ഒരിക്കൽ ചലച്ചിത്രരംഗത്തും നൃത്തരംഗത്തും തിളങ്ങിയ താരമാണ് പാര്‍വതി ജയറാം എന്ന അശ്വതി. മികച്ച നടനമുഹൂർത്തങ്ങൾ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള നടി, ഏറെക്കാലമായി അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകരുന്നൊരു ഓണ്‍ലൈന്‍ പോസ്റ്റ് കൊണ്ട് താരം തിരിച്ചെത്തിയിരിക്കുകയാണ്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ‘കാന്താര’യിലെ പ്രശസ്ത ഗാനമായ ‘വരാഹരൂപം’ താളത്തില്‍ നൃത്തമാടി ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പോസ്റ്റ് ചെയ്താണ് സന്തോഷം പങ്കുവെച്ചത്. പാര്‍വതി പോസ്റ്റില്‍ കുറിച്ച വാക്കുകള്‍ :
“കാന്താര മുതല്‍ ഈ സംഗീതം എന്നില്‍ ജീവിക്കുന്നു. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1-ലൂടെ അത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് മനസ്സില്‍ തങ്ങിനില്‍ക്കുന്ന, ദൈവികമായ, അചഞ്ചലമായ ഒന്നായി.
അഭൗമമായ സംഗീതമൊരുക്കിയ അജനീഷ് ലോക്‌നാഥിനും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഈ സൃഷ്ടിക്ക് ജന്മം നല്‍കിയ അതുല്യ പ്രതിഭ ഋഷഭ് ഷെട്ടിക്കും, സങ്കല്‍പങ്ങളെ ദൃശ്യകാവ്യമാക്കി മാറ്റിയ അരവിന്ദ് എസ്. കശ്യപിനും എന്റെ വിനീതമായ സമര്‍പ്പണമാണിത്.
ഒടുവിലായി, ഏറ്റവും പ്രിയപ്പെട്ട എന്റെ രാജാവ് രാജശേഖരന്- എന്റെ ഭര്‍ത്താവ് ജയറാമിന്, ആത്മാവില്‍ തങ്ങിനില്‍ക്കുന്ന ഈ മാന്ത്രികതയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.”
പാര്‍വതിയുടെ ഈ പോസ്റ്റ്, സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി.
