടു വീഴ്‌ചയും കാണിച്ചില്ല. ജീവനക്കാർക്ക് എന്തെങ്കിലും ചെറിയ തെറ്റുകൾ സംഭവിച്ചാൽ പോലും അത് തിരുത്താൻ കമ്പനി നേരിട്ട് തന്നെ ഇടപെട്ടിരുന്നു. നഷ്‌ടം വന്നാലും ക്വാളിറ്റിയിൽ ഒരിക്കലും കുറവ് വരുത്തരുത് എന്നാണ് കമ്പനി പറഞ്ഞത്. ഈ ക്വാളിറ്റിയും പ്രവൃത്തിയും നേരിട്ട് കണ്ടതോടെ ദേശീയ പാത അതോറിക്കും കൂടുതൽ വിശ്വാസം വന്നു.
സമയബന്ധിതമായി തന്നെ ഓരോ ഘട്ടവും പൂർത്തിയാക്കി. 2021 നവംബർ 18നാണ് നിർമാണം തുടങ്ങിയത്. മൂന്നു വർഷം കൊണ്ട് 2025 മാർച്ചിലായിരുന്നു നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. കനത്ത മഴ കാരണം പെയിന്‍റിങ് ഉൾപ്പെടെയുള്ള ഏതാനും അവസാനഘട്ട പണികൾ മാത്രം പൂർത്തിയാക്കാൻ സാധിക്കാതെ വന്നു. മഴ മാറിയതോടെ പെയിന്‍റിങ് ഉൾപ്പെടെയുള്ള നിർമാണങ്ങളും പൂർത്തിയാക്കി. മറ്റു കമ്പനിയുടെ കീഴിൽ മണ്ണിടിച്ചിൽ മറ്റു പ്രശ്ങ്ങൾ ഉണ്ടായപ്പോൾ ഇവിടെയും പരിശോധന ഉണ്ടായിരുന്നു, എന്നാൽ അതൊന്നും ഞങ്ങളെ ബാധിച്ചില്ല.
നാലു ടീമാക്കി തിരിച്ചാണ് പ്രവൃത്തി നടത്തിയത്. 10 കിലോ മീറ്റർ ദൂരത്തിന് ഒരു എഞ്ചിനീയർ അതിനു താഴെ ഒരു ഗ്രൂപ്പ് ജീവനക്കാർ അവർക്ക് ഒരു ലീഡർ അങ്ങനെ തരം തിരിച്ചാണ് പ്രവൃത്തി നടത്തിയത്. അതു വിജയം കണ്ടു. ഒറ്റത്തൂൺ മേൽപ്പാലം സ്പെഷ്യൽ ആണ്. ഇവിടെ ഡിസൈൻ ഒറ്റത്തൂൺ മേൽപ്പാലം എന്ന് തന്നെ ആയിരുന്നു. നമുക്ക് വേണമെങ്കിൽ മാറ്റമായിരുന്നു. എന്നാൽ മേൽപ്പാലം നിർമാണവുമായി മുന്നോട്ട് പോയി. ചെലവ് കൂടുതൽ ആണെങ്കിലും മികച്ചതാണ്. ഒറ്റത്തൂൺ പാലത്തിനു മാത്രം പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.
കാസർകോട് ടൗണിൽ ആയതും മെറ്റീരിയൽ ലഭിക്കാത്തതും ചില സമയങ്ങളിൽ തൊഴിലാളി ക്ഷാമം നേരിട്ടതും മാത്രമാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. എന്നാൽ ഇതെല്ലാം മറികടന്ന് രാജ്യത്തെ വലിയ ഒറ്റത്തൂൺ മേൽപ്പാലം പൂർത്തിയാക്കി. പാലം നിർമാണത്തിനും ഫ്ലൈ ഓവറിനും ഓരോ സ്പെഷ്യൽ ടീമിനെയും ഉണ്ടാക്കിയാണ് നിർമാണം നടത്തിയത്. 2500 തൊഴിലാളികളാണ് രാവും പകലും ദേശീയ പാതയുടെ ആദ്യ റീച്ചിന് വേണ്ടി പ്രവർത്തിച്ചത്. ഇതിൽ ഭൂരിഭാഗകും സ്ഥിരം ജീവനക്കാരാണ്. അവസാന ഘട്ടത്തിൽ നമ്മുടെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചു. അത് കമ്പനിക്കും ജീവനക്കാർക്കും ഒരുപോലെ വേദന ഉണ്ടാക്കി.
നാട്ടുകാരുടെ സഹകരണം
നാട്ടുകാരുടെ സഹകരണം ഉള്ളതുകൊണ്ട് മാത്രമാണ് പദ്ധതി ഇത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ജിഷ്‌ണു പറയുന്നു. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവരുമായി കൃത്യമായി ചർച്ച ചെയ്‌തിരുന്നു. അടിപ്പാത ആയിരുന്നു പ്രധാന പ്രശ്‌നം. അതൊക്കെ പരിഹരിച്ചാണ് മുന്നോട്ട് പോയത്.
