കട്ടപ്പന കുന്തളംപാറയിൽ ശക്തമായ ഉരുൾപൊട്ടലാണ് ശനിയാഴ്ച പുലർച്ചെ ഉണ്ടായത്. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി.
2019-ൽ ഉരുൾപൊട്ടൽ ഉണ്ടായ അതേ പ്രദേശത്താണ് സംഭവം ആവർത്തിച്ചത്.
ഉരുൾപൊട്ടൽ വെളുപ്പിന് ഒന്നരയോടെയാണ് സംഭവിച്ചത്. വീടുകളുടെ മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നെടുങ്കണ്ടം, കൂട്ടാർ തുടങ്ങിയ പ്രദേശങ്ങളിലും ഉരുൾപൊട്ടിയതായി സംശയമുണ്ട്.
കൂട്ടാറിൽ കനത്ത മലവെള്ളപ്പാച്ചിലിനെ തുടർന്ന് ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകിപ്പോയിരുന്നു.
കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടതോടെ, ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കാമെന്ന അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
