ആരാധകരുടെ പിന്തുണയുടെ കാര്യത്തിൽ ദക്ഷിണേന്ത്യൻ നടി സാമന്ത ഒന്നാമതെത്തി. ഓർമാക്സ് മീഡിയ പുറത്തുവിട്ട ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരുടെ പട്ടികയിലാണ് സാമന്ത റൂത്ത് പ്രഭു സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരമുള്ള ഈ പത്ത് പേരുടെ ലിസ്റ്റിൽ ദീപിക പദുകോൺ, നയൻതാര തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് സാമന്തയുടെ നേട്ടം.
ദീപിക പദുകോൺ പട്ടികയിൽ അഞ്ചാം സ്ഥാനത്തും, ലേഡി സൂപ്പർസ്റ്റാർ നയൻതാര ആറാം സ്ഥാനത്തുമാണ്. ആലിയ ഭട്ട് രണ്ടാം സ്ഥാനത്തും, കാജൽ അഗർവാൾ മൂന്നാം സ്ഥാനത്തുമാണ്. രശ്മിക മന്ദാന, സായ് പല്ലവി, തമന്ന, ശ്രീലീല എന്നിവരാണ് പട്ടികയിലെ മറ്റ് പ്രധാന നടിമാർ. ഈ വർഷം ശ്രദ്ധേയമായ വലിയ റിലീസുകളില്ലെങ്കിൽ പോലും സാമന്ത ജനപ്രീതിയിൽ ഒന്നാമതെത്തി.
നിലവിൽ അഭിനയരംഗത്തും നിർമ്മാണരംഗത്തും സാമന്ത സജീവമാണ്. രാജ് ആൻഡ് ഡി കെ-യുടെ ‘സിറ്റാഡെൽ: ഹണി ബണ്ണി’ എന്ന വെബ് സീരീസിലാണ് താരം ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ‘രക്ത ബ്രഹ്മാണ്ഡ്’, തെലുങ്ക് ചിത്രം ‘ബംഗാരം’ എന്നിവയുടെ ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ, തെലുങ്ക് ചിത്രം ‘ശുഭം’ പ്രൊഡ്യൂസ് ചെയ്ത് സാമന്ത നിർമ്മാതാവെന്ന നിലയിലും അരങ്ങേറ്റം കുറിച്ചിരുന്നു.
