ബത്തേരി : 30 വർഷംമുമ്പ് സംസ്ഥാനത്ത് കോടികൾ തട്ടിയ ആട്, തേക്ക്, മാഞ്ചിയം നിക്ഷേപതട്ടിപ്പിന് സമാനമായി മറ്റൊരു തട്ടിപ്പിനുകൂടി കളമൊരുങ്ങുന്നു. 15 ലക്ഷം മുടക്കിയാൽ ചന്ദനം കൃഷി ചെയ്ത് 15 വർഷംകൊണ്ട് കോടികൾ സമ്പാദിക്കാമെന്ന മോഹന വാഗ്ദാനം നൽകിയാണ് നിരവധി നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്. വിദേശ മലയാളികളടക്കം നിരവധിപേർ ഇത്തരത്തിൽ ലക്ഷങ്ങൾ നൽകി ചന്ദനം കൃഷി ചെയ്യാനുള്ള തോട്ടം 10 ഇരട്ടിയോളം അധികതുക നൽകി കൈവശമാക്കിയതായാണ് വിവരം. എറണാകുളം ആസ്ഥാനമായ സ്ഥാപനമാണ് ചന്ദന കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. വയനാട്ടിലെ പാടിച്ചിറ അടക്കം ചില ഭാഗങ്ങളിൽ ഇതിനായി തുച്ഛവിലക്ക് ഹെക്ടർ കണക്കിന് തോട്ടങ്ങൾ വാങ്ങിയിട്ടുണ്ട്. 30,000 മുതൽ 40,000 വരെ രൂപ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ ചന്ദനകൃഷി വാഗ്ദാനം ചെയ്ത് രണ്ടര മുതൽ മൂന്നു വരെ ലക്ഷം സെന്റിന് ഈടാക്കിയാണ് നിക്ഷേപകർക്ക് കൈമാറുന്നത്. ഇത്തരത്തിൽ 15 ലക്ഷം വരെ ഈടാക്കി അഞ്ച് സെന്റ് വീതമുള്ള പ്ലോട്ടുകളാണ് കമ്പനി കൈമാറുന്നത്. ഒരു പ്ലോട്ടിൽ 20 ചന്ദനത്തൈകൾ കമ്പനി നട്ടുപരിപാലിച്ച് 15 വർഷംകൊണ്ട് അഞ്ച് കോടിയോളം സ്വന്തമാക്കാമെന്നാണ് വാഗ്ദാനം. 15 ലക്ഷം ഒറ്റത്തവണയായി നൽകാനില്ലാത്തവർക്ക് ഗഡുക്കളായും ഇ.എം.ഐയായും വാങ്ങാമെന്നും അവർ പറയുന്നു.10 ലക്ഷം രൂപ മുടക്കുന്ന വ്യക്തിക്ക് 12 മുതല്‍ 15 വരെ വര്‍ഷം കഴിയുമ്പോള്‍ ഒന്നര കോടി രൂപ മുതല്‍ അഞ്ച് കോടി രൂപവരെ നേടാന്‍ കഴിയുന്നതാണ് ചന്ദനക്കൃഷി പദ്ധതിയെന്നു കമ്പനി ചെയര്മാന് ടി.എ. നിസാര്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.
നിലവില്‍ പാടിച്ചിറ വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിയുടെ കൈവശം ചന്ദനക്കൃഷിക്ക് യോജിച്ച 25 ഏക്കറോളം ഭൂമിയുണ്ട് എന്നാണ് പറയുന്നത്. കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് ജസ്പെയ്ഡ് എന്ന കമ്പനി.

