രണ്ടു വർഷം നീണ്ടുനിന്ന ഗാസയിലെ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലാണ് ഈജിപില്‍ നടന്ന സമാധാന ഉച്ചകോടിയിലെ സമാധാനക്കരാറിൽ ഒപ്പുവെച്ചത്. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളാണ് കരാർ സാധ്യമാക്കിയത്.
വെടിനിർത്തൽ തുടരുന്നതിനിടെ ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ നടന്ന രാജ്യാന്തര ഉച്ചകോടിയിൽ ട്രംപിന്‍റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോക നേതാക്കൾ പങ്കെടുത്തു. ഇസ്രയേലും ഹമാസും അംഗീകരിച്ച കരാറില്‍ ഇരുപക്ഷത്തേയും പ്രതിനിധികള്‍ പക്ഷേ പങ്കെടുത്തില്ല.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്‍റെ ഇരുപതിന പദ്ധതി ഉച്ചകോടി ചർച്ച ചെയ്ത് അംഗീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുത്തില്ല. എങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയ ലോകനേതാക്കൾ സമാധാന ചർച്ചകളിൽ പങ്കുചേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ട്രംപ് ചൊവ്വാഴ്ച രാത്രിയിൽ അമേരിക്കയിലേക്ക് തിരിക്കും.
കരാറിന്‍റെ ഭാഗമായി, ഇസ്രയേൽ പൗരന്മാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീൻ പൗരന്മാരെ ഇസ്രയേലും മോചിപ്പിച്ചു. “ഞങ്ങൾ എല്ലാവരെയും സന്തോഷിപ്പിക്കാൻ പോകുന്നു, ജൂതന്മാരായാലും അറബ് രാജ്യങ്ങളായാലും മുസ്ലീങ്ങളായാലും സന്തുഷ്‌ടരാണെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യേഷ്യൻ മേഖലയിലെ നേതാക്കളെ ഒരുമിപ്പിക്കാനാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ ദിവസത്തെ “ലക്ഷക്കണക്കിന് ആളുകൾ പ്രയത്നിക്കുകയും, ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്ത ദിവസം” എന്ന് ട്രംപ് വിശേഷിപ്പിച്ചു. നേതാക്കളുടെ ഈ കൂട്ടായ്മ ഒപ്പുവെച്ച കരാർ, “മധ്യപൂർവദേശത്ത് സമാധാനം” കൈവരിച്ചിരിക്കുന്നുവെന്നും ദശലക്ഷങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഓർഡർ ഓഫ് ദ് നൈൽ ബഹുമതി നൽകി ആദരിച്ചതിന് ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താ അൽ സിസിക്ക് ട്രംപ് നൽകി നന്ദി പറഞ്ഞു.
2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടത്. ഈ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ സംഘർഷം ഗാസയെ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
ഇസ്രയേൽ-പാലസ്തീൻ സംഘർഷം അവസാനിപ്പിച്ച്, മധ്യേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരിക, പ്രാദേശിക സുരക്ഷയുടെ ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുക എന്നിവയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താ അൽ സിസി ഈ ദിവസത്തെ “വേദനാജനകമായ ഒരധ്യായം അവസാനിപ്പിക്കുന്ന ചരിത്രപരമായ നാഴികക്കല്ല്” എന്ന് സമാധാനകരാറിനെയും ഉച്ചകോടിയേയും വിശേഷിപ്പിച്ചു. മധ്യപൂർവദേശത്ത് ഇത് “സമാധാനത്തിൻ്റെയും സ്ഥിരതയുടെയും ഒരു പുതിയ യുഗമാണ്” എന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനികൾക്ക് സ്വാതന്ത്ര്യത്തിനും സ്വയം നിർണ്ണയത്തിനും അവകാശമുണ്ടെന്നും, യുദ്ധഭീഷണിയില്ലാത്ത ഒരു ഭാവി അവർക്ക് അർഹതപ്പെട്ടതാണെന്നും സിസി വ്യക്തമാക്കി. ഇസ്രയേലുമായി സമാധാനത്തിലും സുരക്ഷയിലും പരസ്പര അംഗീകാരത്തിലും അവരുടെ സ്വതന്ത്ര രാഷ്ട്രത്തിൽ ജീവിക്കാൻ പലസ്തീനികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇസ്രയേൽ ബന്ദികളാക്കപ്പെട്ടവരിൽ മരണപ്പെട്ടവരുടെ രണ്ട് മൃതദേഹങ്ങൾ കൂടി ഗാസയിൽ വെച്ച് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ പ്രതിരോധ സേനനസംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കരാർ അനുസരിച്ച്, തടവിലുള്ള മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കൈമാറാൻ ഹമാസ് ബാധ്യസ്ഥരാണെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ന് നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുമെന്ന് ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
