എങ്ങും എംപുരാനാണ് ചർച്ച. സംഘ്‍വിരുദ്ധ പ്രമേയവുമായി തിയറ്ററുകളിലെത്തിയ എംപുരാൻ സംവിധായകൻ പൃഥ്വിരാജ് ഉദ്ദേശിച്ചപോലെ കേരളത്തിൽ ചർച്ചയായി. പൃഥ്വിരാജിന്റെ തന്ത്രമറിയാത്ത പാവങ്ങൾ കമന്റടിയും പോസ്റ്റിടലും വീഡിയോകളും റീൽസുമൊക്കെയായി പ്രചാരണം ഏറ്റുപിടിച്ചിരിക്കുകയാണ്. സത്യത്തിൽ ചുളുവിൽ പ്രമേയത്തിന്റെ ചൂടിൽ ഹിറ്റടിക്കാൻ നേരംനോക്കുകയാണ് എംപുരാൻ.
യോഗത്തിലും ചർച്ച
എന്തിന് ബിജെപി യോഗത്തിലും ചർച്ചാ വിഷയമായി മാറി എമ്പുരാന്റെ ഉള്ളടക്കമെന്നാണ് ചില റിപ്പോർട്ടുകൾ. ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമ ചർച്ചാ വിഷയമായി മാറിയതത്രെ.
ചിത്രത്തിന്റെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇന്ന് ഉയർന്നുവന്നത്. ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലായിരുന്നു ഈ ആവശ്യമെന്നാണ് സൂചന.
ചിത്രത്തിന്റെ സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നത്രെ.
എന്നാൽ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാൽ തൻ്റെ നല്ല സുഹൃത്താണെന്നായിരുന്നു യോഗത്തിനിടെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞതെന്നും പറയുന്നു.
ചർച്ചകൾക്കൊടുവിൽ എമ്പുരാനെതിരെ പ്രചാരണം വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു പാർട്ടി അംഗങ്ങൾ.
ചർച്ച ചെയ്തിട്ടില്ലെന്നു ബി ജെ പി
എന്നാൽ എംപുരാൻ സിനിമയെക്കുറിച്ചു കോർ യോഗത്തിൽ ചർച്ച ചെയ്തുവെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമെന്നു ബിജെപി. പാർട്ടി കോർ യോഗം എംപുരാൻ സിനിമയെ കുറിച്ചു ചർച്ച ചെയ്തിട്ടില്ലെന്നു ബി ജെ പി സംസ്ഥാന ജന സെക്രട്ടറി പി സുധീർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബിജെപി കോർ യോഗത്തിൽ ചർച്ച ചെയ്തത് എന്ന നിലയിൽ എംപുരാൻ സിനിമയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. ബിജെപി കോർ യോഗം എംപുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്ന് ബിജെപി അവശ്യപ്പെടുന്നു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6

എംപുരാൻ ബഹിഷ്കരിക്കാനും ആഹ്വാനം
അതേസമയം, സോഷ്യൽമീഡിയയിൽ എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
പൃഥ്വിരാജിനെ അൽസുഡു എന്നുവിളിച്ചാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. ‘അൽസുഡുവിൻ്റെ ആടുജീവിതം തുടങ്ങുന്നത് ഹലാൽ ഫ്ലാറ്റിൻ്റെ പരസ്യത്തിലൂടെയാണ്. പിന്നെ സിനിമയിൽ ഉയർന്നു വരാൻ ഒരേസമയം മട്ടാഞ്ചേരി മാഫിയയുടേയും ഏട്ടൻ്റേയും ഒപ്പം നടന്നു. പിന്നെപ്പിന്നെ ജിഹാദി ഫണ്ടിറക്കി ചെയ്തതെന്ന് സംശയിക്കപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമായി. രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ വരെ പരിഹസിക്കുന്ന ജനഗണമന പോലുള്ള സിനിമകൾ ചെയ്ത് സുഡാപ്പികളെ നിരന്തരം സന്തോഷിപ്പിച്ചു. ഗോധ്ര മറച്ചുവെച്ച് ഗുജറാത്ത് കലാപവും രാഷ്ട്രീയവും കുത്തിക്കലർത്തി. സുഡുക്കളും കമ്മികളും കൊങ്ങികളും ഏട്ടൻ്റെ ആരാധകരും സിനിമ കാണാൻ എത്തുമെന്ന് അൽസുഡു പ്രതീക്ഷിക്കുന്നു. “ആഗ്രഹം നല്ലതാണ്, പക്ഷെ നിൻ്റെ തന്തയല്ല എൻ്റെ തന്ത”. മിഷൻ സൗത്ത് ഇന്ത്യക്കാരുടെ ഫണ്ട് വാങ്ങി രാജ്യത്ത് കലാപം സൃഷ്ടിക്കാനും രാജ്യത്തെ വിഭജിക്കാനും ഇറങ്ങിത്തിരിക്കുന്നവർ അന്വേഷണം വരുമ്പോൾ ഇരവാദം മുഴക്കി മോങ്ങരുത്’- എന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി.

എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ
മുംബൈ ഐനോക്‌സില്‍ നിന്ന് ചിത്രം കണ്ട ശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്ലോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘എംപുരാന് ഓസ്‌കര്‍, ധൈര്യത്തിനുള്ളത്’, എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ: “സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസിറ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ട്. അത് എംപുരാനിൽ പൃഥ്വിരാജിന് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയവും നിലപാടും ആശയവുമൊക്കെ പറയുകയും, അതിശക്തമായി തന്നെ തീവ്ര വലതുപക്ഷം അടക്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ രാഷ്ട്രീയം മറച്ചുവെക്കാതെ പൃഥ്വിരാജ് ചെയ്തിട്ടുണ്ട്. ലൂസിഫറില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബിജെപിയുമെല്ലാം ബാലന്‍സ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കില്‍, ഇതിൽ കുറേക്കൂടി കടുത്ത രീതിയില്‍ ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആളുകളാണ് പിന്നീട് ഇന്ത്യ ഭരിക്കുന്നതെന്നും ബജ്‌റംഗി എന്ന പേര് തന്നെ പ്രധാനവില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമ എന്ന രീതിയില്‍ നന്നായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് സ്റ്റൈല്‍ മൂവി എന്ന് പറയാന്‍ കഴിയുന്ന രീതിയുണ്ട്. മുംബൈയിലും തിയറ്റര്‍ ഹൗസ്ഫുള്‍ ആയിരുന്നു. എല്ലാവരും ഉറപ്പായും സിനിമ കാണണം. മഞ്ജു വാര്യരുടെ വളരെ പവർ പാക്ക്ഡ് ആയിട്ടുള്ള പെർഫോമൻസ് ആണ്. കൂടുതൽ പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല. ടൊവിനോ വളരെ നന്നായിട്ടുണ്ട്.
പിന്നെ ഇതൊരു ഇന്റർനാഷ്ണൽ ലെവലിൽ ഒരു ഹോളിവുഡ് മൂവി എന്ന രീതിയിൽ തന്നെ നമുക്ക് പറയാൻ പറ്റും. മുംബൈയിലും സിനിമ ഹൗസ് ഫുൾ ആയിരുന്നു. കണ്ടു കഴിഞ്ഞ് ഐനോക്സിന്റെ മുന്നിൽ നിന്ന് തന്നെ ഒരു വിഡിയോ ചെയ്യാം എന്ന് കരുതി. നിങ്ങളെല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. ഈ സിനിമ ഒരു ഗ്രാൻഡ് സിനിമ ആണെന്നുള്ള പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
ഇതുവരെ നിങ്ങൾ എല്ലാവരും അറിഞ്ഞു കാണണം എന്ന് കരുതിയത് കൊണ്ട് പറയുകയാണ് പൃഥ്വിരാജിന്റെ സയ്ദ് മസൂദ് എന്ന കഥാപാത്രം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മാതാപിതാക്കളെ എല്ലാം നഷ്ടപ്പെട്ട, സഹോദരിമാരൊക്കെ അടക്കം ബലാത്സംഗം ചെയ്യപ്പെട്ട് അനീതിയിൽ നിന്നും ഉയർത്തെഴുന്നേൽക്കപ്പെട്ട ഒരാൾ എന്നെ നിലയിലാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
അതുപോലെ സയ്ദ് മസൂദിനെ അടക്കം കുറെ കുട്ടികളെ പാക്കിസ്ഥാനിലെ ലക്ഷ്കർ ഇ തൊയ്ബ സംഘങ്ങൾ കൊണ്ടുപോവുകയും അവിടെനിന്നാണ് മോഹൻലാലിന്റെ കഥാപാത്രം രക്ഷിക്കുന്നത് എന്നൊക്കെ പറയുന്നുണ്ട്. തിരിച്ച് അവനെ ഹിന്ദുസ്ഥാനിയായി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. ആ അർഥത്തിൽ വളരെ ബാലൻസ്ഡ് ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്.