അവരുടെ വാഗ്ദാനങ്ങൾ ഇതാണ്:
10 ലക്ഷം രൂപ നല്കി പദ്ധതി ഗുണഭോക്താവുന്ന വ്യക്തിക്ക് കമ്പനി അഞ്ച് സെന്റ് സ്ഥലം ആധാരം ചെയ്തു നല്‍കും. ഈ ഭൂമിയില്‍ 10 അടി ഇടവിട്ട് 20 ചന്ദനത്തൈകളും ഹോസ്റ്റ് പ്ലാന്റുകളും നടും. ബംഗളൂരുവിലെ ഇന്ത്യന്‍ വുഡ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ടെക്നോളജീസ്(ഐഡബ്ല്യുഎസ്ടി)വികസിപ്പിച്ച രീതിയാണ് ചന്ദനക്കൃഷിയില്‍ അവലംബിക്കുക. ചന്ദനം നട്ട് 15 വര്‍ഷമാകുമ്പോഴേക്കും ശരാശരി 20 കിലോഗ്രാം കാതല്‍ ലഭിക്കുന്നതാണ് ഐഡബ്ല്യുഎസ്ടി വികസിപ്പിച്ച കൃഷി രീതി. നിലവില്‍ ചന്ദനക്കാതല്‍ കിലോഗ്രാമിന് 20,000 രൂപയാണ് വില. ഇതനുസരിച്ച് ഒരു മരത്തിന്റെ കാതല്‍ വില്പനയിലൂടെ മാത്രം നാല് ലക്ഷം രൂപ ലഭിക്കും. ഒരു പതിറ്റാണ്ട് കഴിയുമ്പോള്‍ കാതല്‍ വില കിലോഗ്രാമിന് ഒരു ലക്ഷം രൂപ കവിയുമെന്നാണ് കരുതുന്നത്.
പദ്ധതി ഗുണഭോക്താവാകുന്ന ഓരോ വ്യക്തിയില്‍നിന്നും ചന്ദന മരങ്ങളുടെ പരിപാലനച്ചെലവിനത്തില് ഓരോ വര്‍ഷവും കമ്പനി 10,000 രൂപ ഈടാക്കും. മരം വിറ്റുകിട്ടുന്ന തുകയുടെ അഞ്ച് ശതമാനവും കമ്പനിക്ക് അവകാശപ്പെട്ടതായിരിക്കും.
രാജ്യത്ത് പ്രതിവര്‍ഷം 2,000 ടണ്ണിനു മുകളിലാണ് ചന്ദനത്തിനു ആവശ്യകത. എന്നാല്‍ ഉത്പാദനം 100 ടണ്ണില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ ചന്ദനക്കൃഷി പദ്ധതിക്ക് വലിയ സാധ്യതയാണ് ഉള്ളതെന്നും കമ്പനി ചെയര്മാന് പറയുന്നു. ചന്ദനത്തിന്റെ വേര്, വെള്ള, പൊടി, ചില്ല എന്നിവയ്ക്കും ഉയര്‍ന്ന ഡിമാന്റാണുള്ളതെന്നും അവകാശപ്പെടുന്നു. ഉറപ്പില്ലാത്ത ഈ പദ്ധതിക്ക് തല വെച്ചാൽ കാശു പോണ വഴിയറിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഏജൻ്റുമാരെ തേടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്ന പരസ്യം ഇതാണ് :
ജസ്പെയ്ഡ് റിയൽ എസ്റ്റേറ്റ് കമ്പനി വയനാട്ടിൽ കൃഷി ചെയ്യുന്ന ചന്ദന തോപ്പുകൾ പലിശ രഹിത EMI യിലൂടെ വാങ്ങുവാൻ താല്പര്യമുള്ള കുറച്ചുപേരെ കണ്ടെത്തുന്നവർക്ക് വെറും 23,000/- രൂപക്ക്, 15 ലക്ഷം രൂപ വിലയുള്ള പ്ലോട്ട് സ്വന്തമാക്കുവാൻ കഴിയും. അതിലൂടെ 2036 ആകുമ്പേഴേക്കും 13 കോടിയോളം രൂപ വരുമാനം ഉണ്ടാക്കുവാനും കഴിയും.


