രാജ്യത്ത് ചുമ മരുന്ന് മൂലം കുഞ്ഞുങ്ങളുടെ മരണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. മധ്യപ്രദേശില്‍ മാത്രം ഈ മാസം മരിച്ചത് 22 കുഞ്ഞുങ്ങളാണ്. രാജസ്ഥാനിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും കോള്‍ഡ്രിഫ് സിറപ്പിൻ്റെ എസ്.ആര്‍. 13 ബാച്ചിലെ മരുന്ന് കഴിച്ചതു മൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനുപിന്നാലെ മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ ഭൂരിഭാഗം സംസ്ഥാനങ്ങളും കോള്‍ഡ്രിഫ് നിരോധിക്കുകയും ചെയ്‌തു.
സംഭവത്തില്‍ നിലവില്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലും അധികൃതരും വ്യാപകമായി അന്വേഷണം നടത്തിവരികയാണ്. കഫ് സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ച സംഭവം മാതാപിതാക്കളിലും ആശങ്കയും ഭയവും സൃഷ്‌ടിച്ചിട്ടുണ്ട്.
ചുമ മരുന്നിൻ്റെ ശാസ്‌ത്രീയ വശം? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കപട ശാസ്ത്രത്തിനെതിരെ (Pseudoscience, ശാസ്ത്രീയമായ തെളിവുകളോ മെത്തഡോളജിയോ ഇല്ലാത്ത വിശ്വാസങ്ങള്‍ക്കെതിരെയോ സിദ്ധാന്തങ്ങള്‍ക്കെതിരെയോ) ക്യാമ്പയ്‌ൻ നടത്തുന്ന ക്യാപ്‌സൂള്‍ കേരളയുടെ ചെയര്‍മാൻ ഡോ. യു. നന്ദകുമാര്‍.
ഇന്ത്യയില്‍ ചുമ മരുന്ന് നിര്‍മിക്കുന്നത് ഓരോ മരുന്ന് നിര്‍മാണ കമ്പനികളാണ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍, ഓരോ സംസ്ഥാനത്തിൻ്റെയും ബന്ധപ്പെട്ട അധികാരികള്‍ എന്നിവരാണ് ഇവര്‍ക്ക് ലൈസൻസ് നല്‍കുന്നത്. മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്ന രീതിയിലുള്ള പ്രശ്‌നങ്ങളും അപകാതയുമാണ് നമ്മള്‍ കണ്ടെത്തിയിരിക്കുന്നത്. യഥാര്‍ഥത്തില്‍, ഇത് ചുമ മരുന്നുകളുടെ പ്രശ്‌നങ്ങളല്ലെന്നും ഇതിലെ ചില പദാര്‍ഥങ്ങളാണ് അപകടമുണ്ടാക്കുന്നതെന്നും ഡോ. യു നന്ദകുമാര്‍.
“മരുന്ന് നിര്‍മാണ കമ്പനികള്‍ ഇതില്‍ ഉപയോഗിക്കുന്ന ചില ചേരുവകളിലെ അഡല്‍ട്രേഷൻ ആണ് അപകടമുണ്ടാക്കുന്നത്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene glycol DEG), എഥിലീൻ ഗ്ലൈക്കോൾ (Ethylene glycol EG) എന്നീ കെമിക്കലുകള്‍ ഇൻഡസ്ട്രിയില്‍ സ്വീറ്റനിങ് ഏജന്റ് (മധുരം ലഭിക്കാൻ) ആയി ഉപയോഗിക്കുന്നു, ഇവ നിയമവിരുദ്ധമായി കഫ്‌സിറപ്പുകളിൽ ചേര്‍ക്കുമ്പോഴാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത്, ഇവ ടോക്‌സിക് ആണ്.
വലിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഇൻഡസ്‌ട്രിയല്‍ കെമിക്കല്‍ ആണ് ഇവ. എയർകണ്ടീഷനിങ്, ബ്രെയ്ക്ക് ലായനി, ചായം നിർമിക്കൽ എന്നിവയിലും ഇത് ഉപയോഗിക്കുന്നു. അപൂര്‍വമായി വൈൻ, ബിയർ എന്നിവയിൽ രുചിയുണ്ടാക്കാൻ ഇവ ചേര്‍ക്കാറുണ്ട്. ചുമ മരുന്നിന് ഒരു രുചി കിട്ടാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
അതായത്, ഇതൊരു ഇൻഡസ്‌ട്രിയല്‍ കെമിക്കല്‍ ആയതുകൊണ്ട് തന്നെ വിപണിയില്‍ വലിയ തോതില്‍ ഈ പദാര്‍ഥം ലഭ്യമാണ്. നല്ല കമ്പനികളില്‍ നിന്ന് ചെലവേറിയ സ്വീറ്റണിങ് ഏജൻ്റ് ഉപയോഗിക്കുന്നതിന് പകരം ചെറിയ ചെറിയ മരുന്ന് കമ്പനികള്‍ ചുമ മരുന്നില്‍ മധുരം ലഭിക്കാൻ ഇത്തരം പദാര്‍ഥങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു. ഡൈഎത്തിലീൻ, എഥിലീൻ ഗ്ലൈക്കോളുകള്‍ കുട്ടികള്‍ക്ക് വലിയ രീതിയില്‍ ടോക്‌സിക് ആണ്. ഇത് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും,” ഡോക്‌ടര്‍ പറഞ്ഞു.
“ഉദാഹരണത്തിന്, ശരീര ഭാരം ഒരു കിലോ ആണെങ്കില്‍ 0.14 മില്ലിഗ്രാം അകത്ത് ചെന്നാല്‍ തന്നെ ഇത്തരം കഫ് സിറപ്പുകള്‍ പാര്‍ശ്വഫലങ്ങള്‍ കാണിക്കും, ഒരു മില്ലി ഗ്രാം പോലും തികച്ചുവേണ്ട. അതായത് ഒരു 12 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞിൻ്റെ ശരീരത്തില്‍ 15 മുതല്‍ 18 വരെ മില്ലി ഗ്രാം കഫ് സിറപ്പ് അകത്തുചെന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.”
ഒരു കിലോയ്‌ക്ക് ഒരു മില്ലിഗ്രാം എന്ന അളവില്‍ ഉപയോഗിക്കുമ്പോള്‍, നമ്മള്‍ ഒരു 100 പേര്‍ക്ക് ഈ അളവില്‍ ഡൈഎത്തിലീൻ, എഥിലീൻ ഗ്ലൈക്കോളുകള്‍ അടങ്ങിയ ഇത്തരം കഫ് സിറപ്പ് നല്‍കിയാല്‍ അതില്‍ ചിലപ്പോള്‍ 50 പേര്‍ മരിക്കും. ഇതിൻ്റെ ലീഥല്‍ ഡോസ് 50 ശതമാനമാണ് (LD 50), LD50, അല്ലെങ്കിൽ മാരകമായ അളവ് 50 , എന്നത് ഒരു പരീക്ഷണ ജനസംഖ്യയ്ക്ക് ഒരേസമയം നൽകിയാൽ ആ ജനസംഖ്യയുടെ 50% പേരുടെയും മരണത്തിന് കാരണമാകുന്ന ഒരു പദാർത്ഥത്തിന്റെ അളവാണ് ഒരു വസ്‌തുവിന്റെ അക്യൂട്ട് വിഷാംശത്തിന്റെ അളവാണിത്, ഇത് അതിന്റെ ഹ്രസ്വകാല വിഷബാധ സാധ്യതയെ സൂചിപ്പിക്കുന്നു. കുറഞ്ഞ LD50 മൂല്യം അർഥമാക്കുന്നത് ഒരു വസ്‌തു കൂടുതൽ വീര്യമുള്ളതും വിഷാംശമുള്ളതുമെന്നാണ്.
