കഴിഞ്ഞ ദിവസം പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് കോട്ടു വായിട്ട യാത്രക്കാരന് സംഭവിച്ച പ്രശ്‌നം സമൂഹമാധ്യമത്തിൽ വൈറലാണ്. ഇത് ഏവരെയും അമ്പരിപ്പിച്ചു. കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌സ്പ്രസിലെ യാത്രക്കാരനായ ബംഗാൾ സ്വദേശി അതുൽ ബിശ്വാസാണ് കോട്ടുവായെതുടർന്ന് വായ അടയ്ക്കാൻ കഴിയാതെ വലഞ്ഞത്.
തുടർന്ന് പാലക്കാട് റെയിൽവേ ഡിവഷൻ ഓഫിസിലെ മെഡിക്കൽ ഓഫിസർ ഡോ. പി എസ് ജിതിൻ എത്തി ചികിത്സ നൽകി വായ ശരിയാക്കുകയും ചെയ്‌തു. ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, പാലക്കാട് യുവാവിന് സംഭവിച്ചത് ടെംപറോമാൻഡിബ്യൂലർ ജോയിന്റ് ഡിസ്‌ലൊക്കേഷൻ (ടിഎംജെ) എന്നാണ് പറയുന്നത്.
ടെംപറോമാൻഡിബ്യൂലർ ജോയിൻറ് ഡിസ്‌ലൊക്കേഷൻ (ടിഎംജെ)
ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒട്ടോറിനോളറിംഗോളജി ആൻഡ് ഹെഡ് ആൻഡ് നെക്ക് സർജറിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, അമിതമായി കോട്ടുവാ ഇടുമ്പോഴോ, അപകടങ്ങളിൽ പെടുമ്പോഴോ, പ്രത്യേക രോഗാവസ്ഥകളിലോ ആണ് പ്രധാനമായും ങ്ങനെ സംഭവിക്കുന്നത്. കീഴ്‌താടിയെല്ലിന്റെ ബോൾ- ആൻഡ്-സോക്കറ്റ് തെന്നിപ്പോകുന്ന അവസ്ഥയാണിത്.
തുടർന്ന് വായ അടക്കാൻ പറ്റാതെ വരികയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ താടിയെല്ല് ചലിപ്പിക്കാൻ ബുദ്ധിമുട്ട്, ഉമിനീർ ഒലിക്കുക, സംസാരിക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്, വീക്കം എന്നിവയും ഉണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ഡോക്‌ടർ കൈകൊണ്ടുതന്നെ ജോയിൻ്റിനെ പൂർവ സ്ഥിതിയിലാക്കുന്നു. എന്നാൽ ഗുരുതരാവസ്ഥ ആണെങ്കിൽ ഇതിന് ചെറിയ ശസ്‌ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ വിശദീകരക്കുന്നത്.
കാരണങ്ങൾ
അമിതമായി വായതുറന്നുള്ള കോട്ടുവാ ഇടൽ, ഛർദി എന്നീ സാഹചര്യങ്ങൾ പ്രധാന കാരണമാകുന്നു
പേശികളുടെ ടോണിനെ ബാധിക്കുന്ന കണക്‌ടീവ് ടിഷ്യു ഡിസോർഡേഴ്‌സ് അല്ലെങ്കിൽ ന്യൂറോളജിക്കൽ രോഗങ്ങൾ പോലുള്ളവ
പ്രായമായ രോഗികളിലും സന്ധികളുടെ സ്ഥിരതയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉള്ളവരിലും ഈ പ്രശ്‌നം കാണപ്പെടുന്നു
പരിചരണവും ചികിത്സയും
ഹിപ്പോക്രാറ്റിക് അല്ലെങ്കിൽ റിസ്‌റ്റ് പിവറ്റ് രീതികൾ പോലുള്ള നിലവിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സന്ധികളിൽ സംഭവിക്കുന്ന ഡിസ്‌ലൊക്കേഷൻ ശരിയാക്കിയെടുക്കാം. ചിലപ്പോൾ മസിൽ റിലാക്‌സെൻ്റുകൾ അല്ലെങ്കിൽ സെഡേഷൻ എന്നിവ ഉപയോഗിച്ചും ഡിസ്‌ലൊക്കേഷൻ മാറ്റാം. ഇത്തരം സന്ദർഭങ്ങളിൽ താടിയെല്ല് സ്വയം പുനസ്ഥാപിക്കാൻ ശ്രമിക്കരുത് എന്ന് ഡോക്‌ടർമാർ നിർദേശിക്കുന്നു. ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
താടിയെല്ലിൻ്റെ സ്ഥാനഭ്രംശം കുറച്ചതിന് ശേഷം ബാൻഡേജുകൾ ഉപയോഗിച്ചോ ഇലാസ്‌റ്റിക് ഫിക്സേഷൻ ഉപയോഗിച്ചോ താടിയെല്ലിൻ്റെ ചലനം 1 മുതൽ 4 ആഴ്‌ച വരെ പരിമിതപ്പെടുത്തണം. ഇത് വേദനയും മറ്റും കുറക്കുകയും വീണ്ടും ഇത്തരം പ്രശ്‌നം ആവർത്തിക്കാതിരിക്കാനും സഹായിക്കും. മൃദുവായ ഭക്ഷണക്രമം, മിതമായ വായതുറക്കൽ എന്നിവയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഗുരുതരമായ അവസ്ഥ ആണെങ്കിൽ ബോട്ടുലിനം ടോക്‌സിൻ കുത്തിവയ്പ്പുകൾ, അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവയും ആവശ്യമായി വന്നേക്കാം. ശസ്ത്രക്രിയാനന്തര പരിചരണത്തിൽ തുടർച്ചയായ ശ്രദ്ധ ആവശ്യമാണ് എന്നും ഡോക്‌ടർമാർ നിർദേശിക്കുന്നു.