Wednesday, October 22, 2025
Wednesday, October 22, 2025
Homeviralകാരറ്റ് കുടുംബത്തിൽപ്പെട്ട പുതിയ പ്ലാന്റ് ഇതാ

കാരറ്റ് കുടുംബത്തിൽപ്പെട്ട പുതിയ പ്ലാന്റ് ഇതാ

Published on

ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്ന് കാരറ്റ് കുടുംബത്തിൽപ്പെട്ട (അംബെല്ലിഫെറെ/ഏപ്പിയേസിയേ) പുതിയൊരു സസ്യം കൂടി കണ്ടെത്തി ഗവേഷകർ. ടെട്രാറ്റീനിയം എന്ന ജനുസ്സിൽപ്പെടുന്ന സസ്യത്തിന് ‘ടെട്രാറ്റീനിയം മണിലാലിയാനം’ എന്നാണ് പേര് നൽകിയത്.
സസ്യശാസ്ത്ര ഗവേഷകനും ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്സോണമിയുടെ സ്ഥാപക പ്രസിഡൻ്റും കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ കെ എസ് മണിലാലിനോടുള്ള ബഹുമാനാർഥമാണ് ‘ടെട്രാറ്റീനിയം മണിലാലിയാനം’ എന്ന പേര് നൽകിയത്.
ഉയർന്ന പ്രദേശങ്ങളിൽ ചോലവനങ്ങളോട് ചേർന്നുള്ള പുൽമേടുകളിൽ മാത്രം കണ്ടുവരുന്ന, വെളുത്ത പൂക്കളും മണ്ണിനടിയിൽ വളരുന്ന റൈസോമുകളുമുള്ള ഈ സസ്യം മഴക്കാലത്തുമാത്രം വളർന്ന് പുഷ്പിക്കുന്നവയാണ്. നവംബറിൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്സോണമിയുടെ കോറൽ ജൂബിലി വാർഷിക കോൺഫറൻസ് കോഴിക്കോട് ദേവഗിരി കോളജിൽ നടത്താൻ തയ്യാറെടുക്കുന്ന വേളയിലാണ് ഈ കണ്ടുപിടിത്തം.
സ്വീഡനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന രാജ്യാന്തര ജേണലായ ‘നോർഡിക് ജേണൽ ഓഫ് ബോട്ടണി’യിൽ ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം വഹിക്കുന്ന ദേവഗിരി സെയ്ൻ്റ് ജോസഫ്‌സ് കോളജിലെ ബോട്ടണി വിഭാഗം ഗവേഷക സി രേഖ പറഞ്ഞു.


കാരറ്റ് ഫാമിലിയിലെ 48 -ാമത്തെ സസ്യമാണിത്. കാരറ്റ്, മല്ലി, ജീരകം, പെരുംജീരകം, അയമോദകം തുടങ്ങിയവ ഈ കുടുംബത്തിൽ പെടുന്നതാണ്. 2020 മുതൽ ഗവേഷണ രംഗത്തുള്ള രേഖ ഇതിനുമുമ്പ് ഇതേ കുടുംബത്തിൽപ്പെട്ട രണ്ട് സസ്യങ്ങളെ കൂടി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിൽ നിന്നാണ് രണ്ടും കണ്ടെത്തിയത്. 2024-ല്‍ കണ്ടെത്തിയതിൻ്റെ പേര് ‘ടെട്രാനിയം ശ്രീരംഗി’ എന്നായിരുന്നു. സസ്യ ശാസ്ത്ര ഗവേഷകനായ പ്രൊഫ. ശ്രീരംഗ രാമചന്ദ്ര യാദവിനോടുള്ള ബഹുമാനാർഥമാണ് ‘ടെട്രാനിയം ശ്രീരംഗി’ എന്ന പേരും നൽകിയത്.
അടുത്തത് ‘പിണ്ഡ മുഖർജിന’ ആയിരുന്നു. പൂനെ ജില്ലയിൽ നിന്ന് കണ്ടെത്തിയ സസ്യത്തിന് കൊൽക്കത്ത യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സസ്യ ഗവേഷകനുമായ ഡോ. പ്രശാന്ത് കുമാർ മുഖർജിയോടുള്ള ബഹുമാനാർഥമാണ് ‘പിണ്ഡ മുഖർജിന’ എന്ന പേര് നൽകിയത്.
ഇപ്പോൾ കണ്ടെത്തിയ ‘ടെട്രാറ്റീനിയം മണിലാലിയാനം’ ലോകത്ത് തന്നെ ആദ്യമായിട്ടാണ് കണ്ടെത്തുന്നതെന്ന് നോർഡിക് ജേണൽ ഓഫ് ബോട്ടണിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് തന്നെ അപൂർവമായത്, ഏഷ്യയിൽ അപൂർവമായത്, ലോകത്ത് തന്നെ അപൂർവമായത് എന്നീ ഗണങ്ങളിലാണ് കണ്ടുപിടുത്തങ്ങളിൽ റിപ്പോർട്ട് ലഭിക്കുക. ഏകദേശം ഒരു വർഷം കാത്തിരുന്ന ശേഷമാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക.
ബോട്ടണി ഇഷ്ട വിഷയമാണെങ്കിലും പിഎച്ച്ഡി ടാക്സോണമിയിലേക്ക് എത്തിയത് അത്ര താല്‍പര്യത്തോടെ ആയിരുന്നില്ലെന്ന് രേഖ പറയുന്നു. ആദ്യമൊക്കെ ഫീൽഡ് വർക്കുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പോകുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. എന്നാൽ താൻ ഗവേഷണം ചെയ്യുന്ന ഗുജറാത്ത് മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ സസ്യ വൈവിധ്യങ്ങൾ ഉണ്ടെന്ന് മനസ്സിലായതോടെ ഈ പഠനം വളരെ രസകരമായി.
കണ്ണൂർ മട്ടന്നൂരിനടുത്ത് ചാലോട് സ്വദേശിയാണ് സി രേഖ. ഗൈഡായ കെ എം മനുദേവ്, കോയമ്പത്തൂരിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ- സതേൺ റീജണൽ സെന്റർ ഗവേഷകവിദ്യാർഥിയായ അമൃത സുന്ദരൻ, ഗൈഡും ശാസ്ത്രജ്ഞയുമായ സുജന കെ അർജുനൻ എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്.

Latest articles

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

ഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...

More like this

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...