ഇനി കല്യാണം കഴിച്ചാൽ ഉടനെ തന്നെ കിട്ടും വിവാഹ സർട്ടിഫിക്കറ്റ്. പണ്ടേപ്പോലെ ദിവസങ്ങൾ കാത്തിരിക്കുകയോ ഓഫീസുകളിൽ കറിയിറങ്ങുകയോ വേണ്ട. ഞായറാഴ്ച പാലക്കാട് കാവശ്ശേരിയിൽ നടന്ന ലാവണ്യയും വിഷ്ണുവിന്റെയും വിവാഹത്തിലാണ് അതിവേഗ നടപടി കേരളം കണ്ടത്. കെ-സ്മാർട്ട് സംവിധാനം വഴിയാണ് ഈ ദമ്പതികൾക്ക് വിവാഹവേദിയിലിരിക്കെ സർട്ടിഫിക്കറ്റ് ലഭിച്ചത്.
അവധിദിനമായിട്ടും കാവശ്ശേരി പഞ്ചായത്തിലെ ജീവനക്കാർ തത്സമയം അപേക്ഷ പരിശോധിച്ച് അംഗീകരിച്ചു. പഞ്ചായത്ത് അംഗം ടി. വേലായുധൻ ചടങ്ങ് നടന്ന സ്ഥലത്ത് എത്തി നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റ് കൈമാറുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
മന്ത്രി എം.ബി. രാജേഷാണ് ഈ അപൂർവത ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. “ഇതാണ് ഡിജിറ്റൽ കേരളം!” എന്ന് അദ്ദേഹം കുറിച്ചു. കെ-സ്മാർട്ട് വഴി ഭരണത്തിൽ പൗരൻമാർക്ക് ലഭിക്കുന്ന സൗകര്യങ്ങളിലേക്കുള്ള ഒരു പുതിയ ചുവടുവെപ്പാണിതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പൗര സേവന രംഗത്ത് വൻ മാറ്റം സൃഷ്ടിച്ച കെ-സ്മാർട്ട് പദ്ധതി, സംസ്ഥാനത്തെ പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടുത്തി വികസിപ്പിച്ച ഒരു സമഗ്ര ഇ-ഗവേണൻസ് സംവിധാനമാണ്.
ജനങ്ങൾ വീടുകളിൽ ഇരുന്ന് തന്നെ അപേക്ഷകൾ സമർപ്പിക്കാനും വീഡിയോ കെവൈസി വഴി രേഖകളും പരിശോധിക്കാനും ഈ സംവിധാനം സഹായിക്കുന്നു. കെ-സ്മാർട്ട് നടപ്പിലാക്കിയ ശേഷം സംസ്ഥാനത്ത് ഇതുവരെ 1,50,320 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതായും, അതിൽ 62,915 എണ്ണം വീഡിയോ കെവൈസി വഴിയാണ് നടത്തപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
കാവശ്ശേരിയിലെ ഈ സംഭവം കെ-സ്മാർട്ട് പദ്ധതിയുടെ കാര്യക്ഷമതയും വേഗതയും തെളിയിക്കുന്നതായി മാറിയിരിക്കുകയാണ്.