ചുമ മരുന്നില്‍ ചേര്‍ക്കുന്ന ഇത്തരം പദാര്‍ഥങ്ങളിലെ അഡല്‍ട്രേഷൻ ആണ് അപകടമുണ്ടാക്കുന്നത്. സാധാരണ രീതിയില്‍, 12 കിലോഗ്രാം ഭാരമുള്ള ഒരുകുട്ടി വിവിധ സമയങ്ങളിലായി കുടിക്കന്ന കഫ് സിറപ്പിൻ്റെ ആകെ അളവ് പലപ്പോഴും 15 മില്ലി ഗ്രാം എത്താറുണ്ട്. അതുകൊണ്ട് മേല്‍പറഞ്ഞ സ്വീറ്റണിങ് ഏജൻ്റുകള്‍ ഉണ്ടെങ്കില്‍ ഗുരുതര പ്രത്യാഘാതകങ്ങള്‍ ഉണ്ടാകും. മരണത്തിലേക്ക് വരെ നയിക്കും.
യഥാര്‍ഥത്തില്‍ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന എല്ലാ പദാര്‍ഥങ്ങളും അപകടകാരികളല്ല. ഇൻഡസ്‌ട്രിയില്‍ ആവശ്യങ്ങള്‍ക്കുള്ള സ്വീറ്റണിങ് ഏജൻ്റുകളാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. ഡൈഎത്തിലീൻ, എഥിലീൻ ഗ്ലൈക്കോളുകള്‍ കുട്ടികളുടെ വൃക്കയെയാണ് ഇത് അപകടത്തിലാക്കുന്നത്. ഈയിടെ രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ വൃക്കയില്‍ ഇത്തരം പദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പഠനങ്ങളിലും ഇത് തെളിയിച്ചിട്ടുണ്ട്. ആദ്യം വയറിനെ ഇത് ബാധിക്കും, ചിലര്‍ക്ക് മന്ദത അനുഭവപ്പെടും. വൃക്കയെയാണ് കൂടുതലായി ബാധിക്കുന്നത്. ഒന്ന് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ വൃക്ക പൂര്‍ണമായും തകരാറിലാകും. അങ്ങിനെയാണ് കുട്ടികള്‍ മരിച്ചു പോകുന്നത്. ഇത് പുതിയൊരു സംഭവമല്ല. 2015 മുതല്‍ തന്നെ രാജ്യത്ത് പലയിടങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നിരവധി കുട്ടികള്‍ മുമ്പും ഇത്തരത്തില്‍ മരിച്ചിട്ടുണ്ട്. 2022ല്‍ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലും ചുമ മരുന്ന് കഴിച്ചിട്ടുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഇവ നിരോധിക്കുകയും ചെയ്‌തു.
കഫ് സിറപ്പിലെ സ്വീറ്റണിങ് ഏജൻ്റിലെ അഡല്‍ട്രേഷൻ (Adulteration) കൊണ്ടു മാത്രമല്ല ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നത്. സാമൂഹിക സാമ്പത്തിക പിന്നാക്ക അവസ്ഥയും ഇതിലേക്ക് നയിക്കാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നതും വലിയ ചോദ്യമാണ്. ദക്ഷിണേന്ത്യയേക്കാള്‍ ഉത്തരേന്ത്യയിലാണ് ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ദാരിദ്യവുമായി ബന്ധമുണ്ട്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നയിടങ്ങളില്‍ വ്യാജ ഡോക്‌ടര്‍മാര്‍ കൂടുതലാണ്.
പലയാളുകളും ഇവരെ സമീപിക്കും, ഇവരാണ് കൂടുതലായിട്ട് ഇത്തരം ചുമ മരുന്നുകള്‍ എഴുതുന്നത്. ചില യഥാര്‍ഥ ഡോക്‌ടര്‍മാരും വിപണി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇത്തരം മരുന്നുകള്‍ എഴുതാറുണ്ട്. ആരോഗ്യ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാര്‍, ഉത്തര്‍പ്രദേശ് ഒക്കെ, ഇവിടങ്ങളിലാണ് കൂടുതലായും ഇവ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യില്ല എന്നൊന്നും പറയാൻ സാധിക്കില്ല, പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയും ഇതിന് കാരണമാകുന്നു.
ചുമ മരുന്ന് വേണ്ട, ശാസ്‌ത്രീയമായി തെളിവില്ലെന്ന് ഡോക്‌ടര്‍
ശരിക്കും ചുമ മരുന്ന് കുട്ടികള്‍ക്ക് ആവശ്യമില്ല. ലോകാരോഗ്യ സംഘടനയൊന്നും കഫ് സിറപ്പ് നിര്‍ദേശിക്കുന്നുമില്ല. ഇവ അവശ്യമരുന്നുകളുടെ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതൊരു അത്യാവശ്യ ബ്രാൻഡ് അല്ല… ഇതൊന്നും ഇല്ലാതെ തന്നെ ചികിത്സിക്കാം. ഈ ചുമ മരുന്നിനൊക്കെ പ്രത്യേകിച്ച് ഗുണമുണ്ടോ എന്ന് ചോദിച്ചാല്‍ ശാസ്‌ത്രീയമായി ഒരു പഠനവും തെളിയിച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള കേരളത്തിലെ ഡോക്‌ടര്‍മാരുടെ സംഘടന ചുമ മരുന്നുകള്‍ നിരോധിക്കുന്നത് തെറ്റാണെന്ന് പറയുന്നുണ്ട്, എന്നാല്‍ ആ അഭിപ്രായമല്ല എനിക്കുള്ളത്.
കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കാമെങ്കില്‍ അതിൻ്റെ തെളിവുകള്‍ പുറത്തവരട്ടെ, യഥാര്‍ഥത്തില്‍ ശാസ്ത്രീയമായി തെളിയിക്കാത്ത കാലം വരെ കുട്ടികള്‍ക്ക് ചുമ മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇതിനുപകരമായി ആൻ്റി ബയോട്ടിക്കുകളും മറ്റ് സിറപ്പുകളും കൊടുക്കാവുന്നത്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG), എഥിലീൻ ഗ്ലൈക്കോൾ (EG) എന്നീ പദാര്‍ഥങ്ങളുടെ സാന്നിധ്യം ഇല്ലാത്ത സിറപ്പുകളും മറ്റ് ടാബ്‌ലെറ്റുകളും കൊടുക്കാം. കഫ് സിറപ്പിന് പകരം ലഭിക്കുന്ന ചില ടാബ്‌ലെറ്റുകളുണ്ട്, അവ കൊടുക്കാം. ആൻ്റിഹിസ്റ്റാമൈൻ സിറപ്പുകളും (Antihistamine syrup) കൊടുക്കാവുന്നതാണ്. നിരവധി രാസവസ്‌തുക്കള്‍ അടങ്ങിയ കഫ് സിറപ്പ് കൊടുക്കുന്നതിന് മുമ്പ് ചുമ ഉണ്ടാകാൻ എന്താണ് കാരണമെന്നാണ് കണ്ടെത്തേണ്ടത്, അതാണ് ചികിത്സിക്കേണ്ടത്.
ഇത്തരം കഫ് സിറപ്പുകളുടെ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും വരാം, ഏത് പ്രായക്കാര്‍ക്കും വരാം.. ശരീര ഭാരവുമായി ബന്ധപ്പെട്ടാണ് ഇതുബാധിക്കുന്നത്. അതായത് എനിക്ക് 70 കിലോയുണ്ടെങ്കില്‍ 70 മില്ലിഗ്രാം ചുമ മരുന്ന് എൻ്റെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകും. എന്നാല്‍ അത്രയും അളവൊന്നും എൻ്റെ ശരീരത്തില്‍ പ്രവേശിക്കില്ല.
