ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂള്‍ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. ‘കായികമേളയുടെ ഭാഗമാകാൻ ഞാനുമുണ്ട്. ബ്രാൻഡ് അംബാസഡറാകുന്നതിൽ സന്തോഷം. വൻ വിജയമാക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം’–വീഡിയോ സന്ദേശത്തില്‍ സഞ്ജു ആശംസിച്ചു.
രാജ്യത്ത് ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികമേള ഒരു ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞവർഷം കൊച്ചിയിൽ സംഘടിപ്പിച്ച കായികമേള ഒളിമ്പിക്‌സ് മാതൃകയിലായിരുന്നു. ഇത്തവണ തിരുവനന്തപുരത്തും അതേ മാതൃക പിന്തുടരാനാണ് തീരുമാനം. സ്‌കൂള്‍ ഒളിമ്പിക്‌സിന്‍റെ ഭാഗ്യചിഹ്നം തങ്കു എന്ന മുയല്‍ ആണ്. ഭാഗ്യചിഹ്നം മന്ത്രി വി.ശിവൻകുട്ടിയും കൈറ്റ് തയാറാക്കിയ പ്രൊമോ വിഡിയോകൾ മന്ത്രി ജി.ആർ അനിൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവരും പ്രകാശനം ചെയ്‌തു.
അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലുള്ളവരും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ 20,000ത്തോളം കായിക പ്രതിഭകള്‍ കായികോത്സവത്തില്‍ പങ്കെടുക്കും. ഗെയിംസ്, അത്‌ലറ്റിക്‌സ് എന്നിവയില്‍ 39 വിഭാഗങ്ങളിലായാണ് പോരാട്ടം. തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജര്‍മന്‍ ഹാങര്‍ പന്തലുപയോഗിച്ച് താത്കാലിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ച് 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കും.
കായികമേളയുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നത്. ഗെയിംസിന്‍റെ ഒരാഴ്‌ച മുന്‍പ് തന്നെ വിളംബര ഘോഷയാത്രയുണ്ടാകും. ഉദ്ഘാടന ചടങ്ങ്, കായിക പ്രതിഭകള്‍ സംഗമിക്കുന്ന മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും കായികമാമാങ്കത്തിന് ഒരുക്കും. മാഹാരാജാസ് ഗ്രൗണ്ടില്‍ നിന്നു ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രീതിയിലാകും ദീപശിഖാ പ്രയാണം. മാര്‍ച്ച് പാസ്റ്റില്‍ 4500 പേര്‍ പങ്കെടുക്കും.
തൈക്കാട് മൈതാനത്തില്‍ പ്രധാന അടുക്കളയും ഭക്ഷണം കഴിക്കാനുള്ള സ്ഥലവും ഒരുക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി എണ്ണൂറോളം ഒഫിഷ്യല്‍സ്, മുന്നൂറ്റി അമ്പതോളം സെലക്ടര്‍മാര്‍, രണ്ടായിരത്തോളം വോളണ്ടിയേഴ്സ്, ഇരുന്നൂറ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.ഗതാഗതത്തിന് 200 ബസുകൾ ഏർപ്പെടുത്തും. ജേതാക്കളാകുന്ന ജില്ലക്ക് 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനിക്കും.
കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് 21 മുതൽ തിരുവനന്തപുരത്ത്; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസഡര്‍
Published on