മോഹൻലാലിന്റെ ഡ്രസ്സ് ഒക്കെ ഒരു ഹോളിവുഡ് സ്റ്റൈലിലാണ്. വിദേശത്തുനിന്ന് വന്ന് അഭിനയിച്ചവരെല്ലാം തന്നെ വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പെർഫോമൻസ് വളരെ നന്നായിട്ടുണ്ട്. ഒന്ന് രണ്ട് നല്ല പാട്ടുകൾ കൂടി ആകാമായിരുന്നു എന്ന് തോന്നി. എംപുരാനേ എന്ന പാട്ട് കുറച്ചുകൂടി നന്നായിട്ട് സിനിമയിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഞാൻ കൂടുതൽ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല.
നിങ്ങളെല്ലാവരും എന്തായാലും സിനിമ കാണുക. ഒന്ന് രണ്ടു ദിവസമായി ഞാൻ ഫിൻലാന്റിന്റെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾക്കായി ബോംബെയിലാണ്. അതുകൊണ്ടുതന്നെ ഇവിടെ ഐ നോക്സിൽ സിനിമ കാണാൻ കഴിഞ്ഞു. മലയാളികൾക്ക് ഇഷ്ടപ്പെടുമെന്നു സംശയമില്ല. രാഷ്ട്രീയപരമായി ചില വിയോജിപ്പുകൾ സിനിമയുമായി ബന്ധപ്പെട്ടു ഉണ്ടാകും അത് സ്വാഭാവികമാണ്.
പക്ഷേ ഇതിന്റെ കൗതുകം ഓർക്കുക, മോഹൻലാൽ അഭിനയിച്ച് ഭരത് ഗോപിയുടെ മകൻ മുരളി ഗോപി എഴുതി സുകുമാരന്റെ മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ്. അതുകൊണ്ട് ഇതിന്റെ പിന്നിൽ രാജ്യാന്തര തീവ്രവാദ ഇസ്ലാമിസ്റ്റ് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർഥവുമില്ല. യഥാർഥത്തിൽ വളരെകാലം മുൻപ് നടന്ന ആ കലാപത്തെ ഇൻവോക്ക് ചെയ്ത് ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്.
ഒരു ഹോളിവുഡ് രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത് എല്ലാവരും ഉറപ്പായിട്ടും ഈ സിനിമ കാണണം. ആ സിനിമയോട് വിയോജിപ്പുള്ള നമ്മുടെ സംഘപരിവാറിലെ സഹോദരങ്ങൾ കാണും. ഇല്ല എന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല. ബിജെപിയെ വളരെ ശക്തമായി പേരെടുത്ത് പറഞ്ഞു തന്നെ ആക്രമിച്ചിട്ടുണ്ട്. നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എൻഐഎയെയും അടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്.
മുരളി ഗോപി, പൃഥ്വിരാജ് മോഹൻലാൽ എന്നിവർക്കുള്ള ധൈര്യം വളരെ വലുതാണ്. കാരണം ഇത്രയും വലിയ സ്വാധീനമുള്ള ദേശീയ ഏജൻസികൾ ഒക്കെ ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി പറയുന്നത് വലിയ ധൈര്യമാണ്. അപ്പോൾ എന്തായാലും എംപുരാൻ കാണുക, ഈ സിനിമ ഒരു സ്റ്റേറ്റ്മെന്റ് ആണ്. മലയാള സിനിമ ഇതോടുകൂടി ഏറ്റവും വലിയ സിനിമ മേഖലയായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.’’–രാഹുൽ ഈശ്വർ പറഞ്ഞു.



