ബ്രിട്ടനിൽ ലൈംഗികാതിക്രമ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്നയാളാണ് അറസ്റ്റിലായത്. ബ്രിട്ടനിലെ സമർസെറ്റ് ടോണ്ടനിലാണ് ഇരുപത്തൊൻപതുകാരനായ മനോജ് അറസ്റ്റിലായത്. ഈ മാസം പതിനൊന്നിനാണ് ഇയാൾ ടോണ്ടനിലെ വിക്ടോറിയ പാർക്കിൽവെച്ച് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചത്.
ഒക്ടോബർ 11ന് പുലർച്ചെ ഒരു സ്ത്രീയെ പാർക്കിനുള്ളിൽ വിഷമാവസ്ഥയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മനോജ് പിടിയിലായത്.
ഒക്ടോബർ 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ്.
