ഡൽഹിയിൽ ദീപാവലിക്കായുള്ള വീട്ടുവൃത്തിയാക്കലിനിടെ ഒരുകുടുംബത്തിന് ലഭിച്ചത് രണ്ട് ലക്ഷം രൂപ.
പഴയ 2000 രൂപ നോട്ടുകെട്ടുകളായാണ് ഈ തുക കണ്ടെത്തിയത്. വീട്ടിലെ പഴയ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിനുള്ളിലാണ് നോട്ടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടത്.
ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി വീടുകൾ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ പതിവിന്റെ ഭാഗമായി നടന്ന ശുചീകരണത്തിനിടെയാണ് ഇത്.
ഡിടിഎച്ച് ബോക്സില്‍ ഒളിപ്പിച്ച നിലയിൽ വീട്ടമ്മയാണ് നോട്ടുകള്‍ കണ്ടത്. നോട്ട് നിരോധന കാലത്ത് എന്റെ അച്ഛൻ മറന്ന് വച്ചതാകാനാണ് സാദ്ധ്യത. ഞങ്ങള്‍ അദ്ദേഹത്തോട് ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല- സോഷ്യൽ മീഡിയയിൽ യുവാവ് കുറിച്ചു
വാർത്ത വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങൾ ഉയർന്നു. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചെങ്കിലും നിയമപരമായി റദ്ദാക്കിയിട്ടില്ലെന്നതിനാൽ മാറ്റിയെടുക്കാൻ കഴിയുമെന്ന് പലരും ചൂണ്ടിക്കാട്ടി.
ആർബിഐ ഓഫീസുകളിൽ ഇരുപതിനായിരം രൂപ വരെ കൈമാറ്റം ചെയ്യാമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ചിലർ നൽകിയ നിർദേശം പ്രകാരം, ആദ്യം ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഉപദേശം തേടാനും പിന്നെ ബാങ്ക് അല്ലെങ്കിൽ ആർബിഐ ഓഫീസ് സമീപിക്കാനുമാണ് ശുപാർശ.
“അടുത്തുള്ള ആർബിഐ സെന്ററിൽ പോയി ഡിക്ക്ലറേഷൻ ഫോം പൂരിപ്പിച്ച് നോട്ടുകൾ കൈമാറ്റം ചെയ്യാം. ഒരിക്കൽ മുഴുവൻ കൈമാറ്റം ബുദ്ധിമുട്ടാണെങ്കിൽ അഞ്ചോ പത്തോ ഗൂപ്പുകളായി മാറ്റാം,” എന്നായിരുന്നു മറ്റൊരാളുടെ നിർദ്ദേശം.
2023 മേയ് 19-നാണ് 2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. എങ്കിലും നോട്ടുകളുടെ മൂല്യം അസാധുവായിട്ടില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,884 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്.
അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം, ബംഗളൂരു, ന്യൂഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തെ 19 ആർബിഐ ഇഷ്യൂ ഓഫീസുകളിൽ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും പരിധിയില്ല. ആവശ്യമായവർ തപാൽ മാർഗമായും നോട്ടുകൾ അയക്കാം.
