അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു യോഗ്യത നേടി ചരിത്ര നേട്ടവുമായി കേപ് വെർഡെ. ഇതോടെ ആഫ്രിക്കയില്‍ നിന്നു യോഗ്യത നേടുന്ന ആറാമത്തെ രാജ്യമായി കേപ് വെർഡെ മാറി. ഫുട്ബോളിന്‍റെ ആഗോള വേദിയിലെത്തിയ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണിത്. ആഫ്രിക്കന്‍ യോഗ്യതാ മത്സരങ്ങളിലെ അവസാന ഗ്രൂപ്പ് ഡി പോരാട്ടത്തിൽ എസ്വാറ്റിനി 3-0 ന് തോൽപ്പിച്ചാണ് കേപ് വെർഡെ ലോകകപ്പിനെത്തുന്നത്. ഏകദേശം 5 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം ചരിത്ര നാഴികക്കല്ല് അടയാളപ്പെടുത്തുകയാണ്.
കേപ് വെർഡെയുടെ ലോകകപ്പിലേക്കുള്ള യാത്ര ഏറെ കടമ്പകള്‍ നിറഞ്ഞതാണ്. 1986 ൽ ഫിഫ അഫിലിയേഷൻ നേടിയ ടീം 2000 ൽ ലോക റാങ്കിംഗിൽ 182-ാം സ്ഥാനത്തായിരുന്നു. 2025 വരെ വേഗത്തിൽ മുന്നേറി, എല്ലാ പ്രതിസന്ധികളേയും മറികടന്ന് ഭൂഖണ്ഡത്തില്‍ മികച്ച സ്ഥാനം നേടിയ കേപ് വെർഡെ, നിലവിൽ 70-ാം സ്ഥാനത്താണ്. പത്ത് യോഗ്യതാ മത്സരങ്ങളിൽ ഏഴെണ്ണത്തിൽ വിജയിച്ച ടീം 23 പോയിന്‍റാണ് നേടിയത്. 19 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള കരുത്തുറ്റ കാമറൂണിനെക്കാൾ നാല് പോയിന്‍റ് മുന്നിലാണ് കേപ് വെർഡെ.
സെപ്റ്റംബറിൽ കാമറൂണിനെതിരെ നേടിയ 1-0 എന്ന അദ്ഭുതകരമായ വിജയവും ഒക്ടോബർ തുടക്കത്തിലെ ലിബിയയുമായി നേടിയ 3-3 എന്ന നിർണായക സമനിലയുമാണ് ടീമിന്‍റെ യോഗ്യത ഉറപ്പാക്കിയത്. എസ്വാറ്റിനിക്കെതിരായ മത്സരത്തില്‍ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, 48-ാം മിനിറ്റിൽ ഡെയ്‌ലോൺ ലിവ്രമെന്‍റോ യോഗ്യതാ മത്സരങ്ങളിലെ തന്‍റെ നാലാമത്തെ ഗോൾ സ്വന്തമാക്കി. 58-ാം മിനിറ്റിൽ വില്ലി സെമെഡോ ലീഡ് ഇരട്ടിയാക്കിയപ്പോള്‍ പ്രതിരോധ താരം ഇയാനിക് ടവാരെസ് സ്റ്റോപിറ ഇന്‍ജുറി സമയത്ത് ടീമിനായി മൂന്നാം ഗോളും നേടി.
കേപ് വെർഡെ ലോകകപ്പിന് യോഗ്യത നേടിയതോടെ രാജ്യത്തെങ്ങും ആഘോഷം അലയടിച്ചു. കൂടാതെ ദേശീയ അവധിയും പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലെ ലോകകപ്പിൽ ആഫ്രിക്കയുടെ പ്രതിനിധികളായി അൾജീരിയ, ഈജിപ്‌ത്, ഘാന, മൊറോക്കോ, ടുണീഷ്യ എന്നിവയ്‌ക്കൊപ്പം കേപ് വെർഡെയും ഇനി കളത്തിലിറങ്ങും. 1978-ൽ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുകയും 2013-ൽ മാത്രം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌ത ഒരു രാജ്യത്തിന്, ഈ നിമിഷം പതിറ്റാണ്ടുകളുടെ സ്ഥിരോത്സാഹത്തിന്‍റെ പരിസമാപ്‌തിയാണ്.
അതേസമയം യൂറോപ്പില്‍ നിന്നു 16 ടീമുകളാണ് 2026 ലോകകപ്പ് യോഗ്യത നേടുക. ഏഷ്യയില്‍ നിന്നു 8 ടീമുകള്‍ നേരിട്ടും ഒരു ടീം ഇന്‍റര്‍ കോണ്ടിനെന്‍റല്‍ പ്ലേ ഓഫ് കളിക്കും. ആഫ്രിക്കയില്‍ നിന്നു 9 ടീമുകള്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ ഒരു ടീം ഇന്‍റര്‍ കോണ്ടിനെന്‍റല്‍ പ്ലേ ഓഫ് കളിക്കും.
ലോകകപ്പ് യോഗ്യത നേടിയ ടീമുകള്‍
യുഎസ്എ, മെക്‌സിക്കോ, കാനഡ (ആതിഥേയര്‍).
തെക്കേ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.
ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ.
ഓഷ്യാനിയ: ന്യൂസിലന്‍ഡ്.
ഏഷ്യ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍.