2025ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ് എന്നിവരാണ് നൊബേൽ സമ്മാനത്തിന് അർഹയായത്. നവീകരണത്തിൽ അധിഷ്‌ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതോടെ വിവിധ മേഖലയിലെ ഈ വര്‍ഷത്തെ നൊബേല്‍ പ്രഖ്യാപനം പൂര്‍ത്തിയായി.
ദീർഘകാല സാമ്പത്തിക വളർച്ചയെ നവീകരണം എങ്ങനെ നയിക്കുന്നു എന്ന് കാണിക്കുന്ന ഗവേഷണത്തിനാണ് ജോയല്‍ മോകിറിന് 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. നവീകരണത്തെയും സർഗാത്മക നശീകരണത്തെയും കുറിച്ചുള്ള സിദ്ധാന്തത്തിനാണ് അഗിയോണിനും ഹോവിറ്റിനും അംഗീകാരം ലഭിച്ചത്. പുതിയ സാങ്കേതികവിദ്യ എങ്ങനെ സുസ്ഥിര വളർച്ചയെ നയിക്കുമെന്നാണ് മൂവരുടെ പഠനം എടുത്ത് കാണിക്കുന്നത്. ലോകം തുടർച്ചയായ സാമ്പത്തിക വളർച്ച കൈവരിക്കുകയാണ്. കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.
നവീകരണം കൂടുതൽ പുരോഗതിക്ക് എങ്ങനെ പ്രചോദനം നൽകുന്നുവെന്ന് ഈ വർഷത്തെ സമ്മാന ജേതാക്കൾ അഭിപ്രായപ്പെട്ടു. സാമ്പത്തിക വളർച്ചയെ നിസ്സാരമായി കാണാനാവില്ലെന്ന് സമ്മാന ജേതാക്കളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നുവെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാന സമിതിയുടെ ചെയർമാനായ ജോൺ ഹാസ്ലർ പറഞ്ഞു.
1992-ൽ, അഗിയോണും ഹോവിറ്റും തങ്ങളുടെ സിദ്ധാന്തം വിശദീകരിക്കുന്നതിനായി ഒരു ഗണിതശാസ്ത്ര മാതൃക വികസിപ്പിച്ചെടുത്തു. നവീകരണം പുരോഗതിയെ നയിക്കുകയും അതേസമയം പഴയ സാങ്കേതികവിദ്യകളെയും സ്ഥാപനങ്ങളെയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് മികച്ച ജീവിത നിലവാരം, ആരോഗ്യം, ജീവിതഗുണമേന്മ എന്നിവ നൽകാൻ സഹായിച്ചു.
ഗവേഷണ വികസനത്തിലെ നിക്ഷേപം (ആർ&ഡി) സാമ്പത്തിക വളർച്ചയെ സങ്കീർണ്ണമായ രീതിയിൽ ബാധിക്കുന്നുവെന്ന് അഗിയോണിന്‍റെയും ഹോവിറ്റിന്‍റെയും മാതൃക കാണിക്കുന്നു. വിപണിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റക്കുറിച്ചിലുകൾ ഉണ്ടാകും. എന്നാൽ വളർച്ച നിലനിർത്താനുള്ള ശ്രമങ്ങളെ കുറിച്ചും മറ്റും പഠനം വ്യക്തമാക്കുന്നു.
1946-ൽ നെതർലൻഡ്‌സിലാണ് ജോയൽ മോകിർ ജനിക്കുന്നത്. യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി. നിലവിൽ യുഎസിലെ നോർത്ത് വെസ്റ്റേൺ സര്‍വകലാശാലയിൽ പ്രൊഫസറാണ് അദ്ദേഹം. 1956-ൽ പാരീസിൽ ജനിച്ച ഫിലിപ്പ് അഘിയോൺ കേംബ്രിഡ്‌ജിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. കോളേജ് ഡി ഫ്രാൻസിലും പാരീസിലെ ഐഎൻഎസ്ഇഎഡിയിലും യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലും പ്രൊഫസറാണ്. 1946-ൽ കാനഡയിൽ ജനിച്ച പീറ്റർ ഹോവിറ്റ് നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്. നിലവിൽ യുഎസിലെ ബ്രൗൺ സർവകലാശാലയിൽ പ്രൊഫസറാണ്.
മൂന്ന് വിജയികളും 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (£872,000- ഏകദേശം 10.39 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിടും.
