ഇനി ഹോട്ടലിൽ കുളിക്കാൻ ബുദ്ധിമുട്ടേണ്ട. ഭാവിയിൽ നിങ്ങളെ കുളിപ്പിക്കാൻ പ്രത്യേക യന്ത്രമുണ്ടാകും.
ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ ‘സയൻസ്’ (Science) എന്ന പ്രശസ്ത ബാത്ത്‌റൂം ഫിക്‌സ്ചർ കമ്പനിയാണ് ഈ യന്ത്രം വികസിപ്പിച്ചത്.
‘ഹ്യൂമൻ വാഷർ ഇൻ ദി ഫ്യൂച്ചർ’ (Human Washer in the Future) എന്ന പേരിലുള്ള ഈ യന്ത്രം മനുഷ്യനെ പൂർണമായി ശുചിയാക്കാനുള്ളതെല്ലാം സ്വയം ചെയ്യും.
യന്ത്രത്തിന്റെ ഉപയോഗം വളരെ ലളിതമാണ്. അതിനുള്ളിൽ കയറി അടച്ചാൽ മതി. ആദ്യം യന്ത്രം നിങ്ങളുടെ ശരീരത്തിന് ചുറ്റും സോപ്പ് വെള്ളം നിറച്ച് സാവധാനത്തിൽ ശരീരം വൃത്തിയാക്കും.
തുടർന്ന് അതിലെ വെള്ളം പുറത്തേക്കൊഴുക്കി ശുദ്ധജലത്തിൽ ശരീരം പൂർണമായും കഴുകിക്കളയും. ഇതെല്ലാം നടക്കുമ്പോൾ തേച്ചുകുളിക്കലോ വെള്ളം ഒഴിക്കലോ ഒന്നും ആവശ്യമല്ല.
കുളിക്കുന്നതിനിടെ മനസിന് ശാന്തിയും ആനന്ദവും നൽകുന്ന ദൃശ്യങ്ങളും സംഗീതവും അനുഭവിക്കാനാകും. നിങ്ങളുടെ മുന്നിലുള്ള സ്ക്രീനിൽ മനോഹര ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടും.
അതേസമയം, പശ്ചാത്തലത്തിൽ ശാന്തമായ സംഗീതം മുഴങ്ങും. ഇത് ഉപയോക്താവിന് ഒരു സ്പാ അനുഭവം നൽകുന്നുവെന്നതാണ് പ്രത്യേകത. ഈ യന്ത്രം പൊതുജനങ്ങൾക്കായി ആദ്യമായി പ്രദർശിപ്പിക്കുന്നത് ഒസാക്ക എക്‌സ്‌പോ 2025-ലാണ്.
ഇതിനായി കമ്പനി ഒരു പ്രദർശന യൂണിറ്റ് നിർമ്മിച്ചുകഴിഞ്ഞു. എക്‌സ്‌പോ സന്ദർശകർക്ക് ഈ യന്ത്രം നേരിട്ട് പരീക്ഷിക്കാനുള്ള അവസരവും ലഭിക്കും.
വേനൽക്കാലത്ത് നടത്തിയ പ്രാഥമിക പരീക്ഷണങ്ങളിൽ ഉപഭോക്താക്കളുടെ പ്രതികരണം ഗുണകരമായിരുന്നു. 77.6% പേരാണ് “വളരെ സംതൃപ്തരാണെന്ന്” പറഞ്ഞത്
അതേസമയം 21.1% പേർ “സംതൃപ്തരാണെന്ന്” വിലയിരുത്തി. അതായത്, മുഴുവൻ ഉപയോക്താക്കളും ഈ യന്ത്രത്തെ അനുകൂലമായി വിലയിരുത്തി.
ഹോട്ടൽ ഉടമകളിൽ നിന്നും’ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിനകം ആറ് യൂണിറ്റുകൾക്കായി ഓർഡറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ജപ്പാനിലെ സ്പാകൾ, ബാത്ത് ഹൗസുകൾ, ഫിറ്റ്‌നസ് ക്ലബ്ബുകൾ, ആഡംബര ഹോട്ടലുകൾ എന്നിവയാണ് ഓർഡർ നൽകിയത്.
എക്‌സ്‌പോ 2025 കഴിഞ്ഞതിന് ശേഷം ഈ യന്ത്രം ഷിൻ ഒസാക്ക സെൻട്രൽ ടവറിലുള്ള സയൻസിന്റെ ഷോറൂമിലേക്ക് മാറ്റും. അവിടെ എത്തുന്ന സന്ദർശകർക്കും ഇത് നേരിട്ട് പരീക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
എന്നാൽ സാധാരണ വീടുകളിൽ ഈ യന്ത്രം എത്താൻ ഇപ്പോൾ സാധ്യത കുറവാണ്. ഉയർന്ന വിലയും വലുപ്പവും പ്രധാന വെല്ലുവിളികളാണ്.
യന്ത്രം വീടുകളിൽ സ്ഥാപിക്കുന്നത് ചെലവേറിയതും കൂടുതൽ സ്ഥലം ആവശ്യപ്പെടുന്നതുമാണ്. കമ്പനി പറയുന്നതനുസരിച്ച്, വില ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ വിലയ്ക്കു തുല്യമാണ്. അതിനാൽ, സാധാരണ ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.