ഇന്ത്യയിലെ ആർടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഗൂഗിൾ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യത്തെ ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഹബ്ബ് സ്ഥാപിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഇതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) നിക്ഷേപിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി.
പുതിയ എഐ ഹബ്ബ് വന്നാൽ, ഇതിന് ശക്തമായ എഐ ഇൻഫ്രാസ്ട്രക്‌ചർ, ഡാറ്റാ സെന്‍റർ ശേഷി, വലിയ തോതിലുള്ള ഊർജ്ജ സ്രോതസ്സുകൾ, വികസിപ്പിച്ച ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് എന്നിവ എല്ലാം ഒരിടത്ത് സംയോജിപ്പിക്കാനാകും. ഇത് ഇന്ത്യയിലെ ഗൂഗിളിന്‍റെ സേവനങ്ങൾക്കും ഗവേഷണപ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടും. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്‍ററും ഗ്രീൻ എനർജി ഇൻഫ്രാസ്‌ട്രക്‌ചറും ഉൾക്കൊള്ളുന്നതാണ് വിശാഖപട്ടണത്ത് വരാനിരിക്കുന്ന എഐ ഹബ്ബ്.
ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ ഹബിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ഡാറ്റ സെന്‍റർ കാമ്പസും ഉണ്ടാകും. ഇതിലൂടെ ഗിഗാവാട്ട് തോതിൽ കംപ്യൂട്ട് ശേഷി വർധിപ്പിച്ച് ഇന്ത്യയിലും ലോകത്തുമുള്ള ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. അദാനികണക്‌സ്, എയർടെൽ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിൾ ഈ പദ്ധതി നടപ്പാക്കുക. ഗൂഗിൾ സെർച്ച്, ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ്, യൂട്യൂബ് തുടങ്ങിയ ഗൂഗിൾ ഉൽപ്പന്നങ്ങൾക്ക് പവർ നൽകാൻ ഉപയോഗിക്കുന്ന അതേ നൂതന ഇൻഫ്രാസ്ട്രക്‌ചർ ഇതിലും ഉണ്ടായിരിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
പുതിയ ഡാറ്റാ സെന്‍റർ പ്രവർത്തനക്ഷമമായാൽ, അത് ഗൂഗിളിന്‍റെ 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആഗോള എഐ ഡാറ്റാ സെന്‍റർ നെറ്റ്‌വർക്കിന്‍റെ ഭാഗമാകും. ഗൂഗിളിന്‍റെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ഗവേഷണ-വികസന കേന്ദ്രങ്ങളിൽ വികസിപ്പിച്ച സാങ്കേതികവിദ്യകൾ എഐ ഹബ്ബിൽ ഉപയോഗപ്പെടുത്തും.
പുതിയ എഐ ഹബ്ബ് ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ ഉയർന്ന പ്രകടന ശേഷിയുള്ള, കുറഞ്ഞ ലാറ്റൻസി ഉള്ള സേവനങ്ങൾ നൽകും. ഈ സേവനങ്ങൾ ഉപയോഗിച്ച് കമ്പനികൾക്ക് സ്വന്തമായി എഐ സൊല്യൂഷനുകൾ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും കഴിയും. അതുപോലെ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, എഐ മേഖലയിൽ ഇന്ത്യയെ ആഗോളതലത്തിൽ മുന്നിലെത്തിക്കാനും കഴിയും.
“എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ ബിസിനസിന്‍റെ വളർച്ചയും സാധ്യമാകും. എഐ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്താനും സമൂഹത്തിൽ പരിവർത്തനാത്മക സ്വാധീനം ചെലുത്താനുമുള്ള ഇന്ത്യൻ, യുഎസ് സർക്കാരുകളോടുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്,” ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ ന്യൂഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എഐ ശക്തി പരിപാടിയിൽ പറഞ്ഞു.
എക്‌സിൽ പങ്കിട്ട പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. “ഈ ബഹുമുഖ നിക്ഷേപം, വിക്‌സിത് ഭാരത് നിർമ്മിക്കാനുള്ള ഞങ്ങളുടെ കാഴ്‌ചപ്പാടുമായി യോജിക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഇത് വലിയ ശക്തിയായിരിക്കും. ഇത് എല്ലാവർക്കും എഐ ഉറപ്പാക്കുകയും, നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും, ആഗോള സാങ്കേതിക നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യും.”
ഇന്ത്യയോടുള്ള ഗൂഗിളിന്‍റെ പ്രതിബദ്ധത അഞ്ച് വർഷം (2026–2030) നീണ്ടുനിൽക്കുന്നതാണ്. ഏകദേശം 15 ബില്യൺ ഡോളറിന്‍റെ നിക്ഷേപ പദ്ധതിയാണ് ഇത്. ഇന്ത്യൻ സർക്കാരിന്‍റെ വിക്‌സിത് ഭാരത് 2047 ലക്ഷ്യവുമായി ചേർന്ന് രാജ്യത്തുടനീളം എഐ-അധിഷ്‌ഠിത സേവനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും ഇന്ത്യയ്ക്കും യുഎസിനും ഗണ്യമായ സാമ്പത്തിക, സാമൂഹിക അവസരങ്ങൾ സൃഷ്‌ടിക്കാനും ആണ് ഇത് ലക്ഷ്യമിടുന്നുവെന്ന് ഗൂഗിൾ പറഞ്ഞു.
“ആന്ധ്രപ്രദേശിലെ ഈ സുപ്രധാന നിക്ഷേപം ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തന യാത്രയിൽ പുതിയ അധ്യായം കുറിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ യഥാർത്ഥ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്‍ററും, ഇന്ത്യയിലെ ആദ്യത്തെ യഥാർത്ഥ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്ററും ഗൂഗിളിന്‍റെ ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ്ബും ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.,” ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു.
15 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് ഗൂഗിളിനോട് ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ് നന്ദി പറഞ്ഞു. വരാനിരിക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ ഇന്ത്യയുടെ എഐ ദൗത്യത്തിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗണ്യമായി സംഭാവന ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐടി പ്രൊഫഷണലുകളെ പുനർ നൈപുണ്യവൽക്കരിക്കുന്നതിനും നൈപുണ്യ വികസനത്തിനും മുൻഗണന നൽകണമെന്ന് മന്ത്രി ബിസിനസുകാരോടായി അഭ്യർത്ഥിച്ചു.