ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, മറ്റു സംസ്ഥാനങ്ങളിലും കേരളത്തിലും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപം, തിരക്കേറിയ സമയത്താണ് ഉയർന്ന തീവ്രതയിലുള്ള സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും എട്ട് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ എട്ട് പേർ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരിച്ചതായി എൽഎൻജെപി (Lok Nayak Jai Prakash Narayan) ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തുകയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് വിവരങ്ങൾ അറിയുകയും ചെയ്തു. തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച്ചയുമായും ഇന്‍റലിജൻസ് ബ്യൂറോ (IB) ഡയറക്ടർ തപൻ ദേക്കയുമായും സംസാരിച്ചു.
ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA), നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) എന്നീ ഉന്നത ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്ഫോടനം നടന്ന സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലെ ഹ്യുണ്ടായ് i20 കാറിന് സമീപം സന്ദർശിച്ച ശേഷം സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ, അന്വേഷണ പുരോഗതി വ്യക്തമാക്കി. ഫോറൻസികിനൊപ്പം എന്‍എസ്‌ജി, എന്‍ഐഎ ടീമുകൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി പൊലീസ് കമ്മീഷണറുമായും സ്പെഷ്യൽ ബ്രാഞ്ച് ഇൻചാർജുമായും സംസാരിച്ചതായും ഇരുവരും സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ അന്വേഷണ ഫലങ്ങൾ പൊതുജനങ്ങളുടെ മുൻപിൽ എത്തിക്കുമെന്നും ഷാ വ്യക്തമാക്കി. പരിക്കേറ്റവരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു.
സ്ഫോടനത്തിന്‍റെ കാരണവും സ്വഭാവവും കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (NIA), ദേശീയ സുരക്ഷാ ഗാർഡ് (NSG), ഫോറൻസിക് സയൻസ് ലബോറട്ടറി (FSL), ദില്ലി പോലീസ് എന്നിവയുടെ ഏകോപിത അന്വേഷണത്തിന് അമിത് ഷാ നിർദേശം നൽകി. നിലവിൽ എന്‍ഐഎ, ഡൽഹി പൊലീസിന് സഹായവുമായി സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിക്കുകയാണ്.
സ്ഫോടനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കശ്മീർ ഡോക്ടർ ഡോ. മുസമ്മിൽ ഗനായി ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള “വൈറ്റ് കോളർ ഭീകര” മൊഡ്യൂളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഡൽഹി സ്ഫോടനവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[
മിറർഇന്ത്യടിവി exclusive വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]
സ്ഫോടനത്തെ തുടർന്ന് അയൽ സംസ്ഥാനമായ ഹരിയാനയിൽ ഉടൻ തന്നെ ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഇന്റർ-സ്റ്റേറ്റ് അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. പൊതുഗതാഗത കേന്ദ്രങ്ങൾ, പാർക്കിംഗ് ഏരിയകൾ, ഹോട്ടലുകൾ, ധർമ്മശാലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടക്കുന്നു. അതിർത്തി പങ്കിടുന്ന എൻസിആർ (ദേശീയ തലസ്ഥാന മേഖല) ജില്ലകളിൽ പ്രത്യേക ജാഗ്രത പാലിക്കുന്നു. പൊതുജനങ്ങൾ ശാന്തരായിരിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ 112 എന്ന എമർജൻസി ഹെൽപ്‌ലൈനിൽ ഉടൻ വിവരം അറിയിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ കേരള പോലീസിന് നിർദേശം നൽകി. ജനത്തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും.
കാസർഗോഡ് അടക്കമുള്ള അതിർത്തി ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സംശയാസ്പദമായ വസ്തുക്കളോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ 112-ൽ വിളിച്ച് അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

സ്‌ഫോടനം നടത്തിയത് ഐ 20 കാറില്‍, ഭീകരാക്രമണം തള്ളുന്നില്ല- അമിത് ഷാ
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് വൈകുന്നേരം 7 മണിയോടെ സ്ഫോടനം ഉണ്ടായത് ഒരു ഹ്യുണ്ടായ് i20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഫോടനത്തിന്‍റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുകയാണെന്നും അമിത് ഷാ. സ്ഫോടനം കാരണം 3-4 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, കൂടാതെ ആളുകൾക്ക് പരിക്കേൽക്കുകയും ചിലർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് എട്ട് പേർ മരിച്ചു എന്നാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഉണ്ടെന്നും അമിത് ഷാ.
സംഭവം ഭീകരാക്രമണമാണോ എന്ന ചോദ്യത്തിന്, “ഞങ്ങൾ എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്, ഒന്നും തള്ളിക്കളയുന്നില്ല. എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇപ്പോള്‍ പറയാൻ വളരെ പ്രയാസമാണ്. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത സാംപിളുകൾ വിശകലനം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും അമിത് ഷാ.
ദില്ലി പൊലീസ് കമ്മീഷണറുമായും സ്പെഷ്യൽ ബ്രാഞ്ച് ഇൻചാർജുമായും സംസാരിച്ചതായും ഇരുവരും സംഭവസ്ഥലത്തുണ്ടെന്നും അമിത് ഷാ.
എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ അന്വേഷണ ഫലങ്ങൾ പൊതുജനങ്ങളുടെ മുൻപിൽ എത്തിക്കുമെന്നും ഷാ വ്യക്തമാക്കി. പരിക്കേറ്റവരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു. തുടര്‍ന്ന് സ്ഫോടനസ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു.
സ്ഫോടനത്തിന്‍റെ കാരണവും സ്വഭാവവും കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (NIA), ദേശീയ സുരക്ഷാ ഗാർഡ് (NSG), ഫോറൻസിക് സയൻസ് ലബോറട്ടറി (FSL), ദില്ലി പോലീസ് എന്നിവയുടെ ഏകോപിത അന്വേഷണത്തിന് അമിത് ഷാ നിർദേശം നൽകി. നിലവിൽ എന്‍ഐഎ, ദില്ലി പൊലീസിന് സഹായവുമായി സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിക്കുകയാണ്.
അതേസമയം,ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ സ്റ്റേഷനുകൾ, പുരാവസ്തു കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സിഐഎസ്എഫിൻ്റെ സംരക്ഷണത്തിലുള്ള എല്ലാ പ്രധാന സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചു. മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി അപലപിച്ചു
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എഫ്ബി പോസ്റ്റില്‍ വ്യക്തമാക്കി.
ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ.
രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടയെന്നും പോസ്റ്റില്‍ മുഖ്യമന്ത്രി കുറിച്ചു.