ഡിജിറ്റൽ സ്ക്രീൻ
ആറിടത്താണ് ഗതാഗതസംബന്ധമായ അറിയിപ്പുകൾ തെളിയുന്ന ഡിജിറ്റൽ സ്ക്രീൻ ഉള്ളത്. രണ്ടിടത്ത് കടന്നുപോകുന്ന ഓരോ വാഹനങ്ങളുടെയും വേഗത പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സക്രീനുകളുകും. നാല് എൻജിനീയർമാർ ഉൾപ്പെടെ ഒമ്പതോളം ജീവനക്കാർ കൺട്രോൾ റൂമിലുണ്ടാവും. ദേശീയപാത നിർമാണ കരാറിൽ 15 വർഷമാണ് ഈ സംവിധാനം പ്രവർത്തിക്കുക.
എടിഎംഎസ് കൺട്രോൾ റൂമിൽ അലാറം മുഴങ്ങും
39 കിലോമീറ്ററുള്ള തലപ്പാടി – ചെങ്കള റീച്ചിൽ ഉടനീളം 360 ഡിഗ്രി ആംഗിളിൽ ദൃശ്യങ്ങൾ ഒപ്പിയെടുക്കാവുന്ന ക്യാമറാക്കണ്ണുകളുണ്ട്. ഏത് പാതിരാത്രിയിലും ഏതെങ്കിലും വാഹനം അപകടത്തിൽ പെട്ടാൽ എടിഎംഎസ് കൺട്രോൾ റൂമിൽ അലാറം മുഴങ്ങും. അപകടം നടന്നയിടത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ ജീവൻരക്ഷാ സംവിധാനമുള്ള 1033 ആംബുലൻസ് കുതിച്ചെത്തും.
അടിയന്തരഘട്ടങ്ങളിൽ റോഡിൽ ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നാൽ തത്സമയം റോഡിൽ പലയിടത്തായി ഡിജിറ്റൽ മുന്നറിയിപ്പ് ബോർഡുകൾ തെളിയും. തീർന്നില്ല, നിങ്ങളോടിക്കുന്ന വാഹനം വേഗതാപരിധി ലംഘിച്ചാലോ ദിശതെറ്റിയാലോ തത്സമയം കൺട്രോൾ റൂമിൽ അറിയാം. റോഡിൽ സദാ റോന്തുചുറ്റുന്ന പട്രോളിങ് വാഹനവുമുണ്ട്. ദേശീയപാതയിലെ കാറ്റിന്‍റെ വേഗതയും മഴയുടെ ശക്തിയും ചൂടിന്‍റെ അളവും മുതൽ സകല വിവരങ്ങളും തത്സമയം മഞ്ചേശ്വരത്തെ കൺട്രോൾ റൂം സ്ക്രീനിൽ തെളിയും. ഒരു കിലോമീറ്റർ ദൂരപരിധിയിൽ ദൃശ്യങ്ങൾ ലഭ്യമാകുന്ന 39 ക്യാമറകളാണ് സജ്ജമാക്കിയത്. അപകടങ്ങൾ തടയുന്നതിന് 15 ക്യാമറകൾ പ്രധാന ജങ്ഷനുകളിൽ വേറെയുണ്ട്.
ആറു വരി പാതയിൽ റോഡ് നിയമങ്ങൾ പാലിക്കാത്തത് വലിയ ആശങ്ക ഉണ്ടാകുന്നതായി ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറയുന്നു. ഇപ്പോൾ തന്നെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കണ്‍ട്രോൾ റൂമിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ട്. നിയമ ലംഘനങ്ങൾ ഉണ്ടായാൽ ഇനി പിഴ ഈടാക്കും.
പദ്ധതിച്ചെലവ്
2430.13 കോടി രൂപയാണ് പദ്ധതിച്ചെലവ്. 15 വർഷത്തേക്ക് കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി, ഓപ്പറേഷൻ ആൻഡ് മെയിന്‍റനൻസ് നിർവഹിക്കും. ഇത് ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു.
തലപ്പാടി-ചെങ്കള റീച്ച്
തലപ്പാടി-ചെങ്കള റീച്ച് ആകെ 39 കിലോമീറ്റർ.
രണ്ട് ഫ്ലൈ ഓവറുകൾ : 1.160 കിലോമീറ്റർ നീളത്തിൽ കാസർകോട് നഗരത്തിലെ ഒറ്റത്തൂൺ മേൽപ്പാലം, 210 മീറ്റർ നീളത്തിൽ ഉപ്പളയിൽ മേൽപ്പാലം.
പ്രധാന പാലങ്ങൾ നാല് : ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളില്‍.
ചെറിയ പാലങ്ങൾ നാല് : എരിയാൽ, മഞ്ചേശ്വരം, പൊസോട്ട്, മംഗൽപാടി എന്നിവിടങ്ങളിൽ.
ആറ് അടിപ്പാതകൾ, 4 ലൈറ്റ് വെഹിക്കിൾ അടിപ്പാതകൾ, 11 കാറ്റിൽ അണ്ടർപാസ്. 10 ഫൂട് ഓവർ ബ്രിഡ്‌ജ്, 81 ക്രോസ് ഡ്രൈനേജ് ബോക്‌സ് കൽവെർട്ടുകൾ.