പക്ഷേ, കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് ഭാരം കുറവാണ്, അതുകൊണ്ട് തന്നെ 15 മില്ലിഗ്രാം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ 12 വയസുള്ള കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. പ്രായം കുറയും തോറും ഇതിൻ്റെ അപകട സാധ്യത വര്‍ധിക്കും, അങ്ങിനെ കുട്ടികള്‍ പെട്ടെന്ന് മരിച്ചുപോകാനും കാരണമാകുന്നു. ചുമ മരുന്നിലെ എല്ലാ പദാര്‍ഥകളും വിഷമാകുന്നത് അതിലെ ഡോസിനെ അടിസ്ഥാനമാക്കിയാണെന്നും ഡോക്‌ടര്‍ പറഞ്ഞു.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG), എഥിലീൻ ഗ്ലൈക്കോൾ (EG) പദാര്‍ഥങ്ങള്‍ ചുമ മരുന്നുകളില്‍ കണ്ടെത്തുകയാണെങ്കില്‍ ആ നിര്‍മാണ കമ്പനികളെ നിരോധിക്കാൻ അധികൃതര്‍ തയ്യാറാകണം. സിഗരറ്റിലൊക്കെ നല്‍കുന്നത് പോലുള്ള വാണിങ് സന്ദേശങ്ങള്‍ സിറപ്പുകളിലും നല്‍കണം. കുട്ടികള്‍ക്ക് ഇവ നല്‍കാൻ പാടില്ല എന്ന് ഇത്തരം ചുമ മരുന്നുകളില്‍ എഴുതി മുന്നറിയിപ്പ് നല്‍കണം. ഡോക്‌ടര്‍മാര്‍ ഇത്തരം കഫ് സിറപ്പുകള്‍ കുറിച്ചുനല്‍കരുത്. പാരസെറ്റാമോള്‍ സിറപ്പ് പോലുള്ളവ ഉപയോഗിക്കാം. അതേസമയം, ഒരു കഫ് സിറപ്പില്‍ പ്രശ്‌നം കണ്ടെത്തിയതിന് എല്ലാ സിറപ്പുകളും കുറ്റക്കാരല്ല.
ഡൈഎത്തിലീൻ, എഥിലീൻ പോലുള്ള പദാര്‍ഥങ്ങള്‍ ചുമ മരുന്നില്‍ നിന്ന് ഒഴിവാക്കാൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇടപെടണം. മരുന്ന് പരിശോധന വ്യാപകമാക്കണം. മരുന്നിലെ ചേരുവകള്‍ക്ക് പുറമെ അതില്‍ എത്രത്തോളം അഡല്‍ട്രേഷൻ നടന്നിട്ടുണ്ടെന്ന് പരിശോധിച്ച് കണ്ടെത്തണം. എല്ലാ മരുന്നുകളും നിരന്തരം ഗൗരവമായി എടുത്തുതന്നെ പരിശോധിക്കണം.
അങ്ങിനെ ഏതെങ്കിലും കമ്പനി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിര്‍മാണ കമ്പനിയെയും ഉത്‌പന്നത്തെയും ഉടനടി നിരോധിക്കണം. ഇതിനായി ഫാര്‍മക്കോ വിജിലൻസ് എന്ന ഒരു മേഖല തന്നെയുണ്ട്, അത് ഉണര്‍ന്നുപ്രവര്‍ത്തിക്കണം. കഫ് സിറപ്പ് കൊടുക്കുന്നതില്‍ നിന്ന് ഡോക്‌ടര്‍മാരെയും പരമാവധി ഡിസ്‌കറേജ് ചെയ്യണം. കേരളത്തിലൊക്കെ കഫ് സിറപ്പിനെതിരെ ബോധവല്‍ക്കരണം നടത്തുകയും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
കേരളത്തിലും കോൾഡ്‌റിഫ് വിതരണത്തിന് എത്തിയിട്ടുണ്ട്, സര്‍ക്കാര്‍ പെട്ടെന്ന് തന്നെ ഇത് നിരോധിച്ചു. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്. ആരോഗ്യ രംഗവും സാമൂഹിക സാമ്പത്തിക രംഗവും മുന്നിട്ട് നില്‍ക്കുന്നതാണ് ഇതിനുകാരണം. സാമ്പത്തിക സ്ഥിതി പ്രധാന ഘടകമാണ്. നിരവധി സാഹചര്യങ്ങള്‍ ഇതിനുപിന്നിലുണ്ട്, ഇതെല്ലാം പഠന വിഷയമാക്കേണ്ട കാര്യങ്ങളാണെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